സംസ്ഥാനത്തെ മഴക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ഭക്ഷണവിതരണത്തിലെ വീഴ്ചയും ആശങ്കപ്പെടുത്തുന്നതാണെന്നും, സർക്കാർ സംവിധാനങ്ങൾ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉണ്ടായ വീഴ്ചകൾ കൃത്യമായി പരിശോധിച്ച് അവ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചു.

ദുരന്തബാധിതരായ ആളുകൾക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിതമായ താമസം, അർഹമായ നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിന്റെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.