കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നൽപ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയും, വടക്കൻ കർണാടക മുതൽ കന്യാകുമാരി വരെയും വ്യാപിച്ചുകിടക്കുന്ന ന്യൂനമർദ്ദപാത്തികളുടെയും മധ്യ രാജസ്ഥാനിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി ഓഗസ്റ്റ് 1 വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള അതിശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നാളെ (തിങ്കളാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.
മലയോര മേഖലകളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും ദുരന്തനിവാരണ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
