സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്തനിവാരണ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ യുഡിഎഫ് സർക്കാർ ഗുരുതര വീഴ്ച വരുത്തിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനം മാസ്റ്റർ ആരോപിച്ചു. ദുരന്തസാഹചര്യങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകളും സഹായങ്ങളും നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയിൽ എത്ര പേർ മരിച്ചുവെന്നതും ഏത് പ്രദേശങ്ങളിലാണ് ജനങ്ങൾ ദുരിതമനുഭവിക്കുന്നതെന്നും സംബന്ധിച്ച ചോദ്യങ്ങൾക്ക് പോലും വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. ദുരന്തം സംഭവിച്ച ശേഷവും ഫലപ്രദമായ ഇടപെടലുകൾ നടത്താതെ സർക്കാർ ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
കാലാവസ്ഥാ മുന്നറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിലും സർക്കാർ സംവിധാനങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തസാഹചര്യങ്ങളെക്കുറിച്ച് ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി പരിഹസിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.
കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫ് സർക്കാർ പ്രകൃതിദുരന്തങ്ങളെ എത്രത്തോളം കാര്യക്ഷമമായി നേരിട്ടുവെന്നത് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സമയോചിതമായ ഇടപെടലുകളും ഏകോപിത പ്രവർത്തനങ്ങളുമാണ് അന്ന് ഉണ്ടായിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിലവിലെ മഴക്കെടുതി സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും ദുരിതബാധിതരെ സഹായിക്കാനും യുഡിഎഫ് സർക്കാരിന് കഴിയുന്നില്ലെന്നാണ് വ്യക്തമായിരിക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. അതേസമയം, എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ യുഡിഎഫ് സ്വീകരിച്ചിരുന്ന രാഷ്ട്രീയ സമീപനം ഇപ്പോൾ എൽഡിഎഫ് സ്വീകരിക്കുന്നില്ലെന്നും ദുരിതസമയത്ത് ജനങ്ങൾക്കൊപ്പമാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
