ഗതാഗത മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തിനെതിരെ മുൻമന്ത്രി പി. രാജീവ് രംഗത്ത്. ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ച് തുപ്പുന്നതിന് സമാനമായ സമീപനമാണ് മന്ത്രി സ്വീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിലെ സ്ത്രീ സമൂഹത്തെ ഇത്രയും പരസ്യമായി ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്നും രാജീവ് ആരോപിച്ചു.

സ്ത്രീകളോട് അഭിമാനത്തോടെ യാത്ര ചെയ്യാൻ ആഹ്വാനം ചെയ്ത സർക്കാർ ഇപ്പോൾ അതേ സ്ത്രീകളെ അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പരാമർശങ്ങൾ വരുന്നതെന്നും രാജീവ് കുറ്റപ്പെടുത്തി. സ്ത്രീകളെ അപമാനിച്ച മന്ത്രി സ്ഥാനത്ത് തുടരേണ്ടതുണ്ടോയെന്ന് കേരളം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികൾക്ക് ഫണ്ടിംഗ് നടത്തിയവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള പ്രതികരണമാണ് മന്ത്രിയിൽ നിന്ന് ഉണ്ടായതെന്നും എല്ലാ മേഖലകളും സ്വകാര്യവൽക്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയാണെന്നും രാജീവ് ആരോപിച്ചു. അധികാരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സർക്കാരായി യുഡിഎഫ് മാറിയതായും അദ്ദേഹം വിമർശിച്ചു.