സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുന്നത്. അതേസമയം, നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ നാളത്തേക്ക് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

മഴ മുന്നറിയിപ്പ് പിൻവലിച്ചാലും മലയോര മേഖലകളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരും ശ്രദ്ധ പാലിക്കണം.

കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലും ജാഗ്രത നിർദേശം നിലനിൽക്കുകയാണ്.