ഇടുക്കി തൊടുപുഴയിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കടുത്ത അച്ചടക്ക നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രണ്ട് പ്രമുഖ യൂത്ത് ലീഗ് ഭാരവാഹികളെ പുറത്താക്കി. യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി അൻഷാദ് കുറ്റിയാനിയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. എം. ബാവയും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ ആഴ്ച തൊടുപുഴയിൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എം. സലീമിനെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിച്ചതാണ് നടപടിക്ക് കാരണമായത്. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി പ്രവർത്തനങ്ങളിലെ തർക്കങ്ങളാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് സൂചന.
സംഭവം പാർട്ടി നേതൃത്വം ഗൗരവമായി പരിശോധിച്ച ശേഷം ഗുരുതരമായ അച്ചടക്ക ലംഘനം നടന്നതായി കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.
പാർട്ടി നേതൃത്വത്തിന്റെ നിർദേശങ്ങൾ അവഗണിച്ച് പൊതുവേദിയിൽ മുതിർന്ന നേതാവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് സംഘടനയുടെ അച്ചടക്കത്തിന് വിരുദ്ധമാണെന്ന് നേതൃത്വം വിലയിരുത്തി. ഇതേത്തുടർന്നാണ് ഉടനടി നടപടി സ്വീകരിച്ചതെന്നാണ് വിവരം.
