കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും രാജ്യസഭാംഗവുമായ ഡോ. ജോൺ ബ്രിട്ടാസ്. കമ്മ്യൂണിസ്റ്റുകാർ ഭീരുക്കളാണെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. പാർലമെന്റിൽ എത്താതെ ഭയന്ന് ഓടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അനുയായിയാണ് നിർമല സീതാരാമനെന്ന് ബ്രിട്ടാസ് ആരോപിച്ചു.

ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകിയ വിനായക് ദാമോദർ സവർക്കറുടെ അനുയായികളിൽ നിന്ന് ഇത്തരമൊരു പരാമർശം ഉയരുന്നതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇൻക്വിലാബ്’ വിളിച്ചുകൊണ്ട് വധശിക്ഷയിലേക്ക് ധീരമായി നടന്നുപോയ ചരിത്രമാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളതെന്നും ബ്രിട്ടാസ് ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം പാർലമെന്റിൽ ഉന്നയിച്ച പ്രധാന ചോദ്യങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമായ മറുപടി നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, യു.പി.ഐ ഇടപാടുകൾക്ക് സേവനനിരക്ക് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെയും ബ്രിട്ടാസ് ശക്തമായി വിമർശിച്ചു.

നിലവിലെ തീരുമാനങ്ങൾ ഭാവിയിൽ യു.പി.ഐ സേവനങ്ങൾക്ക് നിരക്ക് ഈടാക്കുന്നതിനുള്ള ‘ബ്ലാങ്ക് ചെക്ക്’ ആണെന്ന് അദ്ദേഹം പറഞ്ഞു. ചെറിയൊരു വിഭാഗത്തെ മാത്രമേ ഇത് ബാധിക്കുകയുള്ളൂവെന്ന വാദം ജനങ്ങളെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് കച്ചവടക്കാർക്ക് മാത്രമേ ബാധകമാകൂ, ഉപഭോക്താക്കളെ ബാധിക്കില്ല എന്ന കേന്ദ്ര സർക്കാരിന്റെ വാദവും ബ്രിട്ടാസ് ചോദ്യം ചെയ്തു. കച്ചവടക്കാർക്ക് മേൽ ചുമത്തുന്ന സാമ്പത്തിക ബാധ്യത ഒടുവിൽ ഉപഭോക്താക്കളിലേക്ക് കൈമാറപ്പെടുമെന്നത് ലോകമെമ്പാടുമുള്ള അനുഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.