സർക്കാരിനെതിരെ വിമർശനമുന്നയിച്ച തന്റെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കാർഡുകൾ മെറ്റ നീക്കം ചെയ്തതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കേന്ദ്ര സർക്കാർ മെറ്റയെ ഉപയോഗിച്ച് സ്വീകരിക്കുന്ന നടപടികളുടെ സമാന മാതൃകയാണ് കേരളത്തിലും ആവർത്തിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
ജന്തർ മന്ദിർ സമരവുമായി ബന്ധപ്പെട്ട വീഡിയോയ്ക്കും നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും, കേന്ദ്രത്തിന്റെ ആവശ്യപ്രകാരമാണ് മെറ്റ അത്തരം നടപടികൾ സ്വീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന ഉള്ളടക്കങ്ങൾക്കും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി അദ്ദേഹം ആരോപിച്ചു.
‘ഓപ്പറേഷൻ തൂഫാൻ’ കേസുമായി ബന്ധപ്പെട്ട അറസ്റ്റുകൾ സർക്കാർ മറച്ചുവെക്കുകയാണെന്നും, വസ്തുതാപരമായ വാർത്തകൾ പോലും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത് ആശങ്കാജനകമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത്തരത്തിലുള്ള നടപടികളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് തന്റെ സംശയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാരിനെതിരായ വാർത്തകളും വീഡിയോകളും ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമാകാത്ത തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തി. കൈരളി ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ നിന്നുള്ള ചില പോസ്റ്റുകൾ ഉൾപ്പെടെ നിരവധി ഉള്ളടക്കങ്ങൾ മെറ്റ നീക്കം ചെയ്തതായും ഇടത് അനുകൂല പ്രൊഫൈലുകളിലെ പോസ്റ്റുകൾക്കും സമാന നടപടി നേരിട്ടതായും ആരോപണമുണ്ട്.
ഐടി ചട്ടങ്ങളുടെ മറവിൽ സർക്കാർ വിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ മെറ്റയെ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിഷയത്തിൽ മെറ്റയുടെയോ സർക്കാരിന്റെയോ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
