സർക്കാരിനെതിരെ വിമർശനമുന്നയിച്ച തന്റെ വാർത്താസമ്മേളനത്തിലെ സോഷ്യൽ മീഡിയ കാർഡുകൾ മെറ്റ നീക്കം ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അടിയന്തരാവസ്ഥക്കാലത്തെ പോലെ അധികാരത്തിന്റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തി ‘ഓപ്പറേഷൻ തൂഫാൻ’ നടപടിക്കിടെ നിയമത്തിന് മുന്നിൽ വന്നതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിനെതിരെ നടത്തിയ തന്റെ പത്രസമ്മേളനത്തിലെ പ്രസ്താവനയും ജനങ്ങളിൽ എത്താതിരിക്കാൻ അപ്രഖ്യാപിത സോഷ്യൽ മീഡിയ സെൻസർഷിപ്പ് ഏർപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

ലഹരിവിപത്തിനെതിരായ നടപടികളെ പ്രതിപക്ഷം ഒരിക്കലും എതിർത്തിട്ടില്ലെന്നും വലിയ സാമൂഹിക ദുരന്തത്തിനെതിരായ ഏത് നടപടിയും സ്വാഗതാർഹമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഒരാൾ പിടിയിലായതോടെ സർക്കാർ നിലപാട് മാറിയോയെന്ന സംശയം ഉയരുന്നുവെന്നും, അതുമായി ബന്ധപ്പെട്ട വാർത്തകൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് കാണാനാകാത്ത രീതിയിൽ നിയന്ത്രിക്കപ്പെടുന്നതായും അദ്ദേഹം ആരോപിച്ചു.

പുറത്ത് ‘ഓപ്പറേഷൻ തൂഫാൻ’ ആഘോഷമാക്കുമ്പോൾ അകത്ത് ലഹരിക്കടത്തുകാർക്ക് സംരക്ഷണം നൽകുന്നുവെന്ന തോന്നലാണ് ഇത്തരം നടപടികൾ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളിക്ക് ഈ തരത്തിലുള്ള സംരക്ഷണം ലഭിക്കുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അറിവോടെയാണോയെന്ന് ചോദിച്ച അദ്ദേഹം, ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.

ഓപ്പറേഷൻ തൂഫാനിലൂടെ രാഷ്ട്രീയഭേദമില്ലാതെ കോൺഗ്രസ് നേതാക്കളടക്കമുള്ളവർക്കെതിരെ നടപടിയെടുത്തത് ലഹരിക്കെതിരായ ശക്തമായ സന്ദേശമായി മാറുമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങി ആ നീക്കം പ്രഹസനമാകുകയാണെന്ന സന്ദേശമാണ് പുറത്തുപോകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. നിയമവാഴ്ചയും നീതിബോധവും സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ലഹരിക്കടത്തുകാർക്ക് സംരക്ഷണം നൽകുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.