സോഷ്യൽ മീഡിയയിൽ നിന്ന് കൈരളി ന്യൂസിന്റെ വാർത്താ കാർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണത്തിനെതിരെ മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്ത്. മെറ്റ പിൻവലിച്ച കൈരളി ന്യൂസിന്റെ കാർഡുകൾ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം.
“താൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ? വാർത്തകൾ കണ്ടപ്പോൾ താൻ ഒരു ഭയങ്കര സംഭവം തന്നെയാണെന്ന് തോന്നി” എന്നായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. തുടർന്ന്, നീക്കം ചെയ്ത കൈരളിയുടെ കാർഡുകൾ വാട്‌സ്ആപ്പിലെ മെറ്റ എഐയ്ക്ക് നൽകി പരിശോധിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ തോമസ് ഐസക് പുറത്തുവിട്ട കുറിപ്പിൽ, മെറ്റ എഐയുടെ മറുപടി ചൂണ്ടിക്കാട്ടി ആരോപണങ്ങൾ ശക്തമാക്കി. “ഞാൻ നിങ്ങൾ അപ്‌ലോഡ് ചെയ്ത ഒമ്പത് ചിത്രങ്ങളും പരിശോധിച്ചു. ഇവ കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട 2026 ഓഗസ്റ്റിലെ കൈരളി ന്യൂസ് ഗ്രാഫിക്സുകളാണ്” എന്നാണ് മെറ്റയുടെ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ ചിത്രങ്ങൾ മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഇല്ല, പ്രധാന കമ്മ്യൂണിറ്റി മാനദണ്ഡങ്ങളൊന്നും ലംഘിക്കുന്നതായി കാണുന്നില്ല” എന്നായിരുന്നു മറുപടി. അക്രമം, നഗ്നത, വെറുപ്പ് ഉളവാക്കുന്ന ഉള്ളടക്കം, അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ, രക്തരൂക്ഷിത രംഗങ്ങൾ എന്നിവ ചിത്രങ്ങളിലില്ലെന്നും എല്ലായിടത്തും ‘kairalinews’ വാട്ടർമാർക്കും തീയതിയും വ്യക്തമാക്കിയിട്ടുണ്ടെന്നും മെറ്റ സൂചിപ്പിച്ചതായി തോമസ് ഐസക് പറഞ്ഞു.
ഇവ വ്യാജ ദൃശ്യങ്ങളോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അല്ലെന്നും രാഷ്ട്രീയ വിമർശനങ്ങളാണെന്നുമാണ് മെറ്റ വിശദീകരിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. തുടർന്ന് ഇതേ വിഷയത്തിൽ ഗൂഗിൾ ജെമിനിയോടും വിശദീകരണം തേടിയതായും അദ്ദേഹം പറഞ്ഞു.
ചിത്രങ്ങളോ ഉള്ളടക്കമോ മെറ്റയുടെ ആഗോള നയങ്ങൾ ലംഘിച്ചതിനാലല്ല, മറിച്ച് പ്രാദേശിക അധികാരികളിൽ നിന്ന് ലഭിച്ച നിയമപരമായ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ജിയോ-ബ്ലോക്ക് ചെയ്യപ്പെട്ടതോ നിയന്ത്രിക്കപ്പെട്ടതോ ആയതെന്നാണ് ജെമിനി സൂചിപ്പിച്ചതെന്ന് തോമസ് ഐസക് ആരോപിച്ചു.
“നിങ്ങൾ നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലായിരിക്കാം. എന്നാൽ നിങ്ങൾ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ ഇടപെടലിന്റെ ഫലമായാണ് ഇത് സംഭവിച്ചത്. ബിജെപി കൊണ്ടുവന്ന നിയമം ഉപയോഗിച്ച് നൽകിയ നിർദേശം പിൻവലിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്,” എന്നും അദ്ദേഹം വിമർശിച്ചു. “പൊട്ടൻ കളിക്കരുത്” എന്ന പരാമർശവും അദ്ദേഹം കുറിപ്പിൽ ഉന്നയിച്ചു.
സംഭവം ജനാധിപത്യവിരുദ്ധമാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും തോമസ് ഐസക് ആരോപിച്ചു. മെറ്റ നീക്കം ചെയ്തതായി പറയുന്ന കാർഡുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
