കേരളത്തിന്റെ ഗതാഗതരംഗത്ത് വലിയ മാറ്റം പ്രതീക്ഷിക്കപ്പെടുന്ന ദേശീയപാത 66 വികസന പദ്ധതി വീണ്ടും വൈകുമെന്ന് സൂചന. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള പാതയുടെ വിവിധ റീച്ചുകളിലെ നിർമാണം 2027-28 കാലയളവിലേക്കാണ് നീണ്ടുപോകുന്നത്. പുതുതായി നിർദേശിച്ച വയഡക്ടുകൾക്ക് കരാർ നൽകാത്തതും പല ഭാഗങ്ങളിലെ നിർമാണ പുരോഗതി മന്ദഗതിയിലായതുമാണ് പ്രധാന കാരണം.

കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിൽ 12 വയഡക്ടുകൾ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും അവ പൂർത്തിയാകാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ പ്രതിസന്ധി, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കരാറുകാർ എന്നിവയും പദ്ധതിയുടെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ കാലതാമസം നേരിടുന്ന റീച്ചുകളിൽ ചിലത് 2028-ലാണ് പൂർത്തിയാകുക. അഴിയൂർ–വെങ്ങളം ഭാഗം 2028 മാർച്ചിലും തളിപ്പറമ്പ്–മുഴപ്പിലങ്ങാട് ഭാഗം 2028 ഏപ്രിലിലും പൂർത്തിയാകുമെന്നാണ് നിലവിലെ കണക്ക്. ഇതോടെ ദേശീയപാത വികസനം പൂർത്തിയാകാൻ കാത്തിരിക്കുന്ന യാത്രക്കാർക്ക് ഇനിയും ദീർഘകാലം ദുരിതം സഹിക്കേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്.