നടനും ബിജെപി നേതാവുമായ ദേവൻ പാർട്ടി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും ദേവൻ അറിയിച്ചു.
ഗുരുദേവന്റെ ആശയങ്ങളും ദർശനങ്ങളുമാണ് തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ അടിസ്ഥാനമെന്നും, എന്നാൽ അവ പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ചില ബുദ്ധിമുട്ടുകൾ നേരിട്ടതായും ദേവൻ വെളിപ്പെടുത്തി.
2004-ൽ ‘നവകേരള പീപ്പിൾസ് പാർട്ടി’ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ദേവൻ, പിന്നീട് കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ആ പാർട്ടി ബിജെപിയിൽ ലയിപ്പിച്ചത്. കേരളത്തിന്റെ വികസനമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് അന്ന് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.
അതേസമയം, 2004-ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിയായി ദേവൻ ജനവിധി തേടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ രാജി കേരള ബിജെപിയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
