ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡുവിന് കത്തയച്ചു.

അവധിക്കാലവും ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകൾ തുറക്കുന്നതും കാരണം ആയിരക്കണക്കിന് പ്രവാസി മലയാളികൾ യാത്ര ചെയ്യേണ്ട സാഹചര്യമാണ്. ഈ അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ സാധാരണ നിരക്കിന്റെ അഞ്ചും ആറും മടങ്ങ് വരെ ഈടാക്കുകയാണെന്ന് കത്തിൽ ആരോപിച്ചു.

സാധാരണ 6,000 മുതൽ 12,000 രൂപ വരെ വരുന്ന ടിക്കറ്റുകൾ ഇപ്പോൾ അമിത നിരക്കിലാണ് ലഭിക്കുന്നത്. പല കേരള-ഗൾഫ് റൂട്ടുകളിലും ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്ക് 1.17 ലക്ഷം രൂപ കടന്നതായും ചില സന്ദർഭങ്ങളിൽ 1.5 ലക്ഷം രൂപയിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഗൾഫ് നഗരങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഏകദേശം 30,000 രൂപയ്ക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ ഇത്രയും ഉയർന്ന നിരക്ക് ഈടാക്കുന്നതെന്നും കത്തിൽ പറയുന്നു. കേരള-ഗൾഫ് റൂട്ടുകളിലെ നിരക്ക് നിർണയ രീതികളെക്കുറിച്ച് ഇത് ഗൗരവമായ ആശങ്ക ഉയർത്തുന്നതായും പിണറായി വിജയൻ വ്യക്തമാക്കി.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രവാസി സമൂഹത്തിന്റെ സംഭാവന വളരെ വലുതാണെന്നും കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്നവർക്ക് അമിത വിമാന നിരക്ക് കാരണം കടം വാങ്ങേണ്ടിവരുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയും അടിയന്തരമായി ഇടപെടണമെന്നും കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വിമാനക്കമ്പനികളുടെയും അധികൃതരുടെയും യോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യമായിടത്ത് ചാർട്ടേഡ് സർവീസുകൾ ഉൾപ്പെടെ ഏർപ്പെടുത്താൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.