നെഹ്‌റു ട്രോഫി ജലമേളയുടെ പോസ്റ്റർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. തന്റെ പേരും ചിത്രവും ഉൾപ്പെടുത്താതെയാണ് ആദ്യ പോസ്റ്റർ പുറത്തിറക്കിയതെന്ന ആരോപണത്തെ തുടർന്നാണ് എം.പിയുടെ പ്രതിഷേധം.
നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നത് കൊടിക്കുന്നിൽ സുരേഷിന്റെ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണെങ്കിലും, സാംസ്കാരിക പരിപാടിയുടെ അറിയിപ്പിനായി തയ്യാറാക്കിയ പോസ്റ്ററിൽ അദ്ദേഹത്തെ പൂർണമായും ഒഴിവാക്കിയിരുന്നു. അതേസമയം, ജില്ലയിലെ മുഴുവൻ എം.എൽ.എമാരുടെയും മന്ത്രിമാരുടെയും കെ.സി. വേണുഗോപാൽ എം.പിയുടെയും ചിത്രങ്ങൾ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു.
സംഭവം വിവാദമായതോടെ പോസ്റ്റർ നിർമ്മാണത്തിൽ വീഴ്ച സംഭവിച്ചതായി നഗരസഭയും സംഘാടക സമിതിയും സമ്മതിച്ചു. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി പുതിയ പോസ്റ്റർ തയ്യാറാക്കിയതായി കൾച്ചറൽ കമ്മിറ്റി കൺവീനർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
എന്നാൽ, പിഴവ് തിരുത്തിയ പുതിയ പോസ്റ്റർ സമയബന്ധിതമായി പുറത്തിറക്കാത്തതിൽ എം.പിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്. പോസ്റ്റർ വിവാദം ജലമേളയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
