ലോക് ഭവനിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ. അതിനുള്ള അധികാരം തനിക്കുണ്ടെന്നും ഭരണഘടനയെക്കുറിച്ചുള്ള തന്റെ അറിവിന്റെ അടിസ്ഥാനത്തിൽ അത്തരമൊരു നിലപാടാണ് താൻ സ്വീകരിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി.

മോഹൻ കുന്നുമ്മൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായ സർക്കാരിന്റെ നിലപാടും ഗവർണർ തള്ളി. സർവകലാശാല വൈസ് ചാൻസലർമാർ എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ അത് തന്റെ ശ്രദ്ധയിൽപ്പെടുത്തട്ടെ, അപ്പോൾ താൻ അതിന് മറുപടി നൽകാമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരും ഗവർണർ എന്ന ഭരണഘടനാ സ്ഥാപനവും തമ്മിൽ സൗഹാർദ്ദപരമായ ബന്ധം നിലനിൽക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ, ഗവർണർ പദവിയെ ആദരവോടെ കാണണമെന്നും അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനാ നിർമാതാക്കൾ സർവകലാശാലകളെ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് പുറത്തു നിർത്തി ഗവർണർമാർക്ക് ചുമതല നൽകിയതെന്നും രാജേന്ദ്ര ആർലേക്കർ കൂട്ടിച്ചേർത്തു.