എൻഡിആർഎഫ് ഫണ്ടിൽ സംസ്ഥാനങ്ങൾക്ക് കൈമാറാൻ അംഗീകരിച്ച തുകയുടെ 53 ശതമാനവും ചെലവഴിക്കാതെ കേന്ദ്രസർക്കാർ. വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ മേഖലയിൽ 2024ൽ ഉണ്ടായ പ്രകൃതിദുരന്തത്തിന് കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം ഇപ്പോഴും ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ സിഎജി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഗുരുതര സ്വഭാവമുള്ള ദുരന്തങ്ങൾക്ക് സഹായധനമായി 2024-25 സാമ്പത്തിക വർഷത്തിൽ എൻഡിആർഎഫിൽ നിന്ന് 11,474 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിൽ 5,356 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയത്. ബാക്കി 6,117.97 കോടി രൂപ ‘സേവിങ്‌സ്’ വിഭാഗത്തിലേക്ക് മാറ്റിയതായി 2024-25 വർഷത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പ്രകൃതിദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മതിയായ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന വിമർശനം ഉയരുന്നതിനിടെയാണ് എൻഡിആർഎഫ് ഫണ്ടിലെ പകുതിയിലധികവും വിനിയോഗിച്ചിട്ടില്ലെന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നത്.
ദേശീയ ദുരന്ത ലഘൂകരണ നിധിയായ എൻഡിഎംഎഫിൽ വകയിരുത്തിയ തുകയുടെ 75 ശതമാനവും സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേക സഹായങ്ങൾക്കായി വകയിരുത്തിയ തുകയുടെ 83 ശതമാനത്തിലധികവും സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
