ബേപ്പൂർ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എംഎൽഎ. പി.വി. അൻവറിനെതിരെ താൻ യാതൊരു പരാമർശവും നടത്തിയിട്ടില്ലെന്നും അൻവറുമായി അടുത്ത ബന്ധമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണിയുടെ ഭാഗമായിരിക്കുന്നിടത്തോളം കാലം പി.വി. അൻവറുമായി സഹകരിച്ചുതന്നെ മുന്നോട്ടുപോകുമെന്നും പ്രവീൺകുമാർ പറഞ്ഞു. ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രവർത്തകരുടെ വികാരമാണ് പങ്കുവെച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
കൈപ്പത്തി അല്ലെങ്കിൽ കോണി ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിൽ വിജയം നേടാനാകുമായിരുന്നു എന്നാണ് താൻ പറഞ്ഞത്. അതേ ചിഹ്നത്തിൽ പി.വി. അൻവർ മത്സരിച്ചിരുന്നാലും വിജയിക്കുമായിരുന്നു എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവറുമായി വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചില്ലെന്നും പ്രവീൺകുമാർ പറഞ്ഞു. ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി തലത്തിൽ പരിശോധിച്ചുവരികയാണെന്നും പി.വി. അൻവറിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
