സര്‍ക്കാര്‍ ഫണ്ടുകളുടെ അഭാവത്തെ തുടര്‍ന്ന് പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന സാഹചര്യം രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പി.ബി. വരാലെ. 2027 ലെ കുംഭമേളയ്ക്കായി നീക്കിവെച്ചിരിക്കുന്ന വന്‍തുകയുടെ 0.1 ശതമാനം പോലും വിദ്യാഭ്യാസ മേഖലയിലേക്ക് മാറ്റിവെച്ചിരുന്നെങ്കില്‍ മഹാരാഷ്ട്രയിലെ നൂറ്റമ്പതോളം മറാഠി മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാനാകുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നാസിക് ജില്ലയിലെ താന്‍ പഠിച്ച പഴയ സ്‌കൂള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് വരാലെയുടെ പ്രതികരണം. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കൊപ്പം വിദ്യാഭ്യാസ മേഖലയിലും മതിയായ നിക്ഷേപം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ ഭൗതിക വികസന പദ്ധതികള്‍ക്കൊപ്പം വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കും മുന്‍ഗണന നല്‍കണം. പഠന നിലവാരം ഉയര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
2027 ലെ കുംഭമേളയുടെ ഭാഗമായി നാസിക്, ത്രയംബകേശ്വര്‍ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വന്‍തുക ചെലവഴിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വികസന പദ്ധതികള്‍ക്കും വിവിധ മതസ്ഥാപനങ്ങള്‍ക്കുമുള്ള ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മതപരമോ ആത്മീയമോ ആയ വികസന പദ്ധതികള്‍ക്ക് താന്‍ എതിരല്ലെന്ന് ജസ്റ്റിസ് വരാലെ വ്യക്തമാക്കി. എന്നാല്‍ ഇത്തരം പദ്ധതികള്‍ക്കായി നീക്കിവെക്കുന്ന തുകയുടെ ചെറിയൊരു വിഹിതമെങ്കിലും പൊതുവിദ്യാഭ്യാസത്തിനായി വിനിയോഗിച്ചിരുന്നെങ്കില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിക്കുന്ന നിരവധി വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
