ബിഹാറിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനുപകരം സർക്കാർ പൊലീസിനെ ആയുധമാക്കുകയാണെന്നും ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവുമാണ് മറുപടിയായി നൽകുന്നതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചുവയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന എൻഎസ്‌യുഐയുടെ ആരോപണം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. ബിഹാറിലെ വിദ്യാർഥികൾ വളരെ വ്യക്തമായ ചില ചോദ്യങ്ങളാണ് ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“നിയമന പരീക്ഷകളിൽ എന്തുകൊണ്ടാണ് തുടർച്ചയായി ക്രമക്കേടുകൾ ഉണ്ടാകുന്നത്? ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ആരോപണങ്ങളിൽ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? യുവജനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട ഈ കളികൾ ഇനിയും എത്രകാലം തുടരും?” എന്നിങ്ങനെയാണ് രാഹുൽ ഗാന്ധി ചോദിച്ചത്.

ബിപിഎസ്‌സി പരീക്ഷകളെ ചൊല്ലിയുള്ള വിവാദം പുതുതായി തുടങ്ങിയതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമന നടപടികൾ, പരീക്ഷാ സംവിധാനം, ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം, സുതാര്യതയില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾ ദീർഘകാലമായി പ്രതിഷേധം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

“വിദ്യാർഥികളുടെ ആശങ്കകൾക്ക് മറുപടി നൽകുന്നതിനുപകരം അവരെ കസ്റ്റഡിയിലെടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് വെറും പൊലീസ് നടപടിയുടെ പ്രശ്നമല്ല, ബിജെപി സർക്കാരിന്റെ മനോഭാവത്തിന്റെ പ്രതിഫലനമാണ്,” രാഹുൽ ഗാന്ധി ആരോപിച്ചു.

ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്തതിനാലാണ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഉപാധിയായി പൊലീസിനെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ലാത്തിച്ചാർജ് നടത്തിയതുകൊണ്ട് ഉയരുന്ന ചോദ്യങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും ഭയം സൃഷ്ടിച്ച് യുവജനങ്ങളുടെ ഭാവി തട്ടിയെടുക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

“ബിഹാറിലെ വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. ഇപ്പോൾ അവർ ആവശ്യപ്പെടുന്നത് വെറും ഉത്തരങ്ങൾ മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.