പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് ബേപ്പൂർ നിയോജക മണ്ഡലത്തിൽ അൻവറിനെ യുഡിഎഫ് സ്ഥാനാർഥിയാക്കേണ്ടിയിരുന്നില്ലെന്ന് മുല്ലപ്പള്ളി തുറന്നടിച്ചു. കോഴിക്കോട് ഡിസിസി അധ്യക്ഷൻ അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ അൻവറിന്റെ സ്ഥാനാർഥിത്വത്തെ വിമർശിച്ച അതേ വേദിയിലായിരുന്നു മുല്ലപ്പള്ളിയുടെയും പ്രതികരണം.

ബേപ്പൂരിൽ യുഡിഎഫ് പരാജയപ്പെടാൻ പ്രധാന കാരണം പി.വി. അൻവർ സ്ഥാനാർഥിയായതാണെന്ന പരസ്യ വിമർശനം നേരത്തെ കെ. പ്രവീൺകുമാർ ഉന്നയിച്ചിരുന്നു. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാണ് അൻവർ ബേപ്പൂരിൽ മത്സരരംഗത്തെത്തിയതെന്നും അപ്പോഴേ യുഡിഎഫിന്റെ തോൽവി ഉറപ്പിച്ചുവെന്നാണ് താൻ കരുതിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

വടകരയിൽ നടന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടുകൾ അവഗണിച്ചുകൊണ്ടാണ് അൻവർ സ്ഥാനാർഥിത്വം ഉറപ്പിച്ചതെന്നും അതിന്റെ പ്രത്യാഘാതമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പി.വി. അൻവർ രംഗത്തെത്തി. “ചതിച്ചത് ചന്തു തന്നെ” എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം. “ഞങ്ങളെ ചതിച്ചത് തന്നെയെന്ന് തുറന്നു പറയാൻ ധൈര്യമില്ലാത്തവർ ഇനിയും പറയട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുല്ലപ്പള്ളിയുടെയും ഡിസിസി അധ്യക്ഷൻ പ്രവീൺകുമാറിന്റെയും പരസ്യ വിമർശനങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസിനകത്തും യുഡിഎഫ് രാഷ്ട്രീയ വൃത്തങ്ങളിലുമുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവായിരിക്കുകയാണ്.