ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ സംവിധാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദിവസേന മുഖ്യമന്ത്രിയെ കാണാമായിരുന്ന സംവിധാനം മാറ്റി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലേക്ക് മാത്രമായി ചുരുക്കിയതോടെ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം പരിമിതപ്പെടും.
സന്ദർശകരുടെ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ ക്രമീകരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാൽ, വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അവതരിപ്പിക്കാനുള്ള അവസരം ഇനി നിശ്ചിത മൂന്ന് ദിവസങ്ങളിലേക്ക് മാത്രമായി ചുരുങ്ങും.
സെപ്റ്റംബർ 2 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. വൈകിട്ട് 3 മുതൽ 5.30 വരെയാണ് സന്ദർശകർക്കുള്ള സമയം. മുഖ്യമന്ത്രി ഇല്ലാത്ത ദിവസങ്ങളിൽ പരാതി പരിഹാര സെല്ലിൽ ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കുമെങ്കിലും, മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം മൂന്ന് ദിവസങ്ങളിൽ മാത്രമായിരിക്കും.
