മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ കോൺഗ്രസ് പ്രവർത്തകൻ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചേന്തി അനിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.
അതിനിടെ, ചേന്തി അനിലിന്റെ ശബ്ദസാംപിൾ ഇന്ന് ശേഖരിച്ചു. തിരുവനന്തപുരം എഫ്എസ്എൽ ലാബിലാണ് ശബ്ദസാംപിൾ ശേഖരിച്ചത്. മുഖ്യമന്ത്രിക്കെതിരെ തട്ടിക്കയറുന്ന ദൃശ്യങ്ങളിലെ ശബ്ദവുമായി താരതമ്യം ചെയ്യുന്നതിനായാണ് സാമ്പിൾ ശേഖരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി.
സംഭവം വിവാദമായതിന് പിന്നാലെ ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിന് പിന്നാലെ ചേന്തി അനിൽ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
