കോൺഗ്രസിൽ സംഘടനാ പ്രതിസന്ധിയും നേതൃത്വത്തിനെതിരായ അതൃപ്തിയും ശക്തമാകുന്നതിനിടെ, പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കണമെന്ന ആവശ്യം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്നു. മുഴുവൻ സമയ പാർട്ടി പ്രസിഡന്റ് ഇല്ലാത്തതിനാൽ സംഘടനാ പ്രവർത്തനം നിർജീവമായിരിക്കുകയാണെന്നും അടിമുടി മാറ്റം അനിവാര്യമാണെന്നും നിരവധി നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
പാർട്ടിയെ താഴെത്തട്ടിൽ നിന്ന് പുനഃസംഘടിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നും നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംഘടനാ സംവിധാനത്തിന്റെ ദൗർബല്യമാണ് പാർട്ടിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതെന്ന വിമർശനവും ഉയർന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലെന്ന് തുറന്നടിച്ചു. സർക്കാർ എടുക്കുന്ന പല തീരുമാനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കാതെയാണെന്ന പരാതിയുമായി നിരവധി നേതാക്കൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഇതിന് പിന്നാലെ, മുഴുവൻ സമയ പ്രസിഡന്റ് ഇല്ലാത്ത സാഹചര്യത്തിൽ പാർട്ടി സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തപ്പോൾ എങ്ങനെ ഏകോപനം സാധ്യമാകുമെന്ന ചോദ്യവും നേതാക്കൾ ഉയർത്തി. നിലവിലെ സാഹചര്യത്തിൽ കെപിസിസി നേതൃത്വത്തിന് സംഘടനയെ മുന്നോട്ടു നയിക്കാനുള്ള ശേഷി നഷ്ടമായെന്ന വിമർശനവും യോഗത്തിൽ ഉയർന്നതായി സൂചന.
കെപിസിസിക്ക് ഇപ്പോൾ “മാനസികമായി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റാണ് ഉള്ളത്” എന്ന് മുൻ കേന്ദ്രമന്ത്രി പ്രൊഫ. പി.ജെ. കുര്യൻ വിമർശിച്ചു. അതേസമയം, പദവിയിൽ തുടരുന്നത് തന്റെ കുറ്റമല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.
വിമർശനങ്ങൾക്കിടെ, മന്ത്രിസഭയിൽ കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അംഗങ്ങളാണെന്നും എല്ലാ തീരുമാനങ്ങളും ചർച്ച ചെയ്താണ് എടുക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിച്ചു. ന്യായമായ പരാതികൾ ഉണ്ടെങ്കിൽ അവ തിരുത്താൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ബോർഡുകളിലും കോർപ്പറേഷനുകളിലും ഒഴിവുള്ള അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഈ മാസം 15നകം നിയമനം നടത്തുമെന്ന് വി.ഡി. സതീശൻ അറിയിച്ചു. കെപിസിസി നിർവാഹക സമിതിയുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഉടൻ വിളിച്ചുചേരുമെന്നും സണ്ണി ജോസഫ് യോഗത്തെ അറിയിച്ചു.
എന്നാൽ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്ന വിമർശനങ്ങൾ കോൺഗ്രസിനുള്ളിലെ നേതൃത്വ അസ്വസ്ഥതയും സംഘടനാ ദൗർബല്യവും വീണ്ടും തുറന്നുകാട്ടുന്നതായാണ് വിലയിരുത്തൽ.
