സ്കൂൾ കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ യുഡിഎഫ് മന്ത്രിസഭയിൽ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. കണ്ണൂരിൽ കായികമേള നടത്താതിരുന്നത് സൗകര്യക്കുറവ് മൂലമാണെന്ന മന്ത്രി ഒ.ജെ. ജനീഷിന്റെ വാദത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ രംഗത്തെത്തി.

കണ്ണൂരിൽ കായികമേള നടത്താൻ ആവശ്യമായ സൗകര്യങ്ങൾക്ക് കുറവില്ലെന്നാണ് എൻ. ഷംസുദീൻ വ്യക്തമാക്കുന്നത്. കായികമേളയ്ക്കായി കണ്ണൂരിനെ പരിഗണിച്ച കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താൽപര്യമുണ്ടെങ്കിൽ കണ്ണൂരിനെ വീണ്ടും പരിഗണിക്കാമെന്നും ഷംസുദീൻ വ്യക്തമാക്കി. മുൻ സർക്കാർ തീരുമാനിച്ചതിന്റെ പേരിലല്ല കായികമേളയുടെ വേദി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കണ്ണൂരിൽ സൗകര്യങ്ങളില്ലാത്തതിനാലാണ് സ്കൂൾ കായികമേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നാണ് ഒ.ജെ. ജനീഷിന്റെ നിലപാട്. ഒരു സർക്കാർ എടുത്ത തീരുമാനം മറ്റൊരു സർക്കാരിന് മാറ്റാൻ പാടില്ലെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടാണ് കൂടുതൽ സൗകര്യങ്ങളുള്ളതെന്നും അതിനാലാണ് വേദി മാറ്റിയതെന്നും ജനീഷ് വ്യക്തമാക്കി.

കായികമേളയുടെ വേദി മാറ്റവുമായി ബന്ധപ്പെട്ട് ഒരേ സർക്കാരിലെ രണ്ട് മന്ത്രിമാർ തന്നെ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതോടെ വിഷയം യുഡിഎഫിനുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.