തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎമ്മിനെതിരെ വ്യാജ പ്രചാരണങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാർട്ടിക്ക് മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് കൂട്ടായ ഉത്തരവാദിത്തമാണുള്ളതെന്നും, തോൽവിയുടെ കാരണങ്ങൾ വിശദമായി വിലയിരുത്തുന്നതിനായി കേരളത്തിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ചേരുമെന്നും വിജയരാഘവൻ വ്യക്തമാക്കി.

അതേസമയം, സിപിഐഎമ്മിനെതിരായ വ്യാജ പ്രചാരണങ്ങൾക്കെതിരെ സജി ചെറിയാനും രംഗത്തെത്തി. പാർട്ടിയിൽ നിന്ന് പുറത്തുപോയവർ സിപിഐഎമ്മിനെ നന്നാക്കാൻ വരേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പാർട്ടി പഠനം നടത്തിയിട്ടുണ്ടെന്നും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

പാർട്ടിയിൽ നിന്ന് പുറത്തുപോയവരാരും വലിയ നേതാക്കളല്ലെന്നും അധികാരത്തിനുവേണ്ടിയാണ് പലരും പാർട്ടി വിട്ടതെന്നും സജി ചെറിയാൻ ആരോപിച്ചു. പാർട്ടി ആരുടെയും മുന്നിൽ തലതാഴ്ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിലെ ഒരു ചെറിയ വിഭാഗം മാറി വോട്ട് ചെയ്തിട്ടുണ്ടെന്നും അത് ചെയ്യാൻ പാടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെന്നും സജി ചെറിയാൻ വ്യക്തമാക്കി. എന്നാൽ ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന നിലപാട് പിണറായി വിജയൻ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.