ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളി വിവാദത്തിൽ എംഎൽഎ രമ്യ ഹരിദാസിനെതിരെ കൂടുതൽ അച്ചടക്ക നടപടികളില്ലെന്ന് കെപിസിസി നേതൃത്വം. എന്നാൽ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായ പാളയം പ്രദീപിനെ എംഎൽഎയുടെ സഹായി സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പാർട്ടി. പ്രദീപിനെ സഹായി സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ രമ്യ ഹരിദാസിന് ഔദ്യോഗിക നിർദേശം നൽകാനാണ് നേതൃത്വത്തിന്റെ തീരുമാനം.

പ്രാദേശിക നേതാക്കളിൽ നിന്ന് പാളയം പ്രദീപിനെതിരെ വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് കെപിസിസി ഈ നിലപാട് സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി വിശദമായ ചർച്ച നടത്തിയിരുന്നു.

സംഭവത്തിൽ കർശന നടപടിയുടെ ഭാഗമായി രമ്യ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയ സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചുകൊണ്ടാണ് നേതൃത്വം സമവായ നീക്കത്തിന് രൂപം നൽകിയത്.

എംഎൽഎയുടെ മണ്ഡലത്തിലെ വിവിധ കാര്യങ്ങളിൽ പാളയം പ്രദീപ് അനാവശ്യമായി ഇടപെടുന്നുവെന്നാണ് സജാദ് ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളുടെ പ്രധാന ആരോപണം. മറുവശത്ത്, സജാദ് വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചുവെന്നാണ് രമ്യ ഹരിദാസും പ്രദീപും നൽകിയ പരാതിയിൽ പറയുന്നത്. ഇരു വിഭാഗങ്ങളുടെയും പരാതികൾ പരിശോധിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ അതിവേഗ നടപടി.