ബിജെപി സംസ്ഥാന-ജില്ലാ ഘടകങ്ങളിൽ വ്യാപക പുനഃസംഘടന നടത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിന് കേന്ദ്രനേതൃത്വം കടിഞ്ഞാണിട്ടതായി സൂചന. നിലവിലെ ഭാരവാഹികളിൽ ഏഴോ എട്ടോ പേരെ ഒഴിവാക്കി പുതിയ പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും, കേന്ദ്രനേതൃത്വം അതിൽ കാര്യമായ വെട്ടിക്കുറവ് വരുത്തിയെന്നാണ് വിവരം.
ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നാല് ജനറൽ സെക്രട്ടറിമാരെയും നിലനിർത്തിക്കൊണ്ട് പരിമിതമായ പുനഃസംഘടന മതിയെന്ന നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. ഇതോടെ നിലവിലെ ജനറൽ സെക്രട്ടറിമാരെ മാറ്റാനുള്ള സാധ്യതകൾ മങ്ങിയിരിക്കുകയാണ്. പുതിയ ചുമതലകൾ നൽകിയ സാഹചര്യത്തിൽ ഇവരെ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുത്തതിനു പിന്നാലെ കേരള ബിജെപിയിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളാണ് കേന്ദ്ര ഇടപെടലിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു. വി. മുരളീധരനെ കക്ഷിനേതൃസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കിടയിൽ ഇപ്പോഴും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചില പ്രമുഖ കേന്ദ്രനേതാക്കളും ഈ നിലപാടിനോട് യോജിക്കുന്നവരാണെന്നാണ് സൂചന.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായി പുനഃസംഘടന നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയും കേന്ദ്രനേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നേതാക്കളെ ഒഴിവാക്കിയെന്ന തരത്തിലുള്ള പ്രതീതി ഉണ്ടാകരുതെന്നും, സംഘടനയ്ക്കുള്ളിൽ കൂടുതൽ ഭിന്നതകൾ സൃഷ്ടിക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയതായാണ് വിവരം.
