സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം നേതാവും മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും പ്രതികളാക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കള്ളക്കഥകൾ മെനഞ്ഞ് കേസ് എടുക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പാർട്ടിക്കെതിരായ രാഷ്ട്രീയ കടന്നാക്രമണം കൂടുതൽ ശക്തമാകുകയാണെന്നും അതിനെ സിപിഐഎം ഒറ്റക്കെട്ടായി നേരിടുമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കള്ളക്കഥകളും അടിസ്ഥാനരഹിത ആരോപണങ്ങളും കേരള ജനത അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഡിയുടെ നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് പാർട്ടിയുടെ തീരുമാനം. പ്രതികൂല സാഹചര്യങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ചാണ് സിപിഐഎം മുന്നോട്ട് വന്നതെന്നും ഇനിയുമത് തുടരുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഇഡിയുടെ നടപടികളോട് കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. “പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല” എന്ന് ചോദിച്ചിരുന്നവരാണ് ഇപ്പോൾ മറ്റൊരു നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു തരത്തിലുള്ള ധാരണ രൂപപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കേണ്ട സാഹചര്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പിണറായി വിജയനെ കേസിൽ ഉൾപ്പെടുത്തുന്നതിനായി രാഷ്ട്രീയ ഇടപെടലുകളാണ് ഇഡി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇഡിയുടെ വിശ്വാസ്യതയെക്കുറിച്ച് സുപ്രീം കോടതി തന്നെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും, തങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രം മുന്നോട്ടുകൊണ്ടുപോകുന്ന സമീപനമാണ് ഇഡി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിലവിലുള്ള ചില മുഖ്യമന്ത്രിമാർക്കെതിരെ ഇഡി നടത്തിയ നടപടികൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ എംവി ഗോവിന്ദൻ, ചോദ്യം ചെയ്യലുകളെയും അന്വേഷണങ്ങളെയും ഭയപ്പെടുന്നവരല്ല തങ്ങളെന്ന് വ്യക്തമാക്കി. “ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ട” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇഡി അയച്ച കത്തിൽ ആരോപണങ്ങൾക്കപ്പുറം ഒരു തെളിവുപോലുമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. “ആർക്കും എന്തും എഴുതി തയ്യാറാക്കാം. എന്നാൽ തെളിവുകളില്ലാതെ കേസ് കെട്ടിച്ചമയ്ക്കുകയാണ് ഇഡി ചെയ്യുന്നത്” എന്നും അദ്ദേഹം വിമർശിച്ചു.

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ഉൾപ്പെടുത്തി അന്വേഷണം വ്യാപിപ്പിക്കാനുള്ള ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. അതേസമയം, കേസിലെ തുടർനടപടികൾ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.