സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. കെ.എസ്.ഇ.ബി മാനേജ്‌മെന്റും മുഖ്യമന്ത്രിയുടെ ഓഫീസും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനും തമ്മിൽ നിലവിൽ യാതൊരു ഏകോപനവും ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ വർഷം എൽനിനോ പ്രതിഭാസത്തെ തുടർന്ന് വരൾച്ചയ്ക്കും വൈദ്യുതി ക്ഷാമത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നേരത്തെ നൽകിയിരുന്നുവെങ്കിലും, അതനുസരിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.
1500 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിന്റെ ഒന്നാം ഘട്ടം സെപ്റ്റംബറോടെ പൂർത്തിയാക്കേണ്ടതായിരുന്നുവെങ്കിലും അതും വൈകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2023-ൽ സമാനമായ വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോൾ ആഴ്ചതോറും ഉന്നതതല യോഗങ്ങൾ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നുവെന്നും ഇപ്പോൾ അത്തരം ഇടപെടലുകൾ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വേനൽക്കാലത്ത് ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടായപ്പോൾ വലിയ പ്രതിഷേധം ഉയർത്തിയവർ ഇപ്പോൾ മുൻകൂട്ടി അറിയിപ്പില്ലാതെ വ്യാപകമായി പവർകട്ട് നടപ്പാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
വൈദ്യുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ വൈദ്യുതി മന്ത്രിയുടെ ഫോൺ നമ്പർ പോലും ഇതുവരെ പുതുക്കിയിട്ടില്ലെന്നും, പരാതികളുമായി ജനങ്ങൾ ഇപ്പോഴും പഴയ നമ്പറുകളിലേക്ക് വിളിക്കേണ്ട സാഹചര്യമാണുള്ളതെന്നും കെ. കൃഷ്ണൻകുട്ടി ആരോപിച്ചു.
