ഇഡിയെ ഉപയോഗിച്ച് കള്ളക്കേസുകളിലൂടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വേട്ടയാടുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം. സ്വരാജ്. വിശ്വാസ്യത സമ്പൂർണമായും നഷ്ടപ്പെട്ട ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റെന്നും ബിജെപിയെ എതിർക്കുന്നവരെ വേട്ടയാടുന്ന ഏജൻസിയായി ഇഡി മാറിയെന്നും എം. സ്വരാജ് ആരോപിച്ചു. കണ്ണൂർ കമ്പിലിൽ ചടയൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റുതിരുത്താനാണ് വിശാല സംസ്ഥാന സമിതി ചേരുന്നതെന്ന തരത്തിലാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് എം. സ്വരാജ് പറഞ്ഞു. സിപിഐഎമ്മിൽ തെറ്റുതിരുത്തൽ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് തോൽവി ഉണ്ടാകുമ്പോൾ മാത്രമല്ല പാർട്ടി തെറ്റുതിരുത്തൽ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അപരിഹാര്യമായ തെറ്റിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് പരാജയമെന്ന് പാർട്ടി വിലയിരുത്തിയിട്ടില്ലെന്നും എം. സ്വരാജ് പറഞ്ഞു.

യുഡിഎഫ് സർക്കാരിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് പവർകട്ട് തിരിച്ചെത്തിയെന്നും അതുപോലെ പത്ത് വർഷത്തിന് ശേഷം കൈക്കൂലിയും തിരിച്ചെത്തിയെന്നും അദ്ദേഹം ആരോപിച്ചു. സ്ഥലം മാറ്റാനും സ്ഥലം മാറ്റാതിരിക്കാനും കൈക്കൂലി വാങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങൾ സംതൃപ്തരല്ലെന്നും എം. സ്വരാജ് പറഞ്ഞു.

റേഷൻ കടകളിൽ ഓണത്തിന് അധികമായി നൽകുന്ന അരിയുടെ വില 10.90 രൂപയിൽ നിന്ന് 26 രൂപയായി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റം ഇനിയും കാണാനിരിക്കുന്നതേയുള്ളൂവെന്നും എം. സ്വരാജ് പറഞ്ഞു.

മറ്റ് പാർട്ടികളിലെ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടി ബിജെപിയിലേക്ക് എത്തിക്കുന്ന ജോലിയാണ് ഇഡി ചെയ്യുന്നതെന്നും എം. സ്വരാജ് ആരോപിച്ചു. ബിജെപിയെ എതിർക്കുന്നവരെ ലക്ഷ്യമിടുന്ന ഏജൻസിയായി ഇഡി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ ഇഡി വേട്ടയാടുമെന്ന പ്രചാരണത്തെയും പരിഹസിച്ച എം. സ്വരാജ്, “പിണറായിയെ വലിച്ച് കയറ്റും എന്നാണ് പറയുന്നത്. പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല” എന്ന് പറഞ്ഞു.

ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ കള്ളനെന്ന് അധിക്ഷേപിച്ച കാലമുണ്ടായിരുന്നുവെന്നും അത്തരം ആരോപണങ്ങളെ സാമാന്യബുദ്ധിയുള്ളവർ പുച്ഛിച്ച് തള്ളുമെന്നും എം. സ്വരാജ് പറഞ്ഞു. കോടതിയുടെ വരാന്തയിൽ പോലും നിൽക്കാൻ കെൽപ്പില്ലാത്ത കള്ളക്കേസാണിതെന്നും നിയമപരമായും രാഷ്ട്രീയമായും കേസിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.