ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് മുൻമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ബോധപൂർവം മെനഞ്ഞ കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇഡി ചോർത്തി നൽകിയതായി പുറത്തുവന്ന റിപ്പോർട്ടുകളിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതെല്ലാം വസ്തുതാവിരുദ്ധമാണെന്ന് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വീണ വിജയൻ ഇഡിക്ക് മുന്നിൽ ഇത്തരം കാര്യങ്ങൾ സമ്മതിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളും പൂർണമായും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

ഇഡി അന്വേഷണത്തിന്റെ പേരിൽ ചോർത്തുന്ന വിവരങ്ങൾ ഉപയോഗിച്ച് മനുഷ്യരുടെ വ്യക്തിജീവിതത്തെ ആക്രമിക്കുന്ന സമീപനമാണ് നടക്കുന്നതെന്ന് വിമർശിച്ച റിയാസ്, ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമപരമായി പോരാടുമെന്നും വ്യക്തമാക്കി.