പഞ്ചാബിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, അവിടെയുള്ള 1500-ലധികം മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജലന്ധറില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി എത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.


ടിക്കറ്റ് ക്ഷാമം നേരിടാമെന്നതിനാല്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാന്‍ തയ്യാറാകണം. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണം. യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പഞ്ചാബിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഒരു പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്നാല്‍ സര്‍വകലാശാലാ സ്ഥാപകനും ചാന്‍സലറുമായ ബി.ജെ.പി എം.പി അശോക് കുമാര്‍ മിത്തലും മാനേജ്‌മെന്റും പ്രതിഷേധത്തെ പൊലീസിനെയും സംഘപരിവാര്‍ ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മുതിര്‍ന്നത്.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. സമഗ്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളില്‍ മാനേജ്‌മെന്റിന്റെ പങ്കുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉറപ്പുവരുത്തണം.

സംഘര്‍ഷത്തെ തുടര്‍ന്ന് 10 ദിവസത്തേക്ക് ക്ലാസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍, അവിടെയുള്ള 1500-ലധികം മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുക എന്നതാണ് മറ്റൊരു അടിയന്തര ആവശ്യം.

ജലന്ധറില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി എത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം. ടിക്കറ്റ് ക്ഷാമം നേരിടാമെന്നതിനാല്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാന്‍ തയ്യാറാകണം. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണം.