സംസ്ഥാനത്ത് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തിന്റെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നതാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പാണ് നടന്നതെന്നും, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങളുടെ സമീപനത്തിൽ മാറ്റം പ്രകടമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പിൽ 22 സീറ്റുകൾ കൈവശമുണ്ടായിരുന്ന യുഡിഎഫിന് മൂന്ന് സീറ്റുകൾ നഷ്ടപ്പെട്ട് 19 ആയി കുറഞ്ഞപ്പോൾ, 15 സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് 18 സീറ്റുകളിലേക്ക് നില മെച്ചപ്പെടുത്തിയതായി ബാലഗോപാൽ ചൂണ്ടിക്കാട്ടി. ബിജെപിക്ക് ഒരു സീറ്റും നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ, ചിറയിൻകീഴ് അഞ്ചുതെങ്ങ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ എന്നിവ ഉൾപ്പെടെ യുഡിഎഫ് കൈവശം വച്ചിരുന്ന ചില സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തതായും, പല സിറ്റിംഗ് സീറ്റുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

ആകെ പോൾ ചെയ്ത വോട്ടുകളിൽ എൽഡിഎഫിന് 46.8 ശതമാനവും യുഡിഎഫിന് 40.49 ശതമാനവും ബിജെപിക്ക് 12.16 ശതമാനവും ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫിനെക്കാൾ 6.31 ശതമാനം കൂടുതൽ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചുവെന്നും ബാലഗോപാൽ പറഞ്ഞു.

സർക്കാരിന്റെ അഴിമതി, ഭരണപരാജയം, വിലക്കയറ്റം, ആരോഗ്യ മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾ അസംതൃപ്തി പ്രകടിപ്പിക്കുന്നതിന്റെ സൂചനയാണ് ഈ ഫലമെന്നും അദ്ദേഹം വിലയിരുത്തി. ജനങ്ങൾക്കൊപ്പം നിന്ന് ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് എൽഡിഎഫ് കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.