സിപിഐഎം വലിയ തകർച്ചയിലേക്ക് നീങ്ങുകയാണെന്നും പാർട്ടിക്ക് പഴയ നിലയിലേക്ക് തിരിച്ചുവരാനാകില്ലെന്നും ചിലർ ബോധപൂർവം പ്രചാരണം നടത്തിയതായി സിപിഐഎം നേതാവ് പിണറായി വിജയൻ. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ വലതുപക്ഷ ശക്തികളാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വന്തം ദൗർബല്യങ്ങളും പോരായ്മകളും പരിശോധിച്ച് കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് സിപിഐഎം മുന്നോട്ടുപോകുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. പാർട്ടി എക്കാലത്തും ജനങ്ങൾക്കൊപ്പമാണ് നിലകൊണ്ടതെന്നും ജനങ്ങളെ ഉൾക്കൊണ്ട് മുന്നോട്ടുപോകാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎമ്മിനെയും എൽഡിഎഫിനെയും എഴുതിത്തള്ളാനാകില്ലെന്ന് വലതുപക്ഷ മാധ്യമങ്ങൾ പോലും അംഗീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ പാർട്ടി അമിതമായി ആഹ്ലാദിക്കാറില്ലെന്നും പിണറായി പറഞ്ഞു.
എന്നാൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് മുന്നോട്ടുപോകാനുള്ള സാഹചര്യം സൃഷ്ടിച്ചുവെന്നത് പാർട്ടിയെ എതിർക്കുന്നവർ പോലും അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലതുപക്ഷ ശക്തികളുടെ കണക്കുകൂട്ടലുകൾക്കും പ്രതീക്ഷകൾക്കും അപ്പുറമാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെന്നും പിണറായി വിജയൻ പറഞ്ഞു.
