മന്ത്രിസഭായോഗത്തിന് ശേഷം പതിവായി നടത്തുന്ന വാർത്താസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഒഴിവാക്കി. വൈകിട്ട് ചേർന്ന മന്ത്രിസഭായോഗം അവസാനിച്ച ശേഷമാണ് മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന തീരുമാനം എടുത്തത്.
തിരക്കുകൾ മൂലമാണ് വാർത്താസമ്മേളനം ഒഴിവാക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം. എന്നാൽ അടുത്തിടെ നടന്ന വാർത്താസമ്മേളനങ്ങളിലെ ചോദ്യങ്ങളും വിമർശനങ്ങളും രാഷ്ട്രീയ ചർച്ചയായ സാഹചര്യത്തിലാണ് പുതിയ തീരുമാനം ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുമായി മുഖ്യമന്ത്രി നടത്തിയ വാക്കുതർക്കം വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ചില ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രകടിപ്പിച്ച പ്രതികരണവും വിവാദമായിരുന്നു.
പ്രത്യേകിച്ച് ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാധ്യമങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ക്ഷുഭിതനായ സംഭവവും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭായോഗത്തിന് ശേഷമുള്ള ഇന്നത്തെ പതിവ് വാർത്താസമ്മേളനം ഒഴിവാക്കിയത്.
