തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് പരാതി നൽകാൻ എസ്എഫ്‌ഐ. ചികിത്സയിൽ കഴിയുന്ന രമേശ് ചെന്നിത്തലയെ കാണുന്നതിനായി എസ്എഫ്‌ഐ നേതാക്കൾ കിംസ് ആശുപത്രിയിലെത്തി. മുൻമന്ത്രി വി. ശിവൻകുട്ടിയും പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു.
സംഘർഷത്തിനിടെ വിദ്യാർഥികളെ മർദിച്ചുവെന്നാരോപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് എസ്എഫ്‌ഐ മുന്നോട്ടുവയ്ക്കുന്നത്. സംഭവത്തിൽ പൊലീസിന്റെ ഇടപെടൽ സംബന്ധിച്ച് വിശദമായ പരാതി ആഭ്യന്തരമന്ത്രിക്ക് കൈമാറാനാണ് സംഘടനയുടെ നീക്കം.
അതേസമയം, കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇടത് യുവജന സംഘടനകളുടെ തീരുമാനം. യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജനീഷിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചു. കരിങ്കൊടി കാണിക്കൽ, വാഹന തടയൽ ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി മന്ത്രിക്കുള്ള പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
