ഡിജിറ്റൽ മാധ്യമമായ നോക്യാപിന്റെ ഫെയ്സ്ബുക്ക് പേജിന് ഏർപ്പെടുത്തിയ വിലക്കിനെതിരെ യുഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് നോക്യാപിന് നേരിടേണ്ടി വന്ന ഫെയ്സ്ബുക്ക് വിലക്കെന്ന് അദ്ദേഹം ആരോപിച്ചു.

ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ നൽകിയ വിശദീകരണം ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്റെ വിമർശനം. ഐ.ടി നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരമുള്ള സർക്കാർ നിർദേശത്തെ തുടർന്നാണ് പേജ് വിലക്കിയതെന്നാണ് മെറ്റ വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നോക്യാപിന്റെ ഭാഗത്ത് നിന്ന് എന്ത് നിയമലംഘനമാണ് ഉണ്ടായതെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിമർശനങ്ങളോടും മാധ്യമപ്രവർത്തനത്തോടും സർക്കാരിന് അസഹിഷ്ണുതയാണുള്ളതെന്ന് ആരോപിച്ച പിണറായി വിജയൻ, എതിർസ്വരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു. മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള ഇത്തരം നടപടികൾ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുകയും തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് വിലക്കിനെ തുടർന്ന് പുതിയ പേജുമായി പ്രവർത്തനം തുടരുന്ന നോക്യാപ് ടീമിന് ആശംസകളും പിന്തുണയും അറിയിച്ച പിണറായി വിജയൻ, മാധ്യമധാർമികതയും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാൻ അവർക്ക് കഴിയട്ടെയെന്നും തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.