വാര്‍ത്തകള്‍ ഉണ്ടാക്കുന്ന ബാറിടം

കേരളത്തിലെ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മദ്യപാനം മൂലം ലിവര്‍സിറോസിസ് പിടിച്ച് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ കഴിവുകള്‍ ഊറ്റിക്കളഞ്ഞ് രോഗിയാക്കി മാറ്റിയത് മദ്യമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടും മുന്‍പ് പ്രസിദ്ധനായ ഇദ്ദേഹത്തെ കണ്ടോ എന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോട് ചോദിച്ചാല്‍, പ്രസ്‌ക്ലബ്ബ് 'സങ്കേത'ത്തില്‍ കാണും എന്നായിരുന്നു മറുപടി ഉണ്ടാവുക. പ്രസ്‌ക്ലബ്ബ് ബാറില്‍ (സങ്കേതം) അതിരാവിലെ അദ്ദേഹം എത്തുമായിരുന്നു മദ്യപിക്കാന്‍. അവിടെ അദ്ദേഹത്തിന്റെ ബ്രാന്‍ഡ് സൂക്ഷിക്കാന്‍ ഒരു ലോക്കറുണ്ടായിരുന്നു. അദ്ദേഹത്തിന് മാത്രമല്ല, തിരുവനന്തപുരത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് (മുതിര്‍ന്ന കുടിയന്‍മാര്‍ക്ക്) അവിടെ ലോക്കര്‍ സൗകര്യമുണ്ട്. തങ്ങളുടെ മദ്യം സൂക്ഷിച്ചുവെക്കാന്‍, എപ്പോള്‍ വേണമെങ്കിലും വന്ന് മദ്യപിക്കാന്‍ വേണ്ടി മദ്യം സൂക്ഷിച്ചുവെക്കാനുള്ള സൗകര്യം. ലോകത്ത് തിരുവനന്തപുരത്ത് മാത്രമേ പത്രക്കാര്‍ക്ക് ഇത്തരത്തിലുള്ള സൗകര്യമുള്ളു. വിഭ്രൃംജിച്ച് നില്‍ക്കുകയാണ് സംസ്ഥാന തലസ്ഥാനത്ത് ഫോര്‍ത്ത് എസ്‌റ്റേറ്റ്.

പ്രസ് ക്ലബ്‌ സങ്കേതം കാണൂ...

തിരുവനന്തപുരം പ്രസ്‌ക്ലബ്ബ്, കേരളത്തിലെ എല്ലാ പത്രപ്രവര്‍ത്തകരെയും പ്രതിനിധീകരിക്കുന്ന ഒരു സ്ഥാപനമല്ല. സംസ്ഥാനത്തെ പത്രപ്രവര്‍ത്തക യൂണിയന്റെ ഭാഗമായുള്ളതല്ല തിരുവനന്തപുരം പ്രസ്‌ക്ലബ്ബ്. കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റി(കെ യു ഡബ്ല്യു ജെ)ന് തിരുവനന്തപുരത്ത് ജില്ലാ കമ്മറ്റി ഓഫീസുണ്ട്. കേസരി ബില്‍ഡിംഗിലാണ് അത് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ പത്രപ്രവര്‍ത്തകരുടെ സംഘടനയായ കെ യു ഡബ്ല്യു ജെ'യും തിരുവനന്തപുരം പ്രസ് ക്ലബ്ബുമായി ഒരു ബന്ധവുമില്ല. ഈ പ്രസ്‌ക്ലബ്ബ് തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകരുടെ സ്വന്തമാണ്. കെ യു ഡബ്ല്യു ജെ'യ്ക്ക് സംസ്ഥാന തലസ്ഥാനത്ത് പ്രസക്തി ഇല്ലാത്ത വിധത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഉയര്‍ന്നുനില്‍ക്കുന്നു. നല്ല അര്‍ത്ഥത്തിലാണ്, ആരോഗ്യപരമായായാണ് ആ നില്‍പ്പെങ്കില്‍ അതിലൊരു കുഴപ്പവുമില്ല. അത്തരത്തിലായിരുന്നു പ്രസ്‌ക്ലബ്ബിന്റെ ആദ്യപഥികര്‍ അത് വിഭാവനം ചെയ്തത്. 1967ല്‍ അന്നത്തെ ഗവര്‍ണറായിരുന്ന ഭഗവന്‍ സഹായ് ആദ്യത്തെ മീറ്റ് ദി പ്രസ് ഉദ്ഘാടനം ചെയ്യുമ്പോള്‍ നല്ല രീതിയില്‍, മാതൃകയായി മുന്നോട്ടുപോവണം എന്നുമാത്രമേ ഉദ്ദേശിച്ചിരുന്നുള്ളു.

തലസ്ഥാനത്തെ പത്രപ്രവര്‍ത്തകരില്‍ മിക്കവരും പവര്‍ബ്രോക്കര്‍മാരായിരുന്നു. അധികാര കേന്ദ്രങ്ങളോട് ഒട്ടി നില്‍ക്കുന്ന, പലരുടെയും ഉപദേശകരായി നില്‍ക്കുന്ന ഈ കൂട്ടരെ സ്വാധീനിച്ചാല്‍ പലതും ഹിതമായും അവിഹിതമായും നേടിയെടുക്കാന്‍ സാധിക്കുന്ന സാഹചര്യം. പഴയ കാലത്തും പത്രപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ പലരും മുന്നോട്ടുവന്നു. വ്യവസായികളും കള്ളക്കടത്തുകാരും മുതലാളിമാരും തുടങ്ങി നിരവധി പേര്‍ അവരെ മദ്യശാലകളിലേക്ക് ക്ഷണിച്ചു. പല മുതിര്‍ന്ന പത്രപ്രവര്‍ത്തകരും ഇത്തരത്തില്‍ വഴിവിട്ട് സഞ്ചരിക്കുന്നത് നാട്ടില്‍ പാട്ടായി. ഇത് കണ്ടപ്പോഴാണ് പ്രസ്‌ക്ലബ്ബില്‍ തന്നെ ഇത്തരത്തിലുള്ളവര്‍ക്ക് കൂടിയിരിക്കാവുന്ന ഒരന്തരീക്ഷം അന്നുള്ള പ്രസ്‌ക്ലബ്ബ് അധികൃതര്‍ ഒരുക്കിയത്. പത്രപ്രവര്‍ത്തകര്‍ പുറത്തുപോയി മദ്യപിച്ച് പത്രപ്രവര്‍ത്തനത്തിന്റെ വില കളയേണ്ട. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ബാറിലിരുന്ന് മദ്യപിച്ച് വില കളയാന്‍ പാടില്ലല്ലോ, മദ്യപിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് പ്രസ്‌ക്ലബ്ബില്‍ വെച്ചുതന്നെയാവാം. സങ്കേതം ഉണ്ടാവുന്നത് അത്തരത്തിലുള്ള ചിന്തയില്‍ നിന്നുമായിരുന്നു. പൊതുവില്‍ നല്ലൊരു ചിന്തയായിരുന്നു അത്. കാരണം മദ്യം ഉപേക്ഷിക്കുക എന്നത് പലര്‍ക്കും അസാധ്യമായിരുന്നു. പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചാലും മദ്യം ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്ത പത്രപ്രവര്‍ത്തകരെ പ്രസ് ക്ലബ്ബിന് ആവശ്യവുമായിരുന്നു.

ഇപ്പോള്‍ വ്യവസായികളും കള്ളക്കടത്തുകാരും മുതലാളിമാരും റിയല്‍എസ്റ്റേറ്റ് മാഫിയാക്കാരുമൊക്കെ പ്രസ്‌ക്ലബ്ബിലെ ചില മെമ്പര്‍മാരുടെ കൂടെ സങ്കേതത്തിലേക്ക് വരാന്‍ തുടങ്ങി. അവരുടെ പണത്തില്‍ പത്രക്കാരുടെ ഔന്നത്യമുള്ള മദ്യശാലയിലായി സേവ. എത്രയെത്ര ബിസിനസുകള്‍. എത്രയെത്ര ഓര്‍ഡറുകള്‍. നാലാം തൂണിന്റെ ബലത്തില്‍ പലരും പണം കൊയ്തു. അധികാര കേന്ദ്രങ്ങളിലെത്തേണ്ടവര്‍ അങ്ങോട്ട് സഞ്ചരിച്ചു. അതിനെല്ലാമുള്ള താവളമായി മാറി സങ്കേതമെന്ന പ്രസ്‌ക്ലബ്ബ് ബാര്‍ സംവിധാനം.

ബാര്‍ ലൈസന്‍സോ, മദ്യം വിതരണം ചെയ്യാനുള്ള ലൈസന്‍സോ പ്രസ്‌ക്ലബ്ബിലെ സങ്കേതത്തിനില്ല. മാത്രമല്ല, കഷ്ടിച്ച് 25 മീറ്റര്‍ അപ്പുറത്ത് അവരുടെ തന്നെ വിദ്യാഭ്യാസ സ്ഥാപനവുമുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസം. പുതിയ പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. പഠനത്തോടൊപ്പം കുടിയും ശീലിക്കാനുള്ള അപൂര്‍വ്വ അവസരമാണ് ഉണ്ടായിരുന്നത്. ഗസ്റ്റുകള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡിന്റെ തടസമൊക്കെ കേരളത്തെ തന്നെ വാര്‍ത്തകളിലിട്ട് അമ്മാനമാടുന്ന ജേര്‍ണലിസ്റ്റ് പുലികള്‍ എന്നും തട്ടിയെറിഞ്ഞിരുന്നു. മാത്രമല്ല, സെലിബ്രിറ്റികളെ പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ കൂടെ ഒരു മേശയുടെ അപ്പുറവും ഇപ്പുറവുമിരുന്ന് ഉപദേശം കേട്ടുകൊണ്ട് കള്ളുകടിക്കാന്‍ ലഭിക്കാന്‍ കിട്ടുന്ന അവസരം വളരാന്‍ വെമ്പുന്ന ജേര്‍ണലിസ്റ്റ് കുട്ടികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. പണം പോയാലെന്താ, പദവി ലഭിക്കില്ലേ. പശുവിന്റെ കടിയും തീരും കാക്കയുടെ വിശപ്പും മാറും.

അനധികൃതമായി പത്രപ്രവര്‍ത്തകര്‍ക്ക് മദ്യം പകരുന്ന ഈ സങ്കേതം മലയാള മാധ്യമ ലോകത്തെ മുതിര്‍ന്ന കുടിയന്‍മാരെ ചികിത്സിക്കാനുള്ള, അവരെ മദ്യത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു കേന്ദ്രമായി പുനരാവിഷ്‌കരിക്കണം. തിരുവനന്തപുരം പ്രസ് ക്ലബ്ബിന് ഹെല്‍ത്ത് ക്ലബ്ബുണ്ട്. അതുപോലെ ഒരു ലഹരിമുക്ത ചികിത്സാ കേന്ദ്രം. പത്രപ്രവര്‍ത്തകരുടെ കഴിവും കുടുംബാന്തരീക്ഷവും തകര്‍ക്കുന്ന ഈ മദ്യശാല വേണ്ടെന്ന് വെക്കാനും പകരം മദ്യത്തിനടിമകളായ പത്രപ്രവര്‍ത്തകരെ ആ ശീലത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ഒരു സങ്കേതമായി നിലവിലുള്ള നിയമവിരുദ്ധ കേന്ദ്രത്തെ മാറ്റിയെടുക്കാന്‍ പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ക്ക് കഴിയുമോ? അങ്ങനെയെങ്കില്‍ കേരളത്തിലെ മാധ്യമ ലോകത്തിന് ഇനിയും പ്രതീക്ഷകള്‍ വെക്കാന്‍ സാധിക്കും.

സങ്കേതത്തിലെ മദ്യഉപയോഗത്തെ പറ്റി പ്രസ്‌ക്ലബ്ബ് അംഗങ്ങളില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. തിരുവനന്തപുരത്തുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തക കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ ബാറിനെതിരെ പരാതി നല്‍കിയിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്തും നല്‍കി. കിംഫലം. ആ പരാതി കവര്‍‌സ്റ്റോറിയാവാതെ പടമായി മാറി. പരാതി കൊടുക്കുന്നത് പരാതിയുള്ളതുകൊണ്ടാണല്ലൊ. അപ്പോള്‍ നിയമവിരുദ്ധമായ എന്തോ കാര്യം അവിടെ നടക്കുന്നുണ്ട്. പക്ഷെ, അത് അവര്‍ പ്രവര്‍ത്തിക്കുന്ന മാധ്യമത്തില്‍ ഒരു വാര്‍ത്തയാക്കാന്‍ സാധിക്കില്ല. അതാണ് എതിര്‍ത്തുനില്‍ക്കുന്ന പത്രപ്രവര്‍ത്തകരുടെ പരിമിതി. പ്രസ്‌ക്ലബ്ബ് ബാറിനെയും അവിടുത്തെ രീതിയെയും എതിര്‍ത്താല്‍ അത് പ്രസ്‌ക്ലബ്ബിനോടുള്ള എതിര്‍പ്പാണെന്ന സൂത്രവാക്യം സൂത്രശാലികളായ ഭാരവാഹികള്‍ ചമച്ചെടുത്തു.

മുതിര്‍ന്ന കുടിയന്‍മാരില്‍ പലര്‍ക്കും ഈ സംവിധാനം തുടരേണ്ടത് ആവശ്യമായിരുന്നു. അവര്‍ക്ക് സിന്‍ഡിക്കേറ്റ് കേന്ദ്രമായി ഇത്തരത്തിലൊരു സങ്കേതം വേണമായിരുന്നു. വാര്‍ത്തകള്‍ കള്ളിന്‍കുപ്പികളില്‍ നിന്നും പൊങ്ങിവന്നു. ചര്‍ച്ചകളിലൂടെ അവര്‍ അത് മൂര്‍ത്തമാക്കി. പഴയ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും, ആര്‍ എം പിയുടെ താത്വികാചാര്യനും ഭാരവാഹിയും പ്രസ്‌ക്ലബ്ബ് ബാറില്‍ അതിഥികളായി പലപ്പോഴും എത്തിയത് സിന്‍ഡിക്കേറ്റ് കൂട്ടായ്മയുടെ ഭാഗമായിരുന്നു. സങ്കേതത്തിന്റെ ചുവരുകളില്‍ നിന്ന് എസ് എന്‍ സി ലാവ്‌ലിന്‍ കഥകള്‍ ചുരണ്ടിയെടുക്കാന്‍ സാധിക്കും. ചുവരിനോട് ചെര്‍ന്ന ഇരിപ്പിടത്തിലായിരുന്നു മദ്യചഷകങ്ങള്‍ നുണഞ്ഞുകൊണ്ട് വരദാചാരിയുടെ തല പരിശോധനയടക്കമുള്ള വാര്‍ത്തകള്‍ സിന്‍ഡിക്കേറ്റ് നിര്‍മിച്ചെടുത്തത്. എത്രയെത്ര സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രസ്‌ക്ലബ്ബ് സങ്കേതത്തില്‍ കൂടി? സംസ്ഥാനത്തെ നല്ല വഴിയില്‍ നടത്തിക്കാന്‍, രാഷ്ട്രീയക്കാരെ കുറ്റക്കാരെന്ന് വിധിക്കാന്‍ തിരുവനന്തപുരത്തെ പല മാധ്യമ പുണ്യളന്‍മാരും അനധികൃതമായി പ്രസ്‌ക്ലബ്ബിലെ സെല്ലാര്‍ റൂമിലെ അംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള മദ്യശാലയില്‍ നിയമവിരുദ്ധമായി ഒത്തുചേര്‍ന്നു.

മറ്റ് ബാറുകളെ അപേക്ഷിച്ച് പ്രസ്‌ക്ലബ്ബ് സങ്കേതത്തില്‍ മദ്യത്തിന് വിലക്കുറവുണ്ട് എന്ന് പറയുന്ന മുതിര്‍ന്ന കുടിയന്‍മാരുണ്ട്. ലിവര്‍ സിറോസിസിലേക്ക് നടന്നുപോവുന്നവര്‍. അവര്‍ പ്രസ്‌ക്ലബ്ബ് സങ്കേതത്തിന്റെ വക്താക്കളാണ്. അതിനെതിരെ ശബ്ദിക്കുന്നവരെ 'തല്ലി'യൊതുക്കുന്ന മാധ്യമവേന്ദ്രന്‍മാരാണ്. കാരണം പുറത്തുള്ള ബാറുകളില്‍ രണ്ട് പെഗ് കഴിക്കേണ്ടതിന്റെ പകുതി പണം മാത്രമേ ഇവിടെ ആവുകയുള്ളു. മദ്യം വാങ്ങാനും വിതരണം ചെയ്യാനുമൊക്കെ പ്രസ്‌ക്ലബ്ബ് സങ്കേതത്തില്‍ ജീവനക്കാരെ വെച്ചിട്ടുണ്ട്. മദ്യപാനവും നടക്കും സിന്‍ഡിക്കേറ്റ് മേശകളിലൂടെ വാര്‍ത്തയും വേവും. പിന്നെ ഒന്നാം പേജില്‍ വിളമ്പിയാല്‍ മതി. ഒരു സങ്കേതത്തില്‍ രണ്ട് പക്ഷി. കേരളത്തിലെ മികച്ച അമ്പത് പത്രപ്രവര്‍ത്തരെയെങ്കിലും മദ്യത്തില്‍ മുക്കി നശിപ്പിച്ചത് തിരുവനന്തപുരം പ്രസ് ക്ലബ്ബാണ്, സങ്കേതമാണ് എന്ന് പറയുന്ന പ്രസ്‌ക്ലബ്ബ് മെമ്പര്‍മാരുണ്ട്. അവരുടെ വാക്കുകള്‍ തള്ളിക്കളയാന്‍ സാധിക്കില്ല.

പ്രസ്‌ക്ലബ്ബ് തെരഞ്ഞെടുപ്പിന്റെ വോട്ട്ബാങ്കാണ് ഈ മദ്യപന്‍മാര്‍. വെള്ളാപ്പള്ളി നടേശനെ പോലെ, സുകുമാരന്‍ നായരെ പോലെ ഇവര്‍ക്ക് കുറെ വോട്ടുകളുണ്ട്. ഭാരവാഹി ആവണമെങ്കില്‍ സങ്കേതത്തിന്റെ വക്താവ് ആയിരിക്കണം. ഭംഗിയായി മോണിട്ടര്‍ ചെയ്യുന്ന വ്യക്തികളായിരിക്കണം. അങ്ങനെയെങ്കില്‍ സങ്കേതം വിജയം ഉറപ്പിച്ച് കൊടുക്കും. കഴിഞ്ഞ കമ്മറ്റിയുടെ ഭരണ നേട്ടമായി അവതരിപ്പിച്ചതില്‍ സങ്കേതം നവീകരിച്ച് എ സി യാക്കി എന്നും ഏത് ഫൈവ് സ്റ്റാര്‍ ഹോട്ടലിനോടും കടപിടിക്കുന്ന സൗകര്യങ്ങള്‍ ഉണ്ടാക്കി എന്നും അവകാശപ്പെടുന്നുണ്ട്. ശരിയാണ്. മികച്ച രീതിയില്‍ പെയിന്റ് ചെയ്ത്, ദീപങ്ങള്‍ വിതാനിച്ച് മദ്യകോപ്പകള്‍ പുതുക്കി പ്രസ്‌ക്ലബ്ബ് സങ്കേതത്തെ നവീകരിച്ചിരിക്കുന്നു. അതാണ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ്.

കഴിഞ്ഞ ശനിയാഴ്ച (30-08-14) ചില മുതിര്‍ന്ന മദ്യപന്‍മാരുടെ നേതൃത്വത്തില്‍ പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ തങ്ങളുടെ ക്ലബ്ബിനെ സംരക്ഷിക്കാന്‍ വേണ്ടി പ്രസ്‌ക്ലബ്ബിന് മുന്നില്‍ തമ്പടിച്ചു. എക്‌സൈസ് ഓഫീസില്‍ നിന്ന് പരിശോധനയുണ്ടാവാന്‍ സാധ്യതയുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ പുറത്തായിരുന്നു ആ ഒത്തുചേരല്‍. ചോര ചിന്തിയാലും തങ്ങളുടെ കള്ള് ചീന്തില്ല. എക്‌സൈസുകാരെ തടയാനാണ് അവര്‍ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് പറഞ്ഞത് പ്രസ്‌ക്ലബ്ബിലെ മദ്യവിരുദ്ധനായ ഒരു മെമ്പറാണ്. സങ്കേതത്തിലെ ലോക്കറിലും അല്ലാതെയും സൂക്ഷിച്ച മദ്യം അവിടെ നിന്നും മാറ്റി. പ്രസ്‌ക്ലബ്ബിനകത്തേക്ക് എക്്‌സൈസുകാരെ യാതൊരു കാരണവശാലും കയറ്റില്ല എന്ന് നാലാംതൂണുകാര്‍ ദൃഡപ്രതിജ്ഞചെയ്തു സജ്ജരായി. പക്ഷെ, കെ. ബാബു മിനിസ്റ്റര്‍ നേരിട്ടിടപെട്ടപ്പോള്‍ എക്‌സൈസ് ഏമാന്‍മാരുടെ പ്രസ്‌ക്ലബ്ബ് യാത്ര മുടങ്ങി.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ ഓണാഘോഷം കഴിഞ്ഞ ദിവസമായിരുന്നു. ഉദ്ഘാടനം ചെയ്തത് സിറ്റി പോലീസ് കമ്മീഷണര്‍. നിയമ സംവിധാനത്തെയാകെ വെല്ലുവിളിച്ചുകൊണ്ട് ഇന്നലെ പകല്‍ സമയത്തും പ്രസ് ക്ലബ്ബ് സങ്കേതം തുറന്ന് പ്രവര്‍ത്തിച്ചു. മുകളില്‍ കമ്മീഷണര്‍ പങ്കെടുക്കുന്ന ഓണാഘോഷം താഴെ മുതിര്‍ന്ന മദ്യപരുടെ മദ്യാഘോഷം. അവിടെ ഓണാഘോഷം ഇവിടെ മദ്യാഘോഷം. ആരുണ്ടിവിടെ ചോദിക്കാന്‍?സിറ്റി പോലീസ് കമ്മീഷണറാണ് കാക്കിയുടുത്ത് കാവല്‍! തികഞ്ഞ ധാര്‍ഷ്ട്യം. അതാണ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ്.

ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമം ഒരാവേശത്തിന്റെ പുറത്ത് പ്രസ്‌ക്ലബ്ബിലെ ബാറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വര്‍ണചിത്രത്തിന്റെ അകമ്പടിയോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. മാധ്യമത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ (പ്രസ്‌ക്ലബ്ബ് ഭാരവാഹിയായിരുന്നവര്‍) അതറിഞ്ഞില്ല. നേരിട്ട് പത്രത്തിലെ അമീര്‍വഴിയായിരുന്നു വാര്‍ത്ത വന്നത്. പിടിപാടിന്റെ പരിണിത ഫലം. ഇപ്പോള്‍ പ്രസ്‌ക്ലബ്ബ് ആലോചിക്കുന്നത് മാധ്യമത്തിലെ 15 പത്രപ്രവര്‍ത്തകരെ പ്രസ്‌ക്ലബ്ബില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാണ്. മാധ്യമത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരും പ്രസ് ക്ലബ്ബ് ഭാരവാഹികളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇനി പ്രസ്‌ക്ലബ്ബ് എന്നോ, ബാര്‍ എന്നോ, സങ്കേതം എന്നോ മാധ്യമം പത്രത്തില്‍ അച്ചടിച്ച് വരില്ലെന്ന് പത്രത്തിന്റെ അമീര്‍ ഉറപ്പുനല്‍കുമെന്നാണ് സൂചനകള്‍. വാര്‍ത്ത പുറത്തുകൊണ്ടുവന്ന കുരുന്ന് മാധ്യമപ്രവര്‍ത്തകനെ/യെ പ്രസ് ക്ലബ്ബിലെ വ്യാഘ്രങ്ങള്‍ ഉപദ്രവിക്കാന്‍ പാടില്ല എന്നും വ്യവസ്ഥയുണ്ടെന്ന് സൂചനക്കാരന്‍ പറയുന്നു. ഓരോരോ നിവൃത്തികേടുകള്‍. ജമാ അത്തെ ഇസ്ലാമിയുടെ വിപ്ലവങ്ങള്‍ ഇനി മാധ്യമത്തില്‍ മാത്രമേ പൂക്കു എന്ന് ചുരുക്കാം. ജമാ അത്തുകാരുടെ വെല്‍ഫയര്‍ പാര്‍ട്ടിക്കും പണി കിട്ടും. അവര്‍ ഈ വാര്‍ത്ത പുറത്തുവന്നപ്പോള്‍ പ്രസ്‌ക്ലബ്ബിലേക്ക് ഒരു പ്രകടനം നടത്തി. ഇനി ഇക്കൂട്ടര്‍ക്ക് പ്രകടനം നടത്താന്‍ പ്രസ് ക്ലബ്ബ് വിട്ടുകൊടുക്കില്ല എന്ന് തീരുമാനമെടുത്തതായി വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു. തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകര്‍ക്ക് കൊമ്പുണ്ട്. മറ്റ് ജില്ലകളിലെ ഉണ്ണാക്കന്‍മാരായ പത്രപ്രവര്‍ത്തകരെ പോലെയല്ല അവര്‍. പക്ഷെ, തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സങ്കേതമെന്ന ബാറുണ്ടാക്കുന്ന നാണക്കേടും മദ്യത്തിന്റെ വാടയും കേരളത്തിലെ എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും ബാധകമാണ്.

അനധികൃതമായി പത്രപ്രവര്‍ത്തകര്‍ക്ക് മദ്യം പകരുന്ന ഈ സങ്കേതം മലയാള മാധ്യമ ലോകത്തെ മുതിര്‍ന്ന കുടിയന്‍മാരെ ചികിത്സിക്കാനുള്ള, അവരെ മദ്യത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു കേന്ദ്രമായി പുനരാവിഷ്‌കരിക്കണം. തിരുവനന്തപുരം പ്രസ് ക്ലബ്ബിന് ഹെല്‍ത്ത് ക്ലബ്ബുണ്ട്. അതുപോലെ ഒരു ലഹരിമുക്ത ചികിത്സാ കേന്ദ്രം. പത്രപ്രവര്‍ത്തകരുടെ കഴിവും കുടുംബാന്തരീക്ഷവും തകര്‍ക്കുന്ന ഈ മദ്യശാല വേണ്ടെന്ന് വെക്കാനും പകരം മദ്യത്തിനടിമകളായ പത്രപ്രവര്‍ത്തകരെ ആ ശീലത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ഒരു സങ്കേതമായി നിലവിലുള്ള നിയമവിരുദ്ധ കേന്ദ്രത്തെ മാറ്റിയെടുക്കാന്‍ പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ക്ക് കഴിയുമോ? അങ്ങനെയെങ്കില്‍ കേരളത്തിലെ മാധ്യമ ലോകത്തിന് ഇനിയും പ്രതീക്ഷകള്‍ വെക്കാന്‍ സാധിക്കും.

01-Sep-2014