അധിക്ഷേപിക്കുന്നതിന് മുന്‍പ്‌ അറിയാനുള്ളത്

പാര്‍ടിയിലെ പിളര്‍പ്പ് ദുരന്തമാണെങ്കില്‍ ആ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഡാങ്കേയ്ക്കും കൂട്ടുകാര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയുമോ? അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതിയതിന്റെ പേരിലായാലും പ്രതികാരബുദ്ധിയോടെ സ്വന്തം പാര്‍ടി നേതാക്കളോടു പെരുമാറിയതിന്റെ പേരിലായാലും പിളര്‍പ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം എസ് എ ഡാങ്കേയ്ക്കും കൂട്ടര്‍ക്കുമാണ്. എസ് എ ഡാങ്കേയെ ചെയര്‍മാന്‍പദവിയില്‍ അവരോധിച്ചതും തുടര്‍ന്നുള്ള സ്വേച്ഛാധിപത്യപരമായ ഡാങ്കേയുടെ നടപടികളുമാണ് യഥാര്‍ഥ ദുരന്തം. ഇതില്‍നിന്നെല്ലാം മോചനം നേടി ഒരു യഥാര്‍ഥ തൊഴിലാളിവര്‍ഗ വിപ്ലവ പാര്‍ടിയായി സിപിഐ എം രൂപീകരിച്ചതിലും അതിനെ വളര്‍ത്തിയെടുത്തതിലുമാണ് യഥാര്‍ഥ വിജയം കുടികൊള്ളുന്നത്. ഈ വിജയത്തിന്റെ അമ്പതാം വാര്‍ഷികമാണ് നവംബറില്‍ ആഘോഷിക്കുന്നത്. അതില്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ട്. 32 പേര്‍ ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിച്ചതാണ് ശരിയെന്ന് കേരളത്തില്‍ 1965ല്‍ നടന്ന തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. സിപിഐ എം 40 സീറ്റില്‍ വിജയിച്ചു. സിപിഐ മൂന്ന് സീറ്റിലും. അതൊരളവുകോലായി സ്വീകരിക്കുന്നതല്ലേ ശരി? 1903ല്‍ റഷ്യയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ടിയുടെ രണ്ടാം കോണ്‍ഗ്രസില്‍ ലെനിന്‍ സംഘടനാ തത്ത്വം അവതരിപ്പിച്ച അനുഭവം ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. സംഘടനയും ഘടകവും അച്ചടക്കവും വേണ്ട എന്നു വാദിച്ചവര്‍ അതിനെ എതിര്‍ത്തു. വോട്ടെടുപ്പില്‍ ലെനിന്‍ അവതരിപ്പിച്ച സംഘടനാ തത്ത്വം അംഗീകരിക്കപ്പെട്ടു. ആദ്യത്തെ കൂട്ടര്‍ മെന്‍ഷെവിക്കുകളായും ലെനിന്റെ നേതൃത്വത്തിലുള്ള പാര്‍ടി ബോള്‍ഷെവിക്കുകളായും പിരിഞ്ഞു. ആ ബോള്‍ഷെവിക്കുകളാണ് യഥാര്‍ഥ വിപ്ലവ പാര്‍ടിയായി, മഹത്തായ റഷ്യന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്. പിളര്‍പ്പിനെ ദുരന്തമായി കാണുമ്പോള്‍ ഈ ചരിത്രം മറന്നുപോകരുത്.

സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് ഒരു കത്തെഴുതി നവയുഗം വാരികയില്‍ പ്രസിദ്ധീകരിച്ചതായി കാണാനിടയായി. കത്തിന്റെ ചില ഭാഗങ്ങള്‍ മലയാള മനോരമ പതിവുരീതിയില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുംചെയ്തു. കേരളത്തില്‍ സിപിഐ രൂപീകരണത്തിന്റെ 75-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കാനുള്ള ആഹ്വാനത്തിന്റെ രൂപത്തിലാണ് കത്ത്. 1964ല്‍ സിപിഐ എം രൂപീകരിച്ചതിന്റെ അമ്പതാം വാര്‍ഷികം നവംബറില്‍ ആഘോഷിക്കാന്‍ പാര്‍ടി കേന്ദ്രകമ്മിറ്റി മുമ്പുതന്നെ തീരുമാനിച്ചിട്ടുണ്ട്. അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നത് സിപിഐ സെക്രട്ടറിക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. സിപിഐ എം അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിനെ അധിക്ഷേപിക്കാനാണ് ശ്രമം എന്ന് വ്യക്തമാക്കുന്ന വരികള്‍ കത്തില്‍ കാണുന്നത് വായനക്കാര്‍ക്കുവേണ്ടി ഉദ്ധരിക്കട്ടെ:

"1964ല്‍ പാര്‍ടിയില്‍ നിര്‍ഭാഗ്യകരമായ പിളര്‍പ്പുണ്ടായി. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാത്ത 32 പേര്‍ 101 പേരുള്ള നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി ഒരു പാര്‍ടിയുണ്ടാക്കി. ആ പാര്‍ടിയാണ് സിപിഐ എം. തുടര്‍ന്ന് ആ പാര്‍ടിയില്‍നിന്ന് പിളര്‍ന്നുപോയവര്‍ 32 പാര്‍ടികളായി മാറി എന്നത് ചരിത്രസത്യം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നേരിട്ട വന്‍ തിരിച്ചടിയായിരുന്നു പിളര്‍പ്പ്. അന്ന് പിളര്‍ന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ വന്‍ശക്തിയായി കമ്യൂണിസ്റ്റ് പാര്‍ടി വളരുമായിരുന്നു. ഈ വര്‍ഷം പിളര്‍പ്പ് എന്ന ദുരന്തത്തിന് അമ്പതാം വയസ്സായി. അന്നത്തെ പിളര്‍പ്പായിരുന്നു തുടര്‍ന്നുണ്ടായ പിളര്‍പ്പുകള്‍ക്കെല്ലാം മാതൃകയായത്. പിളര്‍പ്പിനുശേഷം സിപിഐ കേരളത്തില്‍ ഒരുപാട് പ്രയാസം സഹിച്ചാണ് പ്രവര്‍ത്തിച്ചത്. 1967ല്‍ സിപിഐ, സിപിഐ എം യോജിച്ച് പ്രവര്‍ത്തിച്ചു, എങ്കിലും 1969ല്‍ മുന്നണി തകര്‍ന്നു. കേരളം എന്നും ആദരിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളായ എം എന്‍ ഗോവിന്ദന്‍നായരെയും ടി വി തോമസിനെയും കളങ്കപ്പെടുത്താനുള്ള ഹീനശ്രമങ്ങളാണ് ഗവണ്‍മെന്റിന്റെ പതനത്തിലെത്തിയത്. 1969ല്‍തന്നെ സി അച്യുതമേനോന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ നിലവില്‍ വന്നു''. കത്തില്‍ തുടര്‍ന്ന് സിപിഐ സെക്രട്ടറി വിവരിക്കുന്നത് അച്യുതമേനോന്റെ ഏഴുവര്‍ഷത്തെ ഭരണത്തിന്റെ മേന്മയും മഹിമയുമാണ്. അച്യുതമേനോന്റെ ഭരണകാലത്താണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്; എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരുന്ന രാജനെ കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊന്നത്. പിതാവ് ഈച്ചരവാര്യര്‍ക്ക് മകന്റെ ജഡംപോലും കാണാന്‍ കഴിഞ്ഞില്ല. ആയിരക്കണക്കിന് കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ അടിയന്തരാവസ്ഥയുടെ പേരില്‍ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചു. രാജന്‍ മാത്രമല്ല, കക്കുഴി കണ്ണനും വിജയനുമൊക്കെ കൊല്ലപ്പെട്ടത് അക്കാലത്താണ്. അതൊന്നുമല്ല കത്തിലെ പ്രധാന വിഷയം. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാത്ത 32 പേരാണ് 101 അംഗങ്ങളുള്ള നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോയി വേറെ പാര്‍ടിയുണ്ടാക്കിയത് എന്ന ഭാഗമാണ്.32 പേര്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോയി തെനാലിയില്‍ യോഗം ചേര്‍ന്ന് ഏഴാം പാര്‍ടി കോണ്‍ഗ്രസ് വിളിച്ചുകൂട്ടാനാണ് തീരുമാനിച്ചത്. അവര്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കാനുള്ള പരിപാടിക്ക് രൂപം നല്‍കി. 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസില്‍ പാര്‍ടി പരിപാടി അംഗീകരിച്ചു. 32 പേര്‍ നാഷണല്‍ കൗണ്‍സിലില്‍നിന്നിറങ്ങിപ്പോയി വേറെ പാര്‍ടി രൂപീകരിച്ചില്ലായിരുന്നെങ്കില്‍ മാര്‍ക്സിസം ലെനിനിസം അടിസ്ഥാനമാക്കി വര്‍ഗസമര സിദ്ധാന്തം മുറുകെ പിടിച്ച് പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലാളിവര്‍ഗ വിപ്ലവ പാര്‍ടി ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നില്ല.

വലതുപക്ഷ അവസരവാദിയായ എസ് എ ഡാങ്കെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് ഭരണം നടത്തി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപ്പാടെ തകര്‍ക്കുമായിരുന്നു. 32 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇറങ്ങിപ്പോകാന്‍ കാരണക്കാരനായ എസ് എ ഡാങ്കെ സിപിഐയില്‍നിന്ന് പുറത്തുപോയി മകള്‍ റോസാ ദേശ്പാണ്ഡെയുമായി ചേര്‍ന്ന് വേറൊരു പാര്‍ടിയുണ്ടാക്കി. അതും, 1920കളില്‍ ജയിലില്‍ കഴിയവെ എസ് എ ഡാങ്കെ മാപ്പപേക്ഷിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റിനെഴുതിയ കത്തിന്റെ കോപ്പി പുറത്തുവന്നതും മറച്ചുവയ്ക്കേണ്ട വിഷയങ്ങളല്ല. പ്രസ്തുത കത്ത് എഴുതിയത് ഡാങ്കേയാണെങ്കില്‍ അദ്ദേഹത്തിന് സിപിഐയുടെ ചെയര്‍മാനായി തുടരാന്‍ അര്‍ഹതയില്ല എന്നാണ് 32 അംഗങ്ങള്‍ നാഷണല്‍ കൗണ്‍സിലില്‍ വാദിച്ചത്. അതുകൊണ്ട് ഡാങ്കെ അയച്ച കത്തിനെപ്പറ്റി പാര്‍ടി അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തണമെന്നും അന്വേഷണവേളയില്‍ ഡാങ്കെ ചെയര്‍മാന്‍പദവിയില്‍നിന്ന് മാറി നില്‍ക്കണമെന്നുമാണ് വാദമുണ്ടായത്. ഈ വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്താന്‍ അധ്യക്ഷപദവി അലങ്കരിച്ച ഡാങ്കെ തയ്യാറായില്ല. ഉത്തരവാദപ്പെട്ട പാര്‍ടിസഖാക്കള്‍ നാഷണല്‍ കൗണ്‍സില്‍ മുമ്പാകെ ഉയര്‍ത്തിയ അത്യന്തം ഗുരുതരമായ പ്രശ്നം ചര്‍ച്ചചെയ്യാന്‍ തയ്യാറാകാതെ സ്വേച്ഛാധിപത്യരീതിയില്‍ തള്ളിക്കളഞ്ഞ എസ് എ ഡാങ്കേയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് 32 അംഗങ്ങള്‍ ഇറങ്ങിപ്പോയത്. പാര്‍ടി പിളരാനുണ്ടായ ദൗര്‍ഭാഗ്യകരമായ സാഹചര്യം ഒരു സുപ്രഭാതത്തിലുണ്ടായതല്ല. ഒരു ദശാബ്ദക്കാലം നടന്ന ഉള്‍പ്പാര്‍ടി ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു ഇറങ്ങിപ്പോക്കും പിന്നീടുണ്ടായ സംഭവങ്ങളും.പത്തു വര്‍ഷക്കാലം പാര്‍ടിക്കകത്ത് വര്‍ഗ സഹകരണവാദവും വര്‍ഗസമര സിദ്ധാന്തവും ഏറ്റുമുട്ടിയ ഉള്‍പ്പാര്‍ടി ചര്‍ച്ചയെക്കുറിച്ച് വിശദീകരിക്കാന്‍ വിസ്തരഭയത്താല്‍ ഇവിടെ മുതിരുന്നില്ല.

ഇന്ത്യ- ചൈന സംഘര്‍ഷത്തെത്തുടര്‍ന്ന് എസ് എ ഡാങ്കേയും കൂട്ടരും ഒരു കമ്യൂണിസ്റ്റ് പാര്‍ടിക്ക് യോജിച്ച രീതിയിലാണോ പ്രവര്‍ത്തിച്ചത് എന്ന് സിപിഐ സ്വയം വിമര്‍ശനം നടത്താന്‍ തയ്യാറാകണം. ചൈനാചാരന്മാരെന്ന് മുദ്രകുത്തി നൂറുകണക്കിന് സഖാക്കളെ കരുതല്‍ തടങ്കല്‍ നിയമപ്രകാരം ജയിലിലടച്ചു. സിപിഐയിലെ ഒരു വിഭാഗത്തെയാണല്ലോ ജയിലിലടച്ചത്. അവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കേണ്ടതും വിട്ടയക്കണമെന്നാവശ്യപ്പെടേണ്ടതും ചെയര്‍മാന്‍ ഡാങ്കെയുടെയും കൂട്ടരുടെയും ചുമതലയായിരുന്നില്ലേ. പാര്‍ടി ജനറല്‍ സെക്രട്ടറി ഇ എം എസ് പാര്‍ടിയുടെ മുഖവാരികയായ ന്യൂഎയ്ജിന്റെ ചീഫ് എഡിറ്റര്‍കൂടിയായിരുന്നു. ഇ എം എസ് ന്യൂഎയ്ജില്‍ പ്രസിദ്ധീകരിക്കാനായി മുഖപ്രസംഗം തയ്യാറാക്കി പാര്‍ടി ഓഫീസില്‍ ഏല്‍പ്പിച്ചു. ചൈനാചാരന്മാരെന്ന് വ്യാജ മുദ്രകുത്തി ജയിലിലടച്ച കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും ജയിലിലടയ്ക്കപ്പെട്ടവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുമുള്ളതായിരുന്നു മുഖപ്രസംഗം. ന്യൂഎയ്ജ് അച്ചടിച്ച് പുറത്തുവന്നപ്പോള്‍ ഇ എം എസ് എഴുതിയ മുഖപ്രസംഗം കാണാനില്ല. ചെയര്‍മാന്‍പദവി ദുരുപയോഗം ചെയ്ത് ഡാങ്കെ പ്രസ്തുത മുഖപ്രസംഗം തടഞ്ഞുവച്ചു. സ്വന്തം പാര്‍ടിസഖാക്കളെ ജയില്‍മോചിതരാക്കരുതെന്നും അവരെ തുടര്‍ന്നും ജയിലില്‍ വച്ചുകൊണ്ടിരിക്കണമെന്നുമുള്ള ശാഠ്യം എങ്ങനെയാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിയുക? അത്തരം നീചനായ വ്യക്തിയെ ഭൂരിപക്ഷത്തിന്റെ പേരില്‍ അംഗീകരിച്ചുപോകാനും അച്ചടക്കത്തിന്റെ പേരില്‍ ഡാങ്കെയുടെ ഏത് തീരുമാനവും അംഗീകരിച്ചുപോകാനും യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയുമോ?

ഈ സാഹചര്യത്തില്‍ പാര്‍ടിയിലെ പിളര്‍പ്പ് ദുരന്തമാണെങ്കില്‍ ആ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഡാങ്കേയ്ക്കും കൂട്ടുകാര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയുമോ? അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതിയതിന്റെ പേരിലായാലും പ്രതികാരബുദ്ധിയോടെ സ്വന്തം പാര്‍ടി നേതാക്കളോടു പെരുമാറിയതിന്റെ പേരിലായാലും പിളര്‍പ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം എസ് എ ഡാങ്കേയ്ക്കും കൂട്ടര്‍ക്കുമാണ്. എസ് എ ഡാങ്കേയെ ചെയര്‍മാന്‍പദവിയില്‍ അവരോധിച്ചതും തുടര്‍ന്നുള്ള സ്വേച്ഛാധിപത്യപരമായ ഡാങ്കേയുടെ നടപടികളുമാണ് യഥാര്‍ഥ ദുരന്തം. ഇതില്‍നിന്നെല്ലാം മോചനം നേടി ഒരു യഥാര്‍ഥ തൊഴിലാളിവര്‍ഗ വിപ്ലവ പാര്‍ടിയായി സിപിഐ എം രൂപീകരിച്ചതിലും അതിനെ വളര്‍ത്തിയെടുത്തതിലുമാണ് യഥാര്‍ഥ വിജയം കുടികൊള്ളുന്നത്. ഈ വിജയത്തിന്റെ അമ്പതാം വാര്‍ഷികമാണ് നവംബറില്‍ ആഘോഷിക്കുന്നത്. അതില്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ട്. 32 പേര്‍ ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിച്ചതാണ് ശരിയെന്ന് കേരളത്തില്‍ 1965ല്‍ നടന്ന തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. സിപിഐ എം 40 സീറ്റില്‍ വിജയിച്ചു. സിപിഐ മൂന്ന് സീറ്റിലും. അതൊരളവുകോലായി സ്വീകരിക്കുന്നതല്ലേ ശരി? 1903ല്‍ റഷ്യയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ടിയുടെ രണ്ടാം കോണ്‍ഗ്രസില്‍ ലെനിന്‍ സംഘടനാ തത്ത്വം അവതരിപ്പിച്ച അനുഭവം ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. സംഘടനയും ഘടകവും അച്ചടക്കവും വേണ്ട എന്നു വാദിച്ചവര്‍ അതിനെ എതിര്‍ത്തു. വോട്ടെടുപ്പില്‍ ലെനിന്‍ അവതരിപ്പിച്ച സംഘടനാ തത്ത്വം അംഗീകരിക്കപ്പെട്ടു. ആദ്യത്തെ കൂട്ടര്‍ മെന്‍ഷെവിക്കുകളായും ലെനിന്റെ നേതൃത്വത്തിലുള്ള പാര്‍ടി ബോള്‍ഷെവിക്കുകളായും പിരിഞ്ഞു. ആ ബോള്‍ഷെവിക്കുകളാണ് യഥാര്‍ഥ വിപ്ലവ പാര്‍ടിയായി, മഹത്തായ റഷ്യന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്. പിളര്‍പ്പിനെ ദുരന്തമായി കാണുമ്പോള്‍ ഈ ചരിത്രം മറന്നുപോകരുത്.

'69ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് അച്യുതമേനോന്‍ മുഖ്യമന്ത്രിയായത്. അതായത് ഇടതുപക്ഷത്തെ വിട്ട് വലതുപക്ഷത്തോടൊപ്പം ചേരാന്‍ സിപിഐക്കും അച്യുതമേനോനും ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. എല്ലാം മുന്‍കൂട്ടി ചര്‍ച്ച ചെയ്തംഗീകരിച്ച നാടകമായിട്ടാണ് ജനങ്ങള്‍ക്കനുഭവപ്പെട്ടത്. ഈ സംഭവത്തെപ്പറ്റി ഇ എം എസ് പറഞ്ഞത് ഉദ്ധരിക്കാം. "തനിക്ക് വേണ്ടപ്പെട്ടയാളെ നിയമിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിപദം അച്യുതമേനോന്‍ ദുരുപയോഗിക്കുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിച്ചിട്ടില്ല. ഇപ്പോഴും വിശ്വസിക്കുന്നില്ല. കാര്‍ഷിക സര്‍വകലാശാലയ്ക്കുവേണ്ടി സ്ഥലമെടുപ്പു നടത്തിയത് സംബന്ധിച്ച അഴിമതി ആരോപണത്തിലും അച്യുതമേനോന്റെ കൈകള്‍ അഴിമതിയുടെ കറ പുരണ്ടതാണെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. എങ്കില്‍ എന്തുകൊണ്ട് ഈ അഴിമതിയാരോപണ വ്യാപാരങ്ങളില്‍ എന്റെ പാര്‍ടിയും ഞാനും പങ്കാളിയായി എന്ന ചോദ്യം സ്വാഭാവികമായി ഉത്ഭവിക്കും. അതിനുത്തരം പറയാനാണ് ഇവിടെ തുടങ്ങുന്നത്."1947 ആഗസ്ത് 15ന് രാജ്യം സ്വതന്ത്രമായതുതൊട്ട് പുതിയ ഭരണാധികാരികളായ കോണ്‍ഗ്രസുകാര്‍ അഴിമതി നടത്തുന്നതായി വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നു. അവയില്‍ കഴമ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വസ്തുതകള്‍ മഹാത്മാഗാന്ധിയുടെ മുന്നില്‍പോലുമെത്തി. അദ്ദേഹത്തിന്റെ കാലശേഷമാകട്ടെ ചില മുഖ്യമന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് പ്രധാനമന്ത്രി നെഹ്റുവിന് ബോധ്യപ്പെട്ടു. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായിരുന്ന ടി ടി കൃഷ്ണമാചാരിയെ മുന്ധ്ര കുംഭകോണത്തിന്റെ പേരില്‍ ഒഴിവാക്കാന്‍പോലും അദ്ദേഹം നിര്‍ബന്ധിക്കപ്പെട്ടു. അങ്ങനെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മന്ത്രിമാര്‍ അഴിമതിയുടെ പര്യായങ്ങളായിത്തീര്‍ന്നു. ഇതിനിടയ്ക്കാണ് കേരളത്തില്‍ 1957ല്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് നിലവില്‍വന്നത്. അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് 'കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അഴിമതികളെക്കുറിച്ച്' വാചാലമായി പ്രസംഗിക്കാന്‍ തുടങ്ങി. തങ്ങള്‍ക്കുനേരെ സത്യത്തെ ആസ്പദമാക്കി ഉയര്‍ന്നുവന്ന ആരോപണം സംഗതിവശാല്‍ സംസ്ഥാനതലത്തില്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ അവര്‍ തിരിച്ചുവിട്ടു. "ഇതിന്റെ ഒരാവര്‍ത്തനമാണ് 1967ല്‍ സിപിഐ എം നേതൃത്വത്തില്‍ രൂപപ്പെട്ട സപ്തകക്ഷി മുന്നണി ഗവണ്‍മെന്റിനകത്തെ സിപിഐ എമ്മിനും അതിന്റെ മന്ത്രിമാര്‍ക്കും കൂടെനില്‍ക്കുന്ന മന്ത്രിമാര്‍ക്കും എതിരെ "കുറുമുന്നണി'ക്ക് നേതൃത്വം നല്‍കിയിരുന്ന സിപിഐയും ആര്‍എസ്പിയും ഉയര്‍ത്തിയ ആരോപണങ്ങള്‍. ആര്‍എസ്പി നേതാവ് ശ്രീകണ്ഠന്‍നായര്‍ തയ്യാറാക്കിയ ഒരു രേഖയില്‍ സിപിഐ എമ്മിനെതിരെ വ്യക്തമായ ഒരാരോപണമുണ്ടായിരുന്നു. തുടര്‍ന്ന് കെടിപി മന്ത്രിയായിരുന്ന വെല്ലിങ്ടണെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. അവസാനം കുറുമുന്നണിയില്‍പ്പെടാത്ത മന്ത്രിമാരില്‍ മുഖ്യമന്ത്രിയായ ഞാനൊഴിച്ച് മറ്റെല്ലാവരുടെയും മേലുള്ള അഴിമതിയാരോപണത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമീഷനെ നിയമിക്കണമെന്ന പ്രമേയം 'കുറുമുന്നണി' നിയമസഭയിലവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. 1957-59 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കും അതിന്റെ ഗവണ്‍മെന്റിനുമെതിരെ കോണ്‍ഗ്രസ് ഉപയോഗിച്ച രാഷ്ട്രീയായുധം സിപിഐ എമ്മിനെതിരെ സിപിഐയും കൂട്ടരും ഉപയോഗിച്ചു എന്നാണല്ലോ ഇതിനര്‍ഥം. ഇത് സ്വാഭാവികമായി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ അമ്പരപ്പിച്ചു. അവരില്‍ ഒരാളായ വടക്കനച്ചന്‍ ഇതിന്റെ പേരില്‍ സിപിഐയെ വിമര്‍ശിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തെ സമാധാനിപ്പിക്കുന്നതിനുവേണ്ടി അച്യുതമേനോന്‍ ദീര്‍ഘമായ ഒരു കത്തെഴുതിയത് പിന്നീട് പത്രങ്ങളില്‍വന്നു. അതില്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്നാമത് വെല്ലിങ്ടന്റെ പേരില്‍ ആരോപണമുന്നയിക്കുകയും അതേക്കുറിച്ചന്വേഷണം നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തതിന്റെ കാരണം അദ്ദേഹത്തോടെന്തെങ്കിലും വൈരാഗ്യമുള്ളതുകൊണ്ടല്ല. പിന്നെയോ? അദ്ദേഹം 'മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ' ഒരു ദാസനെപ്പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനാലാണ്; അദ്ദേഹത്തെ അതില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനാണ്. രണ്ടാമത് മുഖ്യമന്ത്രി ഒഴിച്ച് അദ്ദേഹത്തിന്റെ കൂടെനില്‍ക്കുന്ന എല്ലാ മന്ത്രിമാരുടെയും പേരില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടത് അവരെല്ലാം അഴിമതിക്കാരാണെന്ന് വിശ്വസിച്ചുകൊണ്ടല്ല. സപ്തകക്ഷി മുന്നണിയെയും മന്ത്രിസഭയെയും പുനഃസംഘടിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ്. 1957-59ല്‍ കോണ്‍ഗ്രസിന്റെ എന്നപോലെ 1967-69ല്‍ സിപിഐയുടെയും കൈയില്‍ അഴിമതിയാരോപണം ഒരു രാഷ്ട്രീയായുധമായിരുന്നുവെന്നാണല്ലോ ഇതിന്നര്‍ഥം....... എന്റെ മുന്നില്‍വന്നിട്ടുള്ള മറ്റഴിമതിയാരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ ഞാനുത്തരവിടുന്നു. അങ്ങനെ കുറുമുന്നണിയില്‍പ്പെട്ടവരും അല്ലാത്തവരുമായ എല്ലാ മന്ത്രിമാരുടെയും പേരില്‍ അന്വേഷണത്തിനുത്തരവിടുന്ന സ്ഥിതിവിശേഷംവന്നു. ഇത് ഞാനുപയോഗിച്ച രാഷ്ട്രീയായുധമായിരുന്നു എന്ന് പറയാന്‍ എനിക്ക് മടിയില്ല.'' (ഇ എം എസ്- അച്യുതമേനോന്‍ വ്യക്തിയും രഷ്ട്രീയവും പേജ് 89,90,91). പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞ രണ്ടാമത്തെ "കളങ്കപ്പെടുത്ത'ലിന്റെ കാര്യം അന്നത്തെ മുഖ്യമന്ത്രിയും പാര്‍ടിനേതാവുമായിരുന്ന ഇ എം എസ് തന്നെ വേണ്ടുവോളം വ്യക്തമാക്കിയ നിലയ്ക്ക് കൂടുതല്‍ വിവരിക്കേണ്ടതില്ല. ഇത്രയും എഴുതേണ്ടിവന്നത് പന്ന്യന്‍ രവീന്ദ്രന്‍ ഭാഗികമായി ചില ആരോപണങ്ങള്‍ അനവസരത്തില്‍ എഴുതിയതുകൊണ്ടാണ്. ഇത്തരം വിമര്‍ശനങ്ങള്‍ ഇടതുപക്ഷ ഐക്യത്തിന് തടസ്സമാകുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. രണ്ടു പാര്‍ടിയെന്ന നിലയില്‍ വിമര്‍ശനം അനിവാര്യമാണ്. അടിയന്തരാവസ്ഥയെ അനുകൂലിച്ച നിലപാട് സിപിഐ ഭട്ടിന്‍ഡ കോണ്‍ഗ്രസില്‍ തിരുത്തിയ കാര്യം ഞങ്ങള്‍ മറക്കുന്നില്ല. സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികവും നൂറാം വാര്‍ഷികവുമൊക്കെ നമുക്ക് കൂട്ടായും വേറിട്ടുമാഘോഷിക്കാം. അങ്ങനെ ചെയ്യുമ്പോള്‍ സിപിഐ എം രൂപീകരിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിനെ പ്രത്യക്ഷമായോ പരോക്ഷമായോ അധിക്ഷേപിക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊള്ളട്ടെ.

 

24-Oct-2014