നോര്‍ത്ത് ഈസ്റ്റ് എക്സ് പ്രസ്
രശ്മി കിട്ടപ്പ
കുതിച്ചുപായുന്ന വണ്ടി പുറന്തള്ളുന്ന കാഴ്ചകളിലേക്ക് കണ്ണുതറുക്കാതെ അവളിപ്പോള്‍ എന്തൊക്കെയോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്. മുന്നിലിരിക്കുന്ന മുഖമില്ലാത്ത രൂപത്തിലെ തീര്‍ച്ചയായും അവള്‍ക്കറിയാം. ഒരുപാടു തവണ യാത്രകളില്‍ അവളയാളെ കണ്ടിട്ടുണ്ട്. ഓരോ തവണയും ഓരോ പേരുകളില്‍, ഓരോ വേഷങ്ങളില്‍. അപ്പൊഴൊക്കെയും ഒരു കറുത്ത ബാഗ് അയാളുടെ കൈയിലുണ്ടായിരുന്നു. പലതവണ അവള് ചോദിച്ചിട്ടുണ്ട് അതിനുള്ളിലെന്താണെന്ന്. എന്നെങ്കിലുമൊരിക്കല്‍ തീര്‍ച്ചയായും അതവളോട് പറയുമെന്ന് അയാള്‍ വാക്കുകൊടുത്തതുമാണ്. ഇന്നെങ്കിലും അയാളത് പറയുമെന്ന പ്രതീക്ഷയിലാണവള്‍. പകല്‍ ഒടുങ്ങാറാകുന്നു. യാത്ര അവസാനിക്കാന്‍ സമയമായി എന്ന് ആരോ അവളെ ഓര്‍മ്മിപ്പിക്കുന്നു. നിറുത്താതെ അടിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണില്‍ ഭര്‍ത്താവിന്റെ പേരു തെളിഞ്ഞുവരുന്നത് മയക്കത്തില്‍ നിന്നുണരുന്ന അവള് വ്യക്തമായി കാണുന്നുണ്ടായിരുന്നു. മുന്നില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റിലേക്ക് അലസമായി നോക്കിക്കൊണ്ട് അവള് ഫോണെടുത്തു. ''ഉറങ്ങുകയായിരുന്നോ'' എന്ന അപ്പുറത്തു നിന്നുള്ള ചോദ്യത്തിന് ഒരുനിമിഷം ആലോചിച്ച് അവള് മറുപടി പറഞ്ഞു. ''അല്ല.'' അല്ലെങ്കിലും യാത്രകളിലെ പകലുറക്കം അവള്‍ക്കിഷ്ടമല്ലല്ലോ... |
വണ്ടി പുറപ്പെടാറായിട്ടില്ല. മറ്റൊരു യാത്രയുടെ തുടക്കത്തിലാണവള്. വിളഞ്ഞുകിടക്കുന്ന ഗോതമ്പു പാടങ്ങള്‍ പിന്നിട്ട് കരിമ്പിന്‍തോട്ടങ്ങളും ചോളവയലുകളും കടന്ന് വീണ്ടുമൊരു യാത്ര. പഴകിത്തുടങ്ങുന്ന പുറംകാഴ്ചകള്‍. അതേ മരങ്ങള്‍, അതേ പുഴകള്‍, അതേ കുന്നുകള്‍. പുറകിലേക്കു പോകുന്ന കാഴ്ചകളില്‍ മാറിക്കൊണ്ടിരിക്കുന്നത് മനുഷ്യര്‍മാത്രം.
കംപാര്‍ട്ട്മെന്റ് സജീവമായിരുന്നു. ദീര്ഘയാത്രയ്ക്കൊരുങ്ങുന്നവരുടെ ആകാംക്ഷ നിറഞ്ഞ മുഖങ്ങള്‍. സാധനങ്ങള്‍ സുരക്ഷിതമായി വെക്കുന്ന തിരക്കിലാണ് പലരും. എവിടെ നിന്നൊക്കെയോ വന്ന് എങ്ങോട്ടൊക്കെയോ പോകുന്നവര്‍. ഒരു പകല്‍ നീണ്ട യാത്രയാണ് അവള്‍ക്കും ചെയ്യാനുള്ളത്.
''മാഡത്തിന്റെ സീറ്റ് നമ്പര്‍...'' വ്യക്തമായ ഹിന്ദിയില്‍ ആരോ ചോദിക്കുന്നു. പുറത്തേക്കു നോക്കിയിരിക്കുകയായിരുന്ന അവള് ശബ്ദം കേട്ടിടത്തേക്ക് നോക്കി. ഒരു കറുത്ത ബാഗ് കൈയില്‍ പിടിച്ച് പൊക്കം കുറഞ്ഞ ഒരാള്‍. ചെറിയൊരു നീലബാഗ് തോളില്‍ തൂങ്ങുന്നുണ്ട്. ഉറക്കച്ചടവുണ്ടോ കണ്ണുകളില്‍?
''പന്ത്രണ്ടാണോ?''.... അയാള്‍ പിന്നെയും ചോദിക്കുന്നു.
''അതെ...''
കയറുന്നതിനു മുന്‍പ് ഒരുപാടു തവണ ഉറപ്പുവരുത്തിയിരുന്നതുകൊണ്ട് വീണ്ടുമൊരിക്കല്‍ക്കൂടി ടിക്കറ്റെടുത്തു നോക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
''പന്ത്രണ്ട്.... സൈഡ് അപ്പര്‍.''
അവള് മറുപടി പറയുന്നതിനു മുന്‍പ് തന്നെ എതിര്‍സീറ്റില്‍ ഇരുന്നുകഴിഞ്ഞിരുന്നു അയാള്‍.
പെട്ടെന്നാണവള്‍ താനിരിക്കുന്ന സീറ്റ് നമ്പര്‍ നോക്കിയത്... പതിനൊന്ന്.
''ക്ഷമിക്കണം ഞാനിരിക്കുന്നത് താങ്കളുടെ സീറ്റിലാണ്.''
അവള് എഴുന്നേല്ക്കാന് ഭാവിച്ചു.
''സാരമില്ല, മാഡം ഇരുന്നോളൂ.... സീറ്റ് ഏതായാലെന്താ... മാഡത്തിന്റെ ബെര്‍ത്ത് മുകളിലല്ലെ. വിരോധമില്ലെങ്കില്‍ ഞാന്‍ കുറച്ചുകഴിഞ്ഞ് മുകളിലേക്കു പോകാം.'' ഉറക്കം അയാളുടെ കണ്ണുകളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നത് വെറുതെ തോന്നിയതായിരുന്നില്ല.
ചെറിയ അബദ്ധങ്ങള്‍ പതിവായിരുന്നു അവളുടെ യാത്രകളില്‍. ഇപ്പോഴിതാ സീറ്റു മാറിപ്പോയിരിക്കുന്നു.
ഉള്ളിലുണര്ന്നൊരു ചിരിയെ പുറത്തുവരാന്‍ സമ്മതിക്കാതെ അവള് കൈയിലിരുന്ന പത്രത്തിന്റെ താളുകള്‍ വെറുതെ മറിച്ചുനോക്കിക്കൊണ്ടിരുന്നു.
യാത്രകളിലെ പകലുറക്കം അവളിഷ്ടപ്പെട്ടിരുന്നില്ല. ട്രെയിനില്‍ കയറിയാല്‍ ഉറക്കം മാത്രം കൊതിക്കുന്നവരുണ്ട്. ദീര്‍ഘദൂര വണ്ടികളില്‍ പകല്‍നേരത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്നവരെ പലപ്പോഴും അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. ഒരുപക്ഷെ പുറംകാഴ്ചകള്‍ മടുത്തിട്ടാവണം അല്ലെങ്കില്‍ ഒരു യാത്രയും പുതിയതായി ഒന്നും തരുന്നില്ലെന്ന തിരിച്ചറിവുകൊണ്ടാവണം ഉറക്കത്തിലേക്ക് ഊളിയിട്ടുപോകുന്നത് മിക്കവരും.
''മാഡത്തിന് എവിടെയാണ് ഇറങ്ങേണ്ടത്?''
മുന്നിലിരുന്നയാള്‍ അപരിചിതത്വത്തിന്റെ മറ നീക്കാനുള്ള ശ്രമത്തിലാണ്.
അവള് സ്ഥലപ്പേരു പറഞ്ഞു.
അയാള്‍ അത്ഭുതത്തോടെയും അതില്‍ക്കൂടുതല്‍ സന്തോഷത്തോടെയും അവളെ നോക്കി.
''ഞാനും അങ്ങോട്ടാണ് മാഡം.''
യാത്രയില്‍ കൂടെയിറങ്ങാന്‍ മറ്റൊരാളുണ്ടാവുക. ഒരുമിച്ചു കയറി ഒരുമിച്ച് അവസാനിപ്പിക്കുന്ന ഒരു യാത്ര. നമുക്കു പോകേണ്ടിടത്തേക്കു തന്നെ മറ്റൊരാളും. ഒറ്റയ്ക്കു യാത്ര ചെയ്യുന്നവരുടെ മനശ്ശാസ്ത്രം കുറച്ചുകാലമായി പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ യാത്രക്കിടയില്‍ ഇതുപോലെ എത്രയോ മുഖങ്ങളെ കണ്ടിരിക്കുന്നു. ഒരേ വണ്ടിയില്‍ ഒരു സ്ഥലത്തുനിന്നും കയറുകയും വഴിയിലെവിടെയൊക്കെയോ ഇറങ്ങിപ്പോവുകയും ചെയ്തവര്‍... ഇടയിലെവിടെനിന്നൊക്കെയോ കയറി എങ്ങോട്ടൊക്കെയോ യാത്ര ചെയ്തവര്‍. അവര്‍ക്കൊന്നും ഇപ്പോള്‍ മുഖങ്ങളേയില്ല. എല്ലാം വെറും രൂപങ്ങളായി മാറാന്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രം. അതില്‍ക്കൂടുതല്‍ ഒരു മുഖവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാറില്ല. അവള്ക്കിറങ്ങേണ്ട സ്റ്റേഷനും കഴിഞ്ഞ് പിന്നെയും ഒരുദിവസം കൂടി യാത്രചെയ്യണം ഈ വണ്ടിക്ക് ലക്ഷ്യത്തിലെത്താന്‍.... അതിനിടയില്‍ എത്രയെത്ര മുഖങ്ങളെ നെഞ്ചില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ടാവും ഈ തീവണ്ടി....
''മാഡം അവിടെ ജോലി ചെയ്യുകയാണോ?''
വെറുതെയിരുന്നു മടുത്തിട്ടാവും അയാള്‍ ചോദിക്കുന്നു.
''അല്ല. എന്റെ ഭര്‍ത്താവിന് അവിടെയാണ് ജോലി.''
കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നതിനു മുന്‍പ് അവള് പറഞ്ഞു തുടങ്ങി.
കുറെക്കാലമായി ഡല്‍ഹിയിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഭര്‍ത്താവിനു സ്ഥലംമാറ്റമായി. കുട്ടികള്‍ രണ്ടുപേരുള്ളതില്‍ ഒരാള്‍ ഡല്‍ഹിയിലും മറ്റെയാള്‍ ബാംഗ്ലൂരിലും പഠിക്കുന്നു. നാട്ടില്‍ പ്രായമായ അച്ഛനുമമ്മയും. ഇടക്കൊക്കെ അവരെ കാണാനായി യാത്രകള്‍. നാട്ടില്‍ നിന്നും നേരിട്ട് യാത്രാസൗകര്യം ഇല്ലാത്തതുകൊണ്ട് ഡല്‍ഹിവഴി യാത്രകള്‍.
അയാള്‍ കേട്ടിരിക്കുകയായിരുന്നു.
ഏറെക്കാലം മുന്‍പ് കല്യാണം കഴിഞ്ഞ് നാട്ടില്‍നിന്നും പോരുമ്പോള്‍ മുത്തശ്ശി തന്ന ഉപദേശം കുറക്കാലം കൂടെക്കൊണ്ടു നടന്നിരുന്നു. ട്രെയിനില്‍ കയറിയാല്‍ ആരോടും സംസാരിക്കാന്‍ പാടില്ല. പിന്നീട് കാലമതിന് അനുഭവങ്ങളുടെ പരിവേഷം കൊടുത്തു തുടങ്ങി. ആരോടും എവിടെവെച്ചും സംസാരിക്കാന്‍ മടിയില്ലാതായി. ലോകത്തെ അറിഞ്ഞുതുടങ്ങുമ്പോള്‍ നേരും നുണയും ഒരുപരിധിവരെ വെവ്വേറെ കാണാനാവുമെന്ന സത്യം പറഞ്ഞുകൊടുത്ത് സമാധാനിപ്പിക്കാന്‍ ഇന്നു മുത്തശ്ശിയില്ല.
വണ്ടി ഇനിയും ഇളകിത്തുടങ്ങിയിട്ടില്ല. അവള് പുറംകാഴ്ചകളിലേക്ക് കണ്ണു പായിച്ചു.
''എന്റെ ഐഡന്റിറ്റി കാര്‍ഡ് കാണുന്നില്ല.''
തിരിഞ്ഞുനോക്കുമ്പോള്‍ മുന്‍പിലിരുന്നയാള്‍ പേഴ്സില്‍ തിരയുകയാണ്. കണ്ടുകിട്ടാത്തതുകൊണ്ട് ജീന്‍സിന്റെയും ഷേര്ട്ടിന്റെയും പോക്കറ്റില്‍ മാറി മാറി തപ്പിനോക്കുന്നുമുണ്ട്. അതിലൊന്നും കാണാത്തതു കൊണ്ടായിരിക്കണം താഴെ സീറ്റിനടിയില്‍ വെച്ചിരുന്ന ചെറിയ ബാഗ് വലിച്ചെടുത്ത് അതിനുള്ളിലും പരതി നോക്കുന്നുണ്ട്. വലിയ ബാഗ് മുകളിലെ ബെര്‍ത്തിലാണ് വെച്ചിരിക്കുന്നത്. അതില്‍മാത്രം അയാള്‍ തിരഞ്ഞില്ല എന്നത് അവളെ കുറച്ചൊന്നത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.
''ഭാര്യ രണ്ടു മൂന്നു തവണ ഓര്‍മ്മിപ്പിച്ചതാണ് ഐഡന്റിറ്റി കാര്‍ഡിന്റെ കാര്യം. സാധാരണ അത് പേഴ്സില്‍ തന്നെ ഉണ്ടാവും.... പുറത്തെടുത്തു വെക്കാറില്ല.... എങ്ങനെയോ മിസ്പ്ലേയ്സ് ആയിപ്പോയി...'' .... അയാള്‍ പരിഭ്രമത്തോടെ പറഞ്ഞുകൊണ്ടിരുന്നു...
പുറത്ത് ടി.ടി.ഇ.യുടെ ചുറ്റും ഒരുപാടുപേര് കൂടിനില്ക്കുന്നു. വണ്ടി പുറപ്പെടാറാവുന്നു എന്നതിന്റെ മുന്നറിയിപ്പ്. ഇതൊരു സ്ഥിരം കാഴ്ചയാണ്. അവസാനനിമിഷത്തില്‍ സീറ്റ് തരപ്പെടുത്തിയെടുക്കാന്‍ ഓടി നടക്കുന്നവര്‍, ഉറപ്പാക്കിയ ടിക്കറ്റ് ആയിരുന്നിട്ടും അവസാനലിസ്റ്റില്‍. പേരില്ലാത്തവര്‍.... അങ്ങനെ തീര്‍ത്താല്‍ തീരാത്ത പ്രശ്നങ്ങള്‍ക്കു നടുവില്‍ കറുത്തകോട്ടിട്ട് ചോദ്യചിഹ്നംപോലെ ടി.ടി.ഇ.
''ടി.ടി.ഇയെക്കണ്ട് കാര്യം പറഞ്ഞാലോ?'' അവള് പുറത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു.
''വേണ്ട മാഡം, ഇതു പറഞ്ഞാല്‍ ട്രെയിനില്‍ കയറാന്‍ സമ്മതിക്കില്ല അയാള്‍... വണ്ടി നീങ്ങിത്തുടങ്ങട്ടെ എന്നിട്ടു പറയാം....''
പരിഭ്രമം മറച്ചുകൊണ്ട് അയാള്‍ പറഞ്ഞു. എന്നിട്ടു പിന്നെയും തിരച്ചില്‍ ആരംഭിച്ചു.
ഇ.ടിക്കറ്റിനു ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാണെന്ന കാര്യം അറിയാമായിരുന്നിട്ടും വണ്ടിയില്‍ കയറുന്നതിനു മുന്‍പ് അയാള്‍ അതു നോക്കി ഉറപ്പുവരുത്തിയില്ലെന്നത് അവളെ കുറച്ചൊന്നു അത്ഭുതപ്പെടുത്തി... മറന്നു പോയതാവണം. പുറത്തെ തിരക്കു കുറഞ്ഞിരിക്കുന്നു. വണ്ടി പതുക്കെ ഇളകിത്തുടങ്ങി. കൂട്ടംകൂടി നിന്നവരില്‍ കുറച്ചുപേര്‍ മാത്രം ഇപ്പോള്‍ പുറത്തു നില്‍ക്കുന്നുണ്ട്. ഇളകിത്തുടങ്ങിയ വണ്ടിയെ നിരാശയോടെ നോക്കുകയാണ് പലരും. സീറ്റ് തരപ്പെടുത്തിയെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം അവരുടെ മുഖത്തുനിന്നും അവള് വായിച്ചെടുത്തു. മുന്നിലിരിക്കുന്നയാള്‍ ഇപ്പോളും ഐഡന്റിറ്റി കാര്‍ഡ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. വിട്ടുപോകുന്ന കാഴ്ചകളിലേക്ക് കണ്ണുകളോടിച്ച് അവള് സീറ്റില്‍ ചാരിക്കിടന്നു....
ആവശ്യത്തിലേറെ ഗൗരവം മുഖത്തുവരുത്തിയ ഒരാളായിരുന്നു ടി.ടി.ഇ. ആ ഗൗരവം ഒട്ടും കുറക്കാതെയാണ് അയാള്‍ അവളോട് ടിക്കറ്റ് കാണിക്കാനാവശ്യപ്പെട്ടതും. ബാഗില്‍ സുരക്ഷിതമായി വെച്ചിരുന്ന് ടിക്കറ്റെടുത്തുകൊടുക്കുമ്പോള് അവള് മുന്നിലിരിക്കുന്നയാളെ നോക്കി. പുറത്തേക്കെങ്ങോട്ടോ നോക്കിയിരിക്കുകയാണയാള്‍. മുഖത്ത് പരിഭ്രമമുണ്ടോ?
ടിക്കറ്റ് പരിശോധിച്ച് ടി.ടി.ഇ. ഐഡന്റിറ്റി പ്രൂഫ് കാണിക്കാനാവശ്യപ്പെടുമെന്ന് അവള് പ്രതീക്ഷിച്ചതേയില്ല. വളരെക്കാലമായി യാത്ര ചെയ്യുന്നു. ഐഡന്റിറ്റി പ്രൂഫ് കൈയിലുണ്ടല്ലോ എന്നല്ലാതെ ഒരിക്കല്‍പോലും അതെടുത്ത് കാണിക്കേണ്ട ആവശ്യം വന്നിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെയെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. വെറും പേരിനു മാത്രമായി എഴുതപ്പെട്ട നിയമങ്ങളില്‍ ഒന്നാണോ ഇതും എന്നു തോന്നിപ്പോയിട്ടുണ്ട് പലപ്പോഴും... ടി.ടി.ഇ. ഇപ്പോള്‍ മുന്നിലിരിക്കുന്ന ആളുടെ നേര്‍ക്കു തിരിഞ്ഞു നില്‍ക്കുകയാണ്. ടിക്കറ്റെടുത്തു കാണിക്കുമ്പോള്‍ അയാളുടെ കൈകള്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
''ഐഡന്റിറ്റി പ്രൂഫ് കൈയിലുണ്ടല്ലോ അല്ലെ'' ടി.ടി.യുടെ ചോദ്യം അയാളോടാണ്...
ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ അയാള്‍ പേഴ്സ് പുറത്തെടുക്കാനൊരുങ്ങി. വേണ്ട കൈയിലിരിക്കട്ടെ എന്ന ആംഗ്യം കാണിച്ച് ടി.ടി.ഇ. അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് നടന്നുതുടങ്ങി. ഓര്‍മ്മയിലെ മുഖമില്ലാത്ത രൂപങ്ങള്ക്കിടയിലേക്ക് ഒരു കറുത്തകോട്ടിനെക്കൂടി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള് മുന്നിലിരിക്കുന്നയാളെ നോക്കി. അയാളുടെ മുഖത്ത് നിറഞ്ഞ ചിരി. ഇതിത്രയൊക്കെ ഉള്ളുവെന്നാണോ അതോ രക്ഷപ്പെട്ടു എന്നതാണോ ആ ചിരിയുടെ പൊരുള്‍. ഉത്തരം കിട്ടാത്ത ഒരുകൂട്ടം ചോദ്യങ്ങള്‍ തിങ്ങിക്കയറി വരുന്ന മനസ്സുമായി അവള് സീറ്റില്‍ ചാരി കണ്ണടച്ചു കിടന്നു.
കുതിച്ചുപായുന്ന വണ്ടി പുറന്തള്ളുന്ന കാഴ്ചകളിലേക്ക് കണ്ണുതറുക്കാതെ അവളിപ്പോള്‍ എന്തൊക്കെയോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്. മുന്നിലിരിക്കുന്ന മുഖമില്ലാത്ത രൂപത്തിലെ തീര്‍ച്ചയായും അവള്‍ക്കറിയാം. ഒരുപാടു തവണ യാത്രകളില്‍ അവളയാളെ കണ്ടിട്ടുണ്ട്. ഓരോ തവണയും ഓരോ പേരുകളില്‍, ഓരോ വേഷങ്ങളില്‍. അപ്പൊഴൊക്കെയും ഒരു കറുത്ത ബാഗ് അയാളുടെ കൈയിലുണ്ടായിരുന്നു. പലതവണ അവള് ചോദിച്ചിട്ടുണ്ട് അതിനുള്ളിലെന്താണെന്ന്. എന്നെങ്കിലുമൊരിക്കല്‍ തീര്‍ച്ചയായും അതവളോട് പറയുമെന്ന് അയാള്‍ വാക്കുകൊടുത്തതുമാണ്. ഇന്നെങ്കിലും അയാളത് പറയുമെന്ന പ്രതീക്ഷയിലാണവള്‍. പകല്‍ ഒടുങ്ങാറാകുന്നു. യാത്ര അവസാനിക്കാന്‍ സമയമായി എന്ന് ആരോ അവളെ ഓര്‍മ്മിപ്പിക്കുന്നു.
നിറുത്താതെ അടിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണില്‍ ഭര്‍ത്താവിന്റെ പേരു തെളിഞ്ഞുവരുന്നത് മയക്കത്തില്‍ നിന്നുണരുന്ന അവള് വ്യക്തമായി കാണുന്നുണ്ടായിരുന്നു. മുന്നില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റിലേക്ക് അലസമായി നോക്കിക്കൊണ്ട് അവള് ഫോണെടുത്തു.
''ഉറങ്ങുകയായിരുന്നോ'' എന്ന അപ്പുറത്തു നിന്നുള്ള ചോദ്യത്തിന് ഒരുനിമിഷം ആലോചിച്ച് അവള് മറുപടി പറഞ്ഞു.
''അല്ല.''
അല്ലെങ്കിലും യാത്രകളിലെ പകലുറക്കം അവള്‍ക്കിഷ്ടമല്ലല്ലോ...
13-Feb-2014
വീണ
മാജി ഷെറീഫ്
ദുര്‍ഗ മനോജ്
ആര് സി
സവിത എ പി