അമേരിക്കയെ സൂക്ഷിക്കുക

സ്‌പെയിനില്‍ ഒരു മാസം ആറു കോടി ഫോണ്‍കോള്‍ യു എസ് ചോര്‍ത്തിയതായുള്ള വാര്‍ത്ത ഒബാമ സര്‍ക്കാരിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണ്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഫോണ്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയ വിവരം പുറത്തുവന്നതോടെ ഒബാമ പ്രതിരോധത്തിലായിരിക്കുന്നു. സൈനികരഹസ്യം മാത്രമല്ല, വ്യവസായരഹസ്യം ഉള്‍പ്പെടെയുള്ള സകലകാര്യങ്ങളും ചോര്‍ത്തി ശേഖരിക്കുന്ന അത്യന്തം ഹീനപ്രവര്‍ത്തനത്തിലാണ് അമേരിക്ക ഏര്‍പ്പെട്ടത്.

ഓരോ ദിവസവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുടിലതകള്‍ പുറത്തുവരുന്നുണ്ട്. ചാരവൃത്തിയില്‍ അമേരിക്കന്‍ ഭരണാധികാരികള്‍ എന്നും മുമ്പന്തിയിലാണെന്നതില്‍ സംശയമില്ല. അമേരിക്കന്‍ സിഐഎയുടെ നീരാളിപ്പിടിത്തം അനുഭവിച്ചറിയാത്തവരില്ല. എന്നാല്‍,സ്വന്തം ചേരിയില്‍പ്പെട്ട, ഉറ്റമിത്രങ്ങളായി പരിഗണിക്കപ്പെടുന്ന രാഷ്ട്രങ്ങളുടെ രഹസ്യം ചോര്‍ത്തുന്ന ചാരപ്പണിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

 

വടക്കന്‍കൊറിയ, ക്യൂബ, ഇറാന്‍, സിറിയ എന്നിങ്ങനെയുള്ള അമേരിക്കന്‍വിരുദ്ധ ചേരിയിലുള്ള സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളെ തെമ്മാടിരാഷ്ട്രങ്ങള്‍ എന്നാണ് അമേരിക്ക വിളിക്കാറുള്ളത്. ഈ രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കാന്‍ നിരന്തരം ശ്രമം നടത്തുകയും ചെയ്തതാണ്. ഇറാഖിനെ സൈനികാക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി സദ്ദാം ഹുസൈനെയും കുടുംബാംഗങ്ങളെയും സഹായികളെയും കൂട്ടത്തോടെ കൊന്നൊടുക്കിയത് ലോകം ഒരിക്കലും മറക്കുകയും പൊറുക്കുകയുമില്ല.

മറ്റ് രാഷ്ട്രങ്ങളിലെ ഭരണം അട്ടിമറിക്കാനും പാവസര്‍ക്കാരുകളെ അവരോധിക്കാനുമാണ് അമേരിക്ക ശ്രമിക്കാറുള്ളത്. ലിബിയയില്‍ അട്ടിമറി സംഘടിപ്പിക്കുന്നതിലും അവര്‍ വിജയിച്ചു. സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം വിജയിച്ചില്ല. സിറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം ഒരുതരത്തിലുള്ള യുദ്ധംതന്നെയാണ്. സൈനികശക്തി ഉപയോഗിച്ചുള്ള തുറന്ന യുദ്ധമല്ലെന്നുമാത്രം.

രാഷ്ട്രങ്ങളുടെ രഹസ്യം ചോര്‍ത്തുന്നതില്‍ അമേരിക്കക്ക് സ്വന്തം ന്യായം കണ്ടെത്താന്‍ കഴിഞ്ഞേക്കാം. എന്നാല്‍, നാറ്റോ അംഗരാഷ്ട്രങ്ങളുടെ രഹസ്യം ചോര്‍ത്തുന്നതിന് എന്താണ് ന്യായീകരണം. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ രഹസ്യം ചോര്‍ത്തിയ വിവരം പുറത്തുവന്നുകഴിഞ്ഞു. 28 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ യൂണിയന്‍ യോഗം ചേര്‍ന്ന് ഈ വിഷയം ചര്‍ച്ചചെയ്യുകയുണ്ടായി.

സ്‌പെയിനില്‍ ഒരു മാസം ആറു കോടി ഫോണ്‍കോള്‍ യു എസ് ചോര്‍ത്തിയതായുള്ള വാര്‍ത്ത ഒബാമ സര്‍ക്കാരിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണ്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഫോണ്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയ വിവരം പുറത്തുവന്നതോടെ ഒബാമ പ്രതിരോധത്തിലായിരിക്കുന്നു. സൈനികരഹസ്യം മാത്രമല്ല, വ്യവസായരഹസ്യം ഉള്‍പ്പെടെയുള്ള സകലകാര്യങ്ങളും ചോര്‍ത്തി ശേഖരിക്കുന്ന അത്യന്തം ഹീനപ്രവര്‍ത്തനത്തിലാണ് അമേരിക്ക ഏര്‍പ്പെട്ടത്.

മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയ വിവരം ഒബാമ അറിഞ്ഞിരുന്നില്ലെന്നാണ് ഒടുവിലത്തെ വിശദീകരണം. അത് സ്വയം രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായിമാത്രമേ കാണാന്‍ കഴിയൂ. ഇപ്പോഴിത് തികഞ്ഞ ഗൗരവബോധത്തോടെ ഓര്‍മിപ്പിക്കാന്‍ കാരണം സ്വന്തം രാഷ്ട്രത്തിന്റെ ഭാവിയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠമൂലമാണ്. അമേരിക്കയിലേക്ക് ഇടയ്ക്കിടെ തീര്‍ഥയാത്ര പോകുകയും അമേരിക്കന്‍ പ്രസിഡന്റിനെ കണ്ട് തൊഴുത് വന്ദിക്കുകയുംചെയ്യുന്ന ഇന്ത്യന്‍ ഭരണാധികാരിയുടെ അപമാനകരമായ ചെയ്തികള്‍ അറിയാവുന്നതുകൊണ്ടാണ് ഈ ഉല്‍ക്കണ്ഠ. അമേരിക്കയുമായി ഉറ്റ സൗഹൃദവും അതോടൊപ്പംതന്നെ ദാസ്യമനോഭാവവും കാണിക്കുന്ന മന്‍മോഹന്‍സിങ് അമേരിക്കന്‍ ഭരണാധികാരികളുടെ ഉത്തരവിന് അനുസരിച്ചാണ് ഇറാനില്‍നിന്ന് പ്രകൃതിവാതകം വാങ്ങേണ്ടതില്ല എന്ന് തീരുമാനിച്ചത്.

സ്വന്തം രാഷ്ട്രതാല്‍പ്പര്യം ബലികഴിക്കാന്‍ തയ്യാറാകുന്ന അനുഭവം നമ്മുടെ മുമ്പിലുള്ളതുകൊണ്ടുതന്നെ ആശങ്കയ്ക്ക് ന്യായമായും അടിസ്ഥാനമുണ്ട്. ശത്രുമിത്ര വ്യത്യാസമില്ലാതെ ചാരപ്രവൃത്തി നടത്തുന്ന അമേരിക്കന്‍ സാമ്രാജ്യാധിപതികളെ സൂക്ഷിക്കുക. ജാഗ്രത പുലര്‍ത്തുക എന്നത് ജനാധിപത്യവാദികളുടെ കടമയാണ്.

06-Dec-2013

ഭൂമധ്യരേഖകൾ മുന്‍ലക്കങ്ങളില്‍

More