മോഡിയും സുക്കര്‍ബര്‍ഗും പിന്നെ ഡിജിറ്റല്‍ ഇന്ത്യയും

രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പിലാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ എന്ത് കഴമ്പാണ് ഉള്ളത്? ഈ പദ്ധതി നടപ്പിലാക്കാനുള്ള അടിസ്ഥാന സൗകര്യം രാജ്യത്ത് നിലവിലില്ല എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? രാജ്യത്തെ പകുതിയിലേറെ ഗ്രാമങ്ങളിലും വൈദ്യുതിയില്ല. വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഇടങ്ങളില്‍ ദിവസത്തില്‍ പകുതി സമയവും വൈദ്യുതി ലഭ്യമല്ല. 2011ലെ സെന്‍സസ് പറയുന്നത് രാജ്യത്ത് വൈദ്യുതി ലഭിക്കുന്നത് 16 കോടിയോളം കുടുംബങ്ങള്‍ക്ക് മാത്രമാണെന്നാണ്. ഇത്തരമൊരു ഇന്ത്യയില്‍ ഡിജിറ്റല്‍ ഇന്ത്യ എങ്ങനെ യാഥാര്‍ത്ഥ്യമാക്കും? ലോകമാകെയുള്ള രാജ്യങ്ങളെ പരിശോധിക്കുമ്പോള്‍, രാജ്യത്തുള്ള ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യതയില്‍ ഇന്ത്യക്ക് 137-ാം സ്ഥാനമാണ്. മൊബൈല്‍ കണക്ഷന്‍ ലഭ്യതയില്‍ 110-ആമത് സ്ഥാനമാണ്. 24 കോടി കുടുംബങ്ങളാണ് രാജ്യത്തുള്ളത്. ഇവരില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളത് കേവലം 1.37 കോടി കുടുംബങ്ങള്‍ക്കാണ്. അതായത് മൊത്തെ ജനസംഖ്യയുടെ 1.1 ശതമാനത്തിന്. ഇവര്‍ക്ക് വേണ്ടി മാത്രമാണോ ഡിജിറ്റല്‍ ഇന്ത്യ? മോഡിയും സുക്കര്‍ബര്‍ഗും ഇതിനുള്ള മറുപടി തരേണ്ടതുണ്ട്.

ഫേസ്ബുക്ക് അധിപന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നരേന്ദ്രമോഡിയുടെ ഇന്ത്യയെ കുറിച്ച് ഒന്നും അറിയില്ല എന്ന് കരുതാന്‍ വയ്യ. എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാവും സുക്കര്‍ബര്‍ഗ് മോഡിയുടെ 'ഡിജിറ്റല്‍ ഇന്ത്യ' പ്രഖ്യാപനത്തോടൊപ്പം കൂടിയിരിക്കുന്നത്. 'നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം' എന്ന തിയറിയാണ് മോഡിയും സുക്കര്‍ബര്‍ഗും ഡിജിറ്റല്‍ ഇന്ത്യ പദ്ധതയിലൂടെ ലക്‌ഷ്യം വെക്കുന്നത്. മോഡിക്ക് ലോകമാകെ പ്രസിദ്ധിയും സുക്കര്‍ബര്‍ഗിന്റെ internet.orgനുള്ള പ്രചാരവും ഇതിലൂടെ ലഭിക്കുന്നു.

നരേന്ദ്രമോഡിയുമായുള്ള കൂടി കാഴ്ചയെ തുടര്‍ന്ന് ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ ഫേസ്ബുക്ക് തുടങ്ങിയിരിക്കുന്ന 'മുഖചിത്ര വിപ്ലവം' കാര്യങ്ങള്‍ വിവേചന ശേഷിയോടെ വിലയിരുത്താന്‍ തയ്യാറാക്കാത്ത വിഭാഗത്തെ വലയിലാക്കാന്‍ വേണ്ടിയുള്ള പ്രഹസനം മാത്രമാണ്. ഈ വിഭാഗം നേരത്തെ നരേന്ദ്രമോഡിയുടെ വികസനം എന്ന ഗിമ്മിക്കില്‍ മൂക്കുംകുത്തി വീണവരാണ്. ഇപ്പോള്‍ അവര്‍ തിരിച്ചറിയുന്നു, അങ്ങനെയൊരു വികസനം ഉണ്ടായിട്ടില്ല എന്ന്. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ത്രിവര്‍ണ പതാകയിലെ നിറങ്ങള്‍ തേച്ച് സ്വന്തം മുഖം മിനുക്കാന്‍ തയ്യാറാവുന്നവര്‍ മോഡിയുടെ ഇന്ത്യയുടെ പേരില്‍ സുക്കര്‍ബര്‍ഗ് സായ്പ് കാണിക്കുന്ന കോര്‍പ്പറേറ്റ് ബുദ്ധിയെയാണ് കാണാതെ പോകുന്നത്. ഇന്റര്‍നെറ്റ് നിഷ്പക്ഷത (നെറ്റ് ന്യൂട്രാലിറ്റി)യ്‌ക്കെതിരായ രഹസ്യ വോട്ടെടുപ്പ് കൂടിയാണ് ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിന്‍.

സക്കര്‍ബര്‍ഗും നരേന്ദ്രമോഡിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് 'ഡിജിറ്റല്‍ ഇന്ത്യ' പരിപാടി തുടങ്ങിയത്. അതിനെ കുറിച്ച് സുക്കര്‍ബര്‍ഗ് പറഞ്ഞത് :"ഗ്രാമങ്ങളെപോലും ഇന്‍ര്‍നെറ്റുമായി ബന്ധിപ്പിക്കാനും ഇന്റര്‍നെറ്റ് വഴി കൂടുതല്‍ സേവനങ്ങള്‍ ഉറപ്പ് വരുത്താനുമുള്ള ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പിന്തുണക്കണ"മെന്നാണ്. തുടര്‍ന്നാണ് മുകളില്‍ പരാമര്‍ശിച്ച വിവേചന ശേഷിയില്ലാത്ത വിഭാഗം മുഖത്ത് ത്രിവര്‍ണം പൂശി ആഘോഷം തുടങ്ങിയത്. ഫേസ്ബുക്കിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നരേന്ദ്രമോഡിയാണ് ഇന്ത്യ എന്ന പ്രചരണത്തിന്റെ വക്താക്കളായത് കൊണ്ട് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ചു. ആര്‍ എസ് എസ് ദേശീയ പതാകയെയും അതിലെ നിറങ്ങളെയും അംഗീകരിക്കുന്നില്ല എങ്കിലും താല്‍ക്കാലിക ലാഭത്തിന് വേണ്ടി ത്രിവര്‍ണ പതാകയെ പുണരാന്‍ സംഘികള്‍ തയ്യാറായി. പക്ഷെ, സുക്കര്‍ബര്‍ഗ് പറഞ്ഞത് പോലെയുള്ള അവസ്ഥയാണോ രാജ്യത്തുള്ളത്?

രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പിലാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ എന്ത് കഴമ്പാണ് ഉള്ളത്? ഈ പദ്ധതി നടപ്പിലാക്കാനുള്ള അടിസ്ഥാന സൗകര്യം രാജ്യത്ത് നിലവിലില്ല എന്നത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? രാജ്യത്തെ പകുതിയിലേറെ ഗ്രാമങ്ങളിലും വൈദ്യുതിയില്ല. വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഇടങ്ങളില്‍ ദിവസത്തില്‍ പകുതി സമയവും വൈദ്യുതി ലഭ്യമല്ല. 2011ലെ സെന്‍സസ് പറയുന്നത് രാജ്യത്ത് വൈദ്യുതി ലഭിക്കുന്നത് 16 കോടിയോളം കുടുംബങ്ങള്‍ക്ക് മാത്രമാണെന്നാണ്. ഇത്തരമൊരു ഇന്ത്യയില്‍ ഡിജിറ്റല്‍ ഇന്ത്യ എങ്ങനെ യാഥാര്‍ത്ഥ്യമാക്കും?

ലോകമാകെയുള്ള രാജ്യങ്ങളെ പരിശോധിക്കുമ്പോള്‍, രാജ്യത്തുള്ള ജനസംഖ്യയ്ക്ക് ആനുപാതികമായുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭ്യതയില്‍ ഇന്ത്യക്ക് 137-ാം സ്ഥാനമാണ്. മൊബൈല്‍ കണക്ഷന്‍ ലഭ്യതയില്‍ 110-ആമത് സ്ഥാനമാണ്. 24 കോടി കുടുംബങ്ങളാണ് രാജ്യത്തുള്ളത്. ഇവരില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളത് കേവലം 1.37 കോടി കുടുംബങ്ങള്‍ക്കാണ്. അതായത് മൊത്തെ ജനസംഖ്യയുടെ 1.1 ശതമാനത്തിന്. ഇവര്‍ക്ക് വേണ്ടി മാത്രമാണോ ഡിജിറ്റല്‍ ഇന്ത്യ? മോഡിയും സുക്കര്‍ബര്‍ഗും ഇതിനുള്ള മറുപടി തരേണ്ടതുണ്ട്.

ഇന്ത്യയുടെ സാക്ഷരതാ നിരക്ക് വര്‍ധിപ്പിക്കാന്‍ ചെറുവിരലനക്കാത്ത നരേന്ദ്രമോഡി, ഇന്റര്‍നെറ്റ് സാക്ഷരത വര്‍ധിപ്പിക്കുമെന്ന് പ്രസ്താവിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്. എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഓഫീസ് രേഖകള്‍ കമ്പ്യൂട്ടറിലാക്കുമെന്നുമാണ് മോഡി പറയുന്നത്. സ്വന്തമായി അപേക്ഷ എഴുതാനുള്ള സാക്ഷരത ഇല്ലാത്തവരാണ് ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നത്! രാജ്യമാകെ ബ്രോഡ്ബാന്‍ഡ് സൗകര്യത്തിനുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ആരാണ് സ്ഥാപിക്കുക? നരേന്ദ്രമോഡി അതിനായി എന്ത് ചെയ്തു? പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ ഇത്തരം പരിപാടികള്‍ നിര്‍ത്തിയിട്ട് കാലമേറെയായി. വന്‍ മുതല്‍മുടക്ക് വരുന്ന അടിസ്ഥാന വികസന പദ്ധതികള്‍ സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കാറുമില്ല. അടിസ്ഥാന സൗകര്യമില്ലാതെ വാരിക്കോരി മൊബൈല്‍കണക്ഷന്‍ നല്‍കിയതിന്റെ ഫലമായാണ് നമ്മുടെ മൊബൈലുകള്‍ സംസാരിക്കുന്നതിനിടയില്‍ ഡിസ്‌കണക്ടായി പോകുന്നത്. ജാമാവുന്നത്. മികച്ച സര്‍വീസ് ലഭിക്കാത്തതും അതുകൊണ്ടാണ്. ഇത്തരം വസ്തുതകള്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് മോഡിയുടെ 'തള്ളലിനെ' പിന്‍പറ്റി സുക്കര്‍ബര്‍ഗ് സായിപ്പ് ഫേസ്ബുക്കിലൂടെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നത്.

നരേന്ദ്രമോഡിയുടെയും സുക്കര്‍ബര്‍ഗിന്റെയും ആഹ്വാനത്തില്‍ തത്പരരായി മുഖചിത്രങ്ങള്‍ മാറ്റുന്നവര്‍ 'സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ' ആപ് ഉപയോഗിക്കുമ്പോള്‍ internet.orgനെ അനുകൂലിക്കുന്ന വോട്ടുകളാണ് ചെയ്യുന്നത്. എന്താണ് ഈ internet.org? ഫേസ്ബുക്ക്, സാംസങ്്, എറിക്‌സന്‍, മീഡിയ ടെക്, ഓപറ സോഫ്റ്റ്‌വെയര്‍, നോക്കിയ, ക്വാല്‍കോം എന്നീ കമ്പനികളുടെ കൂട്ടായ്മയാണ് ഇത്. സൗജന്യ നിരക്കില്‍ സാധാരണക്കാരിലേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിക്കാനാണെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇവരുടെ പദ്ധതിയില്‍ ഏത് സൈറ്റ് കാണണമെന്നും ഏത് ആപ് ഉപയോഗിക്കണമെന്നും തീരുമാനിക്കുള്ള അധികാരം ഇവര്‍ക്ക് തന്നെയാണ്. ഈ സ്വകാര്യ കുത്തക കമ്പനികള്‍ക്ക്. സ്വതന്ത്രവും നിഷ്പക്ഷവുമായ ഇന്റര്‍നെറ്റ് എന്ന ആശയത്തെ തകര്‍ക്കുന്ന പദ്ധതിയാണ് ഇത്. ഇന്റര്‍നെറ്റിനെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള ഈ കമ്പനികളുടെ നീക്കത്തെ തിരിച്ചറിയാന്‍ ബാധ്യതപ്പെട്ടവരാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന് ആര്‍പ്പ് വിളിച്ച് internet.org ഉപയോഗിക്കുന്നത്. അതാണ് നമ്മുടെ വിവേചന ശേഷി!

ഈ ഡിജിറ്റല്‍ ഇന്ത്യ ബഹളം യഥാര്‍ത്ഥത്തില്‍ മോഡിയുടെ പൊളിഞ്ഞുപോയ അമേരിക്കന്‍ യാത്ര വിവാദമാകാതിരിക്കാനുള്ള കുതന്ത്രമാണ്. സുക്കര്‍ബര്‍ഗിനും കൂട്ടര്‍ക്കും അതില്‍കൂടി ലാഭം കിട്ടുന്നു എന്നത് അതിന്റെ ഉപോല്‍പ്പന്നവും. അമേരിക്കയ്ക്ക് നരേന്ദ്രമോഡിയുടെ ഇന്ത്യ 18000 കോടിയുടെ ആയുധകരാറാണ് ഇപ്പോള്‍ നല്‍കിയത്. പക്ഷെ,ഇന്ത്യക്ക്‌ ഒബാമയുടെ അമേരിക്ക നല്‍കിയതാവട്ടെ വെറും 15 കോടി ഡോളറിന്റെ സ്റ്റാര്‍ട് അപ് കമ്പനികള്‍ തുടങ്ങാനുള്ള സഹായവാഗ്ദാനവും! മോഡി ഗൂഗിള്‍ ആസ്ഥാനത്ത് പോയപ്പോള്‍ അവര്‍ നല്‍കിയ സഹായ വാഗ്ദാനം രസകരമാണ്. അഞ്ഞൂറ് റെയില്‍വെ സ്‌റ്റേഷനുകളില്‍ വൈ ഫൈ സ്ഥാപിക്കാമെന്ന ഉറപ്പ്. ഒരു ബി എസ് എന്‍ എല്‍ സബ് ഡിവിഷന്‍ ഓഫീസ് മനസുവെച്ചാല്‍ ചെയ്യാവുന്ന കാര്യം. പിന്നെ ഗുജറാത്തി അടക്കം പത്ത് ഭാഷകളില്‍ ഗൂഗിളില്‍ ടൈപ്പ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുമെന്നും ഗൂഗിള്‍ ഉറപ്പ് കൊടുത്തു. ഇത് നിലവിലുണ്ട് എന്ന കാര്യം നമ്മുടെ പ്രധാനമന്ത്രിക്ക് അറിയില്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍, പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഉള്ള യാത്രക്കൂലിക്ക് പോലും തികയാത്ത കരാറുകളില്‍ ഒതുങ്ങുകയാണ്. അവിടെയാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന അധരവ്യായാമം ഗുണപ്പെടുന്നത്. ചര്‍ച്ച വഴിമാറ്റിവിട്ടല്ലോ. ഇത്തരം നട്ടാല്‍കുരുക്കാത്ത പ്രഖ്യാപനങ്ങള്‍ കൊണ്ട് പ്രധാനമന്ത്രി വിദേശമണ്ണിലെ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തിനുള്ള നേട്ടം വെറും പരിമിതമായി മാറുകയാണ്. ഈ വസ്തുതയെ മറച്ചുവെക്കാനാണ് ഡിജിറ്റല്‍ ഇന്ത്യ മന്ത്രം ഉരുക്കഴിക്കാന്‍ ഫേസ്ബുക്ക് ഉപയോക്താക്കളോട് സുക്കര്‍ബര്‍ഗിന്റെ സഹായത്തോടെ നരേന്ദ്രമോഡി പറയുന്നത്. ഡിജിറ്റല്‍ ഇന്ത്യയും നരേന്ദ്രമോഡിയെ പോലെ ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ മാത്രമാണ്. കാറ്റുപോകുമ്പോള്‍ യഥാര്‍ത്ഥ രൂപം മനസിലാകും.

29-Sep-2015