അരുത് ഈ വേര്‍തിരിവ്
എം എ ബേബി
ഫറൂഖ് കോളേജ് ഒരു മതപഠനസ്ഥാപനമല്ല. പൊതുവിദ്യാലയമാണ്. അതിനെ ഒരു ആധുനിക പൊതുവിദ്യാലയമായി നടത്തുന്നതാണ് കേരളത്തിലെ മുസ്ലിം സമുദായത്തിനും ക്ഷേമകരമാവുക. മദ്രസ വേറെ നടത്താമല്ലോ. ഒരു ആധുനിക പുരോഗമന സമൂഹമായി മാറാന്‍ വ്യഗ്രതപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ മുസ്ലിം സമൂഹത്തിന് വക്കം മൌലവിയും മുഹമ്മദ് അബ്ദുറഹ്മാനും വൈക്കം മുഹമ്മദ് ബഷീറും ഇകെ ഇബ്ബിച്ചി ബാവയും ഇടതു പുരോഗമന പ്രസ്ഥാനങ്ങളും കാണിച്ചു തന്ന വഴിയാണ് ഗുണകരമാവുക. മതപരമായ ഉള്‍വലിയലിന്റെ വഴി ഗുണമല്ല ചെയ്യുക. ഈ വിഷയത്തിലുള്ള കേരള ഹൈക്കോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ദിനു എന്ന, ദളിത് വിഭാഗത്തില്‍പ്പെട്ട ഐഐടിയിലെ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഫറൂഖ് കോളേജില്‍ ചേര്‍ന്ന, മിടുക്കനായ വിദ്യാര്‍ത്ഥിക്കെതിരായ നടപടികളും ഈ വിവാദവും അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. |
ഫറൂഖ് കോളേജില്‍ ഈയടുത്തുണ്ടായ ചില സംഭവവികാസങ്ങള്‍ കേരളത്തിലാകെ വിവാദമായിരിക്കുകയാണല്ലോ. കോളേജ് മാനേജ്മെന്റ് ഇക്കാര്യത്തില്‍ സമചിത്തതയോടെയും മിതത്വത്തോടെയുമുള്ള ഒരു സമീപനം സ്വീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കോളേജിലെ മലയാളം ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബഞ്ചില്‍ ഇരുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കം കോളേജിന്റെ യശസ്സുയര്‍ത്തുന്ന ഒന്നായിരുന്നില്ല. ഇതിന്റെ പേരില്‍ എട്ടു വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്തു നിര്‍ത്തി, രക്ഷകര്‍ത്താക്കളെ വിളിച്ചുകൊണ്ടു വരാനാവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയായ ഈ യുവാക്കളോട് രക്ഷിതാക്കളെ കൊണ്ടുവന്നതിന് ശേഷം ക്ലാസില്‍ കയറിയാല്‍ മതി എന്ന് പറഞ്ഞത് ആധുനിക വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കേണ്ടുന്ന സ്ഥാനത്തെ മനസിലാക്കി എടുത്ത ഒരു നടപടി ആയില്ല.
അതും പോരാഞ്ഞ്, രക്ഷകര്‍ത്താക്കളെ കൂട്ടിക്കൊണ്ടുവരാന്‍ വിസമ്മതിച്ച ദിനു എന്ന വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തതും ഉചിതമായ നടപടിയായില്ല. നവംബര്‍ 13ന് കേരള ഹൈക്കോടതി ഈ വിദ്യാര്‍ത്ഥിക്കെതിരായ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇനി നിയമനടപടികള്‍ക്ക് പോകാതെ കോടതിയുടെ ഈ നിര്‍ദേശത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ദിനുവിന് തുടര്‍പഠനത്തിനുള്ള സമാധാനപരമായ അവസരം ഉണ്ടാക്കി ഈ വിവാദം അവസാനിപ്പിക്കാന്‍ ഫറൂക്ക് കോളേജ് മാനേജ്മെന്റ് തയ്യാറാവണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
ഇക്കാര്യത്തെ വലിയൊരു വിവാദമാക്കി, ഫറൂഖ് കോളേജിനെ അപമാനിക്കാന്‍ ഹിന്ദുത്വ വര്‍ഗീയവാദികളില്‍ നിന്ന് പ്രത്യേകിച്ചുള്ള ശ്രമമുണ്ടായി. അതും ചെറുക്കപ്പെടേണ്ടതാണ്. കേരളത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസില്‍ ഒരു ബഞ്ചില്‍ ഇരിക്കുന്നത് ഒരു സാധാരണ സംഭവമല്ല. ഒട്ടു മിക്ക വിദ്യാലയങ്ങളിലും നടപ്പുള്ള രീതിയുമല്ല. കോട്ടയത്ത് ശ്രീമതി മേരി റോയ് നടത്തുന്ന പള്ളിക്കൂടം എന്ന വിദ്യാലയത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു മീറ്റര്‍ എങ്കിലും അകലം പാലിച്ചു നിന്നേ സംസാരിക്കാവൂ എന്ന ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ വളരെ ലിബറലായ ഒരു വിദ്യാലയമായി പേരെടുത്ത സ്ഥാപനമാണിത്. ഇവിടെ ഇതാണ് സ്ഥിതിയെങ്കില്‍ ബാക്കിയുള്ളിടത്തു നിന്ന് പ്രതീക്ഷിക്കേണ്ടതെന്താണ്? ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലറുടെ ഭരണമുള്ള കണ്ണൂരുള്ള കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മറ്റ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധത്തെ വകവയ്ക്കാത്തവരുടെ ഇടപെടലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈയിടെയായി കൂടുതല്‍ വരുന്നുണ്ട്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തൊട്ടിരിക്കാമോ ഇല്ലയോ എന്ന പഴഞ്ചന്‍ ചര്‍ച്ചയില്‍ അകപ്പെട്ടുകിടക്കേണ്ടി വരുന്നത് കേരളത്തിന്റെയും ഇന്ത്യയുടെയും പ്രശ്നമാണ്. ഫറൂഖ് കോളേജിന് മാത്രമായുള്ള ഒരു പ്രശ്നമല്ല ഇത്. ഇക്കാര്യത്തില്‍ ഫറൂഖ് കോളേജിനെ ഒറ്റപ്പെടുത്തി മാനംകെടുത്താന്‍ നടത്തിയ ശ്രമത്തെ ഞാന്‍ അപലപിക്കുന്നു. പക്ഷേ, പിന്തിരിപ്പന്മാരായ ഹിന്ദുത്വ വര്‍ഗീയവാദികളുടെ ഭരണത്തിന് കീഴില്‍ ഇന്ത്യയാകെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്ക് പുത്തന്‍ ഉണര്‍വാണ് ലഭിച്ചിരിക്കുന്നത്. ആ ചൂട്ടിന് ഫറൂഖ് കോളേജ് മാനേജ്മെന്റ് കാറ്റൂതരുത്.
മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ബ്രിട്ടീഷ് മലബാര്‍, സാമ്പത്തികവിദ്യാഭ്യാസ കാര്യങ്ങളില്‍ കടുത്ത അവഗണന നേരിടുന്ന പ്രദേശമായിരുന്നു. ഈ അവഗണന നേരിടുന്നതിനുള്ള ആദ്യകാല ശ്രമങ്ങളിലൊന്നായിരുന്നു ഫറൂഖ് കോളേജ്. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യവളര്‍ച്ച എന്ന പ്രഖ്യാപിത ഉദ്ദേശത്തോടുകൂടിയാണ് 1948ല്‍ കോഴിക്കോട്ട് ഈ വിദ്യാലയം ആരംഭിച്ചത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന് പ്രത്യേകിച്ചും മലബാറിന് ഫറൂഖ് കോളേജ് വലിയ സംഭാവന ചെയ്തിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷ സ്ഥാപനമായിരിക്കെ തന്നെ, എല്ലാ മതജാതി വിഭാഗങ്ങളിലുള്ളവര്‍ക്കും തുല്യതയോടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കുക എന്നതാണ് ഫറൂക്ക് കോളേജിന്റെ പാരമ്പര്യം. 1957ലും 1967ലും അധികാരത്തിലെത്തിയ ഇഎംഎസ് സര്‍ക്കാരുകളാണ് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്ക പ്രദേശമായിരുന്ന മലബാറിന്റെയാകെ വിദ്യാഭ്യാഭ്യാസ പുരോഗതിക്കായി ഫലപ്രദമായ നടപടികളെടുത്തത്. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയില്‍ മാറ്റമുണ്ടാകുന്നത് ഇതോടെയാണ്.
പക്ഷേ, ഫറൂഖ് കോളേജ് ഒരു മതപഠനസ്ഥാപനമല്ല. പൊതുവിദ്യാലയമാണ്. അതിനെ ഒരു ആധുനിക പൊതുവിദ്യാലയമായി നടത്തുന്നതാണ് കേരളത്തിലെ മുസ്ലിം സമുദായത്തിനും ക്ഷേമകരമാവുക. മദ്രസ വേറെ നടത്താമല്ലോ. ഒരു ആധുനിക പുരോഗമന സമൂഹമായി മാറാന്‍ വ്യഗ്രതപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ മുസ്ലിം സമൂഹത്തിന് വക്കം മൌലവിയും മുഹമ്മദ് അബ്ദുറഹ്മാനും വൈക്കം മുഹമ്മദ് ബഷീറും ഇകെ ഇമ്പിച്ചി ബാവയും ഇടതു പുരോഗമന പ്രസ്ഥാനങ്ങളും കാണിച്ചു തന്ന വഴിയാണ് ഗുണകരമാവുക. മതപരമായ ഉള്‍വലിയലിന്റെ വഴി ഗുണമല്ല ചെയ്യുക.
ഈ വിഷയത്തിലുള്ള കേരള ഹൈക്കോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ദിനു എന്ന, ദളിത് വിഭാഗത്തില്‍പ്പെട്ട ഐഐടിയിലെ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഫറൂഖ് കോളേജില്‍ ചേര്‍ന്ന, മിടുക്കനായ വിദ്യാര്‍ത്ഥിക്കെതിരായ നടപടികളും ഈ വിവാദവും അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
17-Nov-2015
പ്രീജിത്ത് രാജ്
ആനാവൂര്‍ നാഗപ്പന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
വിനീത മോഹൻ
ആർ.കെ. ബേബി