സ്ത്രീയെ ആര്‍ക്കാണ് പേടി?

സ്ത്രീയോടൊപ്പം വേദിപങ്കിടാന്‍ കഴിയാത്ത പുരുഷമനസ്സ് - എത്ര ചാപല്യവും ദുര്‍ബ്ബലവുമാണത്. പുതിയകാലവും പുതിയ മാധ്യമസംസ്‌ക്കാരവും പുസ്തകപ്രകാശനച്ചടങ്ങ് നടക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു എന്നതാണ് പ്രതീക്ഷ നല്‍കുന്നത്. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും അതിരില്ലാത്ത ആകാശങ്ങളാണ് എഴുത്തിന്റെ ലോകം. അവിടെയും ഇടുങ്ങിയ ചിന്താഗതികള്‍ അധിനിവേശം ചെയ്തുതുടങ്ങുന്നത് ഒരു തരത്തിലും അനുവദിക്കപ്പെടാന്‍ പാടില്ല. ചിന്താശേഷി പണയംവെയ്ക്കാത്ത, സ്ത്രീയെ അസ്പൃശ്യയായി കണക്കാക്കാത്ത സമൂഹമനസ്സ് ഒപ്പമുണ്ടെന്ന് ഓരോ സ്ത്രീയ്ക്കും ഉറപ്പ് നല്‍കിയവര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത് പ്രതീക്ഷ തന്നെയാണ്.

മുന്നോട്ടുള്ള വഴി ഇരുണ്ടതും ദുര്‍ഘടം പിടിച്ചതുമാണ് എന്ന് ഓരോ ദിവസവും വ്യക്തമാക്കിത്തന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീയായിരിക്കുന്നതിലെ അഭിമാനം പലവഴി പിച്ചിച്ചീന്തപ്പെട്ടിട്ടുണ്ട്, പക്ഷേ, ഇങ്ങനൊരു അനുഭവം - കേരളം പോലെ ഒരിടത്ത്, എഴുത്ത് ലിംഗവിവേചനത്തില്‍പ്പെടുമെന്ന് സ്വപ്നത്തില്‍ പോലും ഓര്‍ക്കാന്‍ പ്രയാസമാണ്. രാജലക്ഷ്മി, സരസ്വതിയമ്മ, മാധവിക്കുട്ടി ഒക്കെ എഴുത്തിനകത്ത് നിന്ന് തിന്ന വേദനകള്‍ മറന്നിട്ടില്ല. അവിടെ ആത്മാവിഷ്‌ക്കാരത്തിന്റെ ശക്തിയായിരുന്നു സമൂഹത്തെ ഭയപ്പെടുത്തിയത്. ശ്രീദേവി എസ് കര്‍ത്തായുടെ കാര്യത്തില്‍ അതിലും നീചമായിരുന്നു സമീപനം - പെണ്ണായിപ്പോയി!

മതവും സമൂഹവും പിന്നോട്ടാണ് നടക്കുന്നതെന്ന് പലവുരു തോന്നിയിട്ടുണ്ട്. പുരോഗമനം ഉദ്‌ഘോഷിക്കപ്പെടുമ്പോഴും സ്ത്രീയുടെ ചുറ്റും വേലിക്കെട്ടുകള്‍ തീര്‍ത്തുകൊണ്ടേയിരിക്കുന്നു പുതിയ കാലം. അത് എഴുത്തിനെ എഴുത്തുകാരിയെവരെ ഗ്രസിക്കുന്ന നിലയിലാവുമ്പോഴാണ് അപകടമാണെന്ന് തിരിച്ചറിയുന്നത് എന്നേയുള്ളൂ. ഞെട്ടലോടെ മാത്രമെ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കാനാവൂ.

ഏറ്റവും പുതിയ കാലവും സ്ത്രീയെ കരുതുന്നത് പുറത്തിരുത്താനുള്ളവളായിട്ടാണ് എന്നത് കിരാതം തന്നെ. പട്ടി കടിക്കുമെന്നുള്ളതുകൊണ്ട് തുടലിലിടുന്നത് പട്ടിയെയാണ്, അല്ലാതെ നാട്ടുകാര്‍ മുഴുവന്‍ അതിനെ പേടിച്ച് വീട്ടിനുള്ളിലിരിക്കുകയല്ല. സ്ത്രീയുടെ കാര്യത്തില്‍ മറിച്ചാണ്. അവളെ കണ്ടാല്‍ പുരുഷന് നിയന്ത്രണം നഷ്ടപ്പെടുമെന്നുള്ളതിനാല്‍ അവള്‍ വെട്ടത്ത് വരരുത്. വരുന്നെങ്കില്‍ തന്നെ തല മൂടി സാരിയിട്ടോ (ഉത്തരേന്ത്യയില്‍ ഇതു നിര്‍ബ്ബന്ധമാണ്), പര്‍ദ്ദയിട്ട് കണ്ണുമാത്രം പുറത്തുകാട്ടിയോ ആയിക്കോണം. ഒരു മതവും സ്ത്രീയെ ഭയക്കാതിരിക്കുന്നില്ല. ആ ഭയം പുരുഷന് സ്വയമുള്ള ആത്മവിശ്വാസക്കുറവാണെന്നതാണ് സത്യം. സ്ത്രീപക്ഷമോ, കുറഞ്ഞപക്ഷം സ്ത്രീ സൗഹൃദപരമോപോലുമല്ല സമൂഹം.

ഈയിടെ തിരുവനന്തപുരത്തെ ഒരു കോളേജില്‍ ചുരിദാറിന്റെ ദുപ്പട്ട രണ്ടു തോളത്തും പിന്‍ ചെയ്തുവയ്ക്കാതെ വരുന്ന പെണ്‍കുട്ടികളെ ചൂരലുപയോഗിച്ച് അടിക്കുന്ന ആണ്‍കുട്ടികളെക്കുറിച്ച് കേട്ടു. കോളേജിലെ സദാചാരം ഉറപ്പിക്കുന്ന പുരുഷ മനസ്സായിരുന്നു അവരെ അതിന് പ്രേരിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലെ മറ്റൊരു കോളേജില്‍ ഡിഗ്രി ക്ലാസ്സില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കാന്‍ കര്‍ട്ടനിട്ടിട്ടുണ്ട്. പര്‍ദ്ദയിലാണ് പെണ്‍കുട്ടികള്‍ എന്നതുപ്രശ്‌നമില്ല, ആണ്‍കുട്ടികള്‍ മുഴുവന്‍ കോളേജ് വിട്ടുകഴിഞ്ഞാലേ പെണ്‍കുട്ടികള്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങാവൂ എന്ന് നിര്‍ബ്ബന്ധമുണ്ട്.

തൃശ്ശൂരിലെ പുസ്തകപ്രകാശനച്ചടങ്ങ് ഇത്തരം ചിന്താഗതികളുടെ പാരമ്യമാണ്. സ്ത്രീയോടൊപ്പം വേദിപങ്കിടാന്‍ കഴിയാത്ത പുരുഷമനസ്സ് - എത്ര ചാപല്യവും ദുര്‍ബ്ബലവുമാണത്. പുതിയകാലവും പുതിയ മാധ്യമസംസ്‌ക്കാരവും പുസ്തകപ്രകാശനച്ചടങ്ങ് നടക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു എന്നതാണ് പ്രതീക്ഷ നല്‍കുന്നത്. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും അതിരില്ലാത്ത ആകാശങ്ങളാണ് എഴുത്തിന്റെ ലോകം. അവിടെയും ഇടുങ്ങിയ ചിന്താഗതികള്‍ അധിനിവേശം ചെയ്തുതുടങ്ങുന്നത് ഒരു തരത്തിലും അനുവദിക്കപ്പെടാന്‍ പാടില്ല. ചിന്താശേഷി പണയംവെയ്ക്കാത്ത, സ്ത്രീയെ അസ്പൃശ്യയായി കണക്കാക്കാത്ത സമൂഹമനസ്സ് ഒപ്പമുണ്ടെന്ന് ഓരോ സ്ത്രീയ്ക്കും ഉറപ്പ് നല്‍കിയവര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത് പ്രതീക്ഷ തന്നെയാണ്.

പക്ഷെ എനിക്ക് മനസ്സിലാവാത്തത് ഒരു കാര്യം മാത്രമാണ് - ഉത്തരേന്ത്യയിലെ സ്വാമിക്ക് സ്ത്രീയെ കണ്ടാല്‍ ബുദ്ധിമുട്ടാണെന്നത് ശരി, അതിന് ചൂട്ടുപിടിക്കാന്‍ നിന്ന കേരളത്തിലെ പ്രസാധകന്റെ മാനസിക നിലയോ ?

26-Sep-2015