ഫ്രീ ബേസിക്സ് ആര്‍ക്കുവേണ്ടി?

'ഇന്റര്‍നെറ്റ് സമത്വം' അഥവാ നെറ്റ് നുട്രാലിറ്റിക്ക് എതിരാണ് ഫ്രീ ബേസിക് എന്ന ഈ പുതിയ നീക്കം. നെറ്റ് നുട്രാലിറ്റിയെ തകര്‍ക്കാന്‍ ഫേസ്ബുക്ക് തന്നെ ആദ്യം കൊണ്ട് വന്ന ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന പദ്ധതിയുടെ മറ്റൊരു രൂപമാണ് ഫ്രീ ബേസിക് എന്നും പറയാം. ഓണ്‍ലൈനില്‍ എല്ലാവരും സമന്മാരാണ് എന്നതാണ് നെറ്റ് നുട്രാലിറ്റി മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാട്. നാം ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്താല്‍ അതുപയോഗിച്ചു എന്തൊക്കെ നാം കാണണം എന്തൊക്കെ ബ്രൌസ് ചെയ്യണം ഏതൊക്കെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണം എന്നതൊക്കെ നമ്മുടെ നിയന്ത്രണത്തില്‍ തന്നെ ആയിരിക്കണം. എല്ലാ വിധ ഇന്റര്‍നെറ്റ് ഉപയോഗത്തിനും സര്‍വീസ് പ്രൊവൈഡര്‍ നിഷ്‌കര്‍ഷിച്ച ചാര്‍ജ് അല്ലാതെ പ്രത്യേകം നല്‍കേണ്ട ആവശ്യം ഉണ്ടാകാന്‍ പാടില്ല. എന്നാല്‍, ഇന്റര്‍നെറ്റ്.ഓര്‍ഗ് മുന്നോട്ട് വയ്ക്കുന്നത് മറ്റൊന്നാണ്. ഉദാഹരണത്തിന് ഫേസ്ബുക്ക് അല്ലെങ്കില്‍ അതുപോലെ ഉള്ള മറ്റേതെങ്കിലും ആപ്ലികേഷനുകള്‍ ഉപയോഗിക്കണം എങ്കില്‍ പ്രത്യേകം പാക്കേജ് നമ്മള്‍ വാങ്ങണം. സാധാരണ ബ്രൗസിങ്ങിനു വേറെ പാക്കേജ്. ഓരോന്നിനും പ്രത്യേകം നിരക്കില്‍ ഇന്റര്‍നെറ്റ് പാക്കേജുകള്‍.

സൗജന്യം എന്ന വാക്കിന് എത്രമേല്‍ വിലകല്‍പ്പിക്കുന്നവര്‍ ആണ് ഇന്ത്യന്‍ ജനത എന്നത് കൃത്യമായി ഫേസ്ബുക്ക് അധികാരികള്‍ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്നതാണ് ഫ്രീ ബേസിക്സിന് ചില കോണുകളില്‍ നിന്നെങ്കിലും ലഭിച്ച 'അപ്രതീക്ഷിത' സപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കില്‍ ഫ്രീ ബേസിക്സിനെ സപ്പോര്‍ട്ട് ചെയ്യുവാന്‍ ഉള്ള റിക്വസ്റ്റുകളാണ് കാണുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (T-RAI)യ്ക്ക് ഇ-മെയില്‍ അയക്കുവാന്‍ ഉള്ള നിര്‍ദേശം അടങ്ങിയ ക്ഷണം. എന്താണ് നമ്മള്‍ ട്രായ്'ക്ക് അയക്കേണ്ടത് എന്ന് അവര്‍ കൃത്യമായി എഴുതി വച്ചിട്ടുണ്ട്. അതില്‍ പോയി സെന്റ് ബട്ടണ്‍ അമര്‍ത്തി, സെന്റ് ചെയ്യുക എന്നത് മാത്രമാണ് നമ്മളില്‍ ഉള്ള 'കടമ'!

നമ്മള്‍ ഇ-മെയില്‍ അയക്കുക മാത്രമല്ല ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള മറ്റുള്ളവരെ കൂടി സപ്പോര്‍ട്ട് ചെയ്യാന്‍ ക്ഷണിക്കുകയും വേണം എന്നതാണ് മറ്റൊരു കാര്യം. ഇങ്ങനെ ഇ-മെയില്‍ അയക്കുന്നവര്‍ക്ക് പലര്‍ക്കും എന്താണ് ഈ ഫ്രീ ബേസികസ് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഒന്നും കാണില്ല. ഫേസ്ബുക്കില്‍ വരുന്നത് എന്തും 'സ്വീകരിക്കുക' എന്ന കാഴ്ചപ്പാട് ഉള്ള ഒരു വിഭാഗം അതിനു കണ്ണും പൂട്ടി സപ്പോര്‍ട്ടും നല്‍കി. ഡിജിറ്റല്‍ ഇന്ത്യ പ്രൊഫൈല്‍ പിക്ചര്‍ സപ്പോര്‍ട്ടില്‍ നാം അത് കണ്ടതാണ്.

യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ഫ്രീ ബേസിക്സ്? അവര്‍ തന്നെ പറഞ്ഞിരിക്കുന്നത് നോക്കാം : ആശയവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം തൊഴിലവസരങ്ങള്‍, കൃഷി വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് പ്രധാനമായും പറയുന്ന കാര്യം. അതും ഡാറ്റചാര്‍ജ് കൊടുക്കാതെ തന്നെ! ചുരുക്കി പറഞ്ഞാല്‍ ഇന്റര്‍നെറ്റിലെ തിരഞ്ഞെടുക്കപ്പെട്ട ചില സേവനങ്ങള്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നതാണ് ഫ്രീ ബേസിക്‌സ്.

ഈ സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറാണ് എന്നും എന്നാല്‍ ഒരു വിഭാഗം ആളുകള്‍ ഫ്രീ ബേസിക്സിന് എതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തുന്നു എന്നും ഫേസ്ബുക്ക് വിലപിക്കുന്നുണ്ട്. അതുകൊണ്ട്
നിങ്ങള്‍ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇതില്ലാതാവാന്‍ പോകുന്നു എന്ന ആശങ്ക കണക്കിലെടുത്ത് ഇ-മെയില്‍ അയച്ചു സപ്പോര്‍ട്ട് ചെയ്യൂ എന്നതാണ് ആവശ്യം. പ്രത്യക്ഷത്തില്‍ ഇത് കാണുന്ന ഏതൊരാള്‍ക്കും ഇത് കൊള്ളാമല്ലോ, എന്തുകൊണ്ട് ഇതിനെ സപ്പോര്‍ട്ട് ചെയ്തുകൂട എന്ന് തോന്നിയാല്‍ അതിശയം ഇല്ല. എന്നാല്‍, ഇതില്‍ ചില കെണികള്‍ ഒളിച്ചുവെച്ചിട്ടുണ്ട്. അവ എന്താണ്?

'ഇന്റര്‍നെറ്റ് സമത്വം' അഥവാ നെറ്റ് നുട്രാലിറ്റിക്ക് എതിരാണ് ഫ്രീ ബേസിക്സ് എന്ന ഈ പുതിയ നീക്കം. നെറ്റ് നുട്രാലിറ്റിയെ തകര്‍ക്കാന്‍ ഫേസ്ബുക്ക് തന്നെ ആദ്യം കൊണ്ട് വന്ന ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന പദ്ധതിയുടെ മറ്റൊരു രൂപമാണ് ഫ്രീ ബേസിക്സ് എന്നും പറയാം. ഓണ്‍ലൈനില്‍ എല്ലാവരും സമന്മാരാണ് എന്നതാണ് നെറ്റ് നുട്രാലിറ്റി മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാട്. നാം ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്താല്‍ അതുപയോഗിച്ചു എന്തൊക്കെ നാം കാണണം എന്തൊക്കെ ബ്രൌസ് ചെയ്യണം ഏതൊക്കെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണം എന്നതൊക്കെ നമ്മുടെ നിയന്ത്രണത്തില്‍ തന്നെ ആയിരിക്കണം. എല്ലാ വിധ ഇന്റര്‍നെറ്റ് ഉപയോഗത്തിനും സര്‍വീസ് പ്രൊവൈഡര്‍ നിഷ്‌കര്‍ഷിച്ച ചാര്‍ജ് അല്ലാതെ പ്രത്യേകം നല്‍കേണ്ട ആവശ്യം ഉണ്ടാകാന്‍ പാടില്ല. എന്നാല്‍, ഇന്റര്‍നെറ്റ്.ഓര്‍ഗ് മുന്നോട്ട് വയ്ക്കുന്നത് മറ്റൊന്നാണ്. ഉദാഹരണത്തിന് ഫേസ്ബുക്ക് അല്ലെങ്കില്‍ അതുപോലെ ഉള്ള മറ്റേതെങ്കിലും ആപ്ലികേഷനുകള്‍ ഉപയോഗിക്കണം എങ്കില്‍ പ്രത്യേകം പാക്കേജ് നമ്മള്‍ വാങ്ങണം. സാധാരണ ബ്രൗസിങ്ങിനു വേറെ പാക്കേജ്. ഓരോന്നിനും പ്രത്യേകം നിരക്കില്‍ ഇന്റര്‍നെറ്റ് പാക്കേജുകള്‍.

അതുപോലെ ചില പ്രത്യേക കമ്പനികളുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുമ്പോള്‍ അത് ഫ്രീ ആയി നല്‍കുക. കൂടുതല്‍ പണം നല്‍കുന്ന കമ്പനികളുടെ വെബ്‌സൈറ്റുകളോ ആപ്ലിക്കേഷനുകള്‍ക്കോ കൂടുതല്‍ വേഗം നല്‍കുക. വേറെ ചിലതിനു അമിതമായ ചാര്‍ജ് ഈടാക്കുക. അങ്ങനെ കുത്തക കമ്പനികള്‍ക്ക് മാത്രമായി ഇന്റര്‍നെറ്റിന്റെ വാതായനങ്ങള്‍ തുറന്നു നല്‍കുക. ഇങ്ങനെ വന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടുതല്‍ ചിലവുള്ളതാകും അതു മാത്രമല്ല വിശാലമായ വെബ് ലോകത്തിന് കൂച്ചുവിലങ്ങിടാനും തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം ഉപഭോക്താക്കള്‍ക്ക് നല്‍കുവാനും സര്‍വീസ് പ്രൊവൈഡേഴ്‌സിന് കഴിയും. അതായത് ചുരുക്കി പറഞ്ഞാല്‍ നെറ്റ് നുട്രാലിറ്റി ഇല്ലാതാകുന്നതോട് കൂടി ഓരോ ആപ്ലിക്കേഷനുകള്‍ക്കും അവര്‍ പറയുന്ന വില നല്‍കേണ്ടിവരും.

ഇന്റര്‍നെറ്റ്.ഓര്‍ഗിന്റെ ഈ ചതി തിരിച്ചറിഞ്ഞ ഓണ്‍ലൈന്‍ ലോകം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ആ പരിപാടി ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഉള്ള ശ്രമത്തില്‍ നിന്നും ചെറുതായി ഉള്‍വലിയുകയാണ് ഉണ്ടായത്. എന്നാല്‍, പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് ആസ്ഥാന സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഫേസ്ബുക്കിലെ പ്രൊഫൈല്‍ കളര്‍ മാറ്റം എന്ന മറ്റൊരു തന്ത്രം ഉപയോഗിച്ച് കൊണ്ട് ഇന്റര്‍നെറ്റ്.ഓര്‍ഗിന് സപ്പോര്‍ട്ട് ഉണ്ടാക്കുവാന്‍ മറ്റൊരു ശ്രമവും അവര്‍ നടത്തിനോക്കി. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നപദ്ധതിക്ക് ഉള്ള സപ്പോര്‍ട്ട് ആണെന്ന ബോധ്യത്തില്‍ അതില്‍ കുറെ പേര്‍ പങ്കാളികളാവുകയും ചെയ്തു. എന്നാല്‍, അന്നും ഓണ്‍ലൈന്‍ ലോകം ഇടപെട്ടു പ്രതിരോധം തീര്‍ത്തിരുന്നു.

അപ്പോള്‍ പറഞ്ഞു വന്നത് ഈ പറഞ്ഞ പ്രതിലോമമായ ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ നിറച്ചു നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നതാണ് ഫ്രീ ബേസിക്സ് എന്നത് കൊണ്ട് ഉദേശിക്കുന്നത്. കുറച്ചു വെബ്‌സൈറ്റുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ തരുക, അതിന്റെ മറവില്‍ മറ്റുള്ളവയ്ക്ക് അമിത ചാര്‍ജ് ഈടാക്കുക. അതുവഴി ഇന്റര്‍നെറ്റിനെ തന്നെ ചില പ്രത്യേക കമ്പനികളുടെ കുത്തക ആക്കി മാറ്റുക. നാം എന്ത് 'തിരയണം' എവിടെ തിരയണം എന്നൊക്കെ ഉള്ളതിന് പരോക്ഷമായ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങി ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനു കൂച്ച് വിലങ്ങിടുന്ന പലതും ഇതില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് സാരം.

നാം ഇപ്പോള്‍ അനുഭവിക്കുന്ന ഈ ഇന്റര്‍നെറ്റ് ഫ്രീഡം ഇങ്ങനെ തന്നെ നില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഫ്രീ ബേസിക്സിനു വേണ്ടിയുള്ള ഈ ഫേസ്ബുക്ക് ക്യാമ്പയിനില്‍ നിന്നും വിട്ടു നില്‍ക്കേണ്ടത് അനിവാര്യമായ ഒന്നാണ്. ഓര്‍ക്കുക സൗജന്യമായി എന്തെങ്കിലും മുന്നോട്ടു വയ്ക്കുന്നുണ്ട് എങ്കില്‍ അതിനുള്ളില്‍ എന്തെങ്കിലും അജണ്ടകള്‍ ഒളിപ്പിച്ചു വച്ചിട്ട് തന്നയാകും. ജനങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് വാഗ്ദാനം നല്‍കിയിട്ട് ഫേസ്ബുക്കിനോ അല്ലെങ്കില്‍ അതുപോലെ ഉള്ള സ്ഥാപനങ്ങള്‍ക്ക് മഹത്തായ ഒരു പുണ്യവും നേടാനില്ല.

നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള സുഹൃത്തുക്കള്‍ ഫ്രീ ബേസിക്‌സിനെ സപ്പോര്‍ട്ട് ചെയ്യൂ എന്ന് പറഞ്ഞു കൊണ്ട് റിക്വസ്റ്റ് തരുമ്പോള്‍ ഒരു നിമിഷം ആലോചിക്കുക .നിങ്ങളുടെ സ്വാതന്ത്ര്യത്തിനു വിലങ്ങിടാന്‍ ഉള്ള ചങ്ങലകള്‍ക്കുള്ള കണ്ണികള്‍ ആണ് നിങ്ങള്‍ കൊടുക്കുവാന്‍ പോകുന്നത്. അത് വേണമോ എന്ന് നിങ്ങള്‍ക്ക് ചിന്തിക്കാം.

28-Dec-2015

ഭാരതീയം മുന്‍ലക്കങ്ങളില്‍

More