വര്‍ഗീയഭ്രാന്തന്‍ അധ്യക്ഷനാവുമ്പോള്‍
പ്രീജിത്ത് രാജ്
സംഘപരിവാര്‍ സംഘടനയായ ബി ജെ പിയുടെ കടിഞ്ഞാണ്‍ ഇതുവരെ ആര്‍ എസ് എസ് നിയന്ത്രിച്ചിരുന്നത്, ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ ഒരു ആര്‍ എസ് എസുകാരനെ നിയോഗിച്ചുകൊണ്ടായിരുന്നു. എന്നാല്‍, കുമ്മനം രാജശേഖരനെന്ന ആര്‍ എസ് എസ് പ്രചാരകന്റെ അധ്യക്ഷ സ്ഥാനത്തിലൂടെ ഇനിമുതല്‍ ആര്‍ എസ് എസ് നേരിട്ട് സംസാരിക്കാന്‍ തുടങ്ങും. കാലുഷ്യം വളര്‍ത്തുന്ന തീവ്രഹിന്ദുത്വ നിലപാടും പാര്‍ട്ടിയെ നേരിട്ട് നിയന്ത്രിക്കലും ഇതിലൂടെ സാധ്യമാവും. ഹിന്ദുത്വകാര്‍ഡും അന്യമത വിരോധവും വിദ്വേഷപ്രചാരണവും വര്‍ഗീയധ്രുവീകരണവും ഒരേ സമയത്ത് നടപ്പില്‍വരുത്തുക എന്ന ആര്‍ എസ് എസ് അജണ്ടയാണ് കുമ്മനത്തിലൂടെ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുക. |
രാഷ്ട്രീയ സ്വയം സേവക് സംഘ് തങ്ങളുടെ പ്രചാരകനായ കുമ്മനം രാജശേഖരനെ കേരളത്തിലെ ബി ജെ പിയുടെ അധ്യക്ഷനാക്കിയിരിക്കുന്നു. അമിത് ഷായെ രാജ്യത്തെ ബി ജെ പിയെ നയിക്കാന്‍ നിയോഗിച്ച അതേ മാതൃകയിലാണ് കുമ്മനത്തിന്റെ നിയമനവും. കേരളത്തില്‍ നിരവധി ബി ജെ പി നേതാക്കള്‍ നിലവിലുള്ളപ്പോള്‍, ഹിന്ദു ഐക്യ വേദിയുടെ ഭാരവാഹിയായ കുമ്മനത്തെ ഒരു ചര്‍ച്ചയോ, സമ്മേളനമോ നടത്താതെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാക്കിയതിലൂടെ ആര്‍ എസ് എസ് വലിയ ലക്ഷ്യമാണ് മുന്നില്‍ കാണുന്നത്.
സംഘപരിവാര്‍ സംഘടനയായ ബി ജെ പിയുടെ കടിഞ്ഞാണ്‍ ഇതുവരെ ആര്‍ എസ് എസ് നിയന്ത്രിച്ചിരുന്നത്, ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ ഒരു ആര്‍ എസ് എസുകാരനെ നിയോഗിച്ചുകൊണ്ടായിരുന്നു. എന്നാല്‍, കുമ്മനം രാജശേഖരനെന്ന ആര്‍ എസ് എസ് പ്രചാരകന്റെ അധ്യക്ഷ സ്ഥാനത്തിലൂടെ ഇനിമുതല്‍ ആര്‍ എസ് എസ് നേരിട്ട് സംസാരിക്കാന്‍ തുടങ്ങും. കാലുഷ്യം വളര്‍ത്തുന്ന തീവ്രഹിന്ദുത്വ നിലപാടും പാര്‍ട്ടിയെ നേരിട്ട് നിയന്ത്രിക്കലും ഇതിലൂടെ സാധ്യമാവും. ഹിന്ദുത്വകാര്‍ഡും അന്യമത വിരോധവും വിദ്വേഷപ്രചാരണവും വര്‍ഗീയധ്രുവീകരണവും ഒരേ സമയത്ത് നടപ്പില്‍വരുത്തുക എന്ന ആര്‍ എസ് എസ് അജണ്ടയാണ് കുമ്മനത്തിലൂടെ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുക. അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം കുമ്മനം രാജശേഖരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ അതിനുള്ള തെളിവാണ്.
കേരളത്തിലെ ക്ഷേത്രങ്ങളുടെ സ്ഥലം സര്‍ക്കാര്‍ കൈയടക്കിവെച്ചിരിക്കുകയാണ് അത് ഭക്തര്‍ക്ക് വിട്ടുകൊടുക്കണം, ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിട്ട് ക്ഷേത്രഭരണം അതാതിടത്തെ ഭക്തജനങ്ങളുടെ കമ്മിറ്റിയെ ഏല്‍പിക്കണം, മുസ്‌ളിംകുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുമ്പോള്‍ ഹിന്ദുകുട്ടികളെ അവഗണിക്കുന്നു, സര്‍ക്കാരുകള്‍ ഹിന്ദുക്കളുടെ ക്ഷേത്രം മാത്രം എന്തിന് ഏറ്റെടുക്കുന്നു, കൃസ്ത്യന്‍ പള്ളികളും മുസ്‌ളിം പള്ളികളും സര്‍ക്കാര്‍ ഭരിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങളും ആവശ്യങ്ങളുമാണ് കുമ്മനം ഉന്നയിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരവും ആവശ്യങ്ങള്‍ക്ക് പരിഹാരവുമല്ല കുമ്മനത്തിനും ആര്‍ എസ് എസിനും വേണ്ടത്. അവ അന്തരീക്ഷത്തില്‍ മുഴങ്ങി നില്‍ക്കണം. കുമ്മനം പറയുന്ന കാര്യങ്ങളെ പറ്റി വേണ്ടത്ര അവഗാഹമില്ലാത്തപാവങ്ങള്‍ 'അവഗണിക്കപ്പെടുന്ന ഹിന്ദു'ക്കളെ ഓര്‍ത്ത് രോഷാകുലരാവണം. കുമ്മനത്തിന്റെ 'ഹിന്ദുത്വ'യുടെ കൂടെ കൂടണം. വര്‍ഗീയ ധ്രുവീകരണം ശക്തമാവണം. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സ്പര്‍ധയുണ്ടാകണം. അത് വര്‍ഗീയ കലാപത്തിന് തീ പകരണം. ന്യൂനപക്ഷങ്ങളെ ഗുജറാത്ത് മാതൃകയില്‍ ഇല്ലായ്മ ചെയ്യണം. ഇതാണ് ആര്‍ എസ് എസ് അജണ്ട.
ഹിന്ദുക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം നിയന്ത്രണത്തില്‍ വന്നത് രാജഭരണകാലത്താണെന്ന ചരിത്രം കുമ്മനം രാജശേഖരന് അറിയാഞ്ഞിട്ടല്ല. അദ്ദേഹം ആ ചരിത്രം മൂടിവെച്ച് അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ വേണ്ടി മാത്രമാണ്. തിരുവിതാംകൂര്‍–കൊച്ചി എന്നീ രാജ്യങ്ങളിലെ ഹിന്ദുക്ഷേത്രങ്ങള്‍ കുമ്മനം പറയുന്ന രീതിയില്‍ ഭക്തജനങ്ങളുടെ കൈയ്യിലായിരുന്നില്ല. ദേവസ്വം വകുപ്പുകളുടെ ഭരണത്തിലായിരുന്നു. അന്ന് ക്ഷേത്രവരുമാനം ശേഖരിച്ചത് സര്‍ക്കാര്‍ ഖജനാവിലേക്കായിരുന്നു. ഇന്ത്യന്‍ യൂണിയനില്‍ നാട്ടുരാജ്യങ്ങള്‍ ലയിച്ചതോടെയാണ് ക്ഷേത്ര സ്വത്തുകളും ലയിച്ചത്. 1951ല്‍ 'തിരു–കൊച്ചി ഹിന്ദു മതസ്ഥാപനങ്ങള്‍ നിയമം–1951' നിലവില്‍ വന്നത് അതിന്റെ ഭാഗമായാണ്. രാജ്യഭരണത്തില്‍ ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലായതും അങ്ങിനെയാണ്. ജനകീയ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ഒരു മാറ്റമുണ്ടാക്കി. ക്ഷേത്രവരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ കൂട്ടുന്ന രീതി അവസാനിപ്പിച്ചു. ക്ഷേത്ര നവീകരണങ്ങള്‍ക്കും ഭക്തജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും മറ്റ് ക്ഷേത്രസംബന്ധിയായ മറ്റ് കാര്യങ്ങള്‍ക്കും വേണ്ടിയും ദേവസ്വം ബോര്‍ഡിന് വിനിയോഗിക്കാനുള്ളതായി മാറി ക്ഷേത്രവരുമാനം. ദേവസ്വം ഫണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല എന്ന് ചുരുക്കം.
മലബാറില്‍ സ്ഥിതി കുറച്ചുകൂടി വ്യത്യാസമായിരുന്നു. അവിടെ ബ്രിട്ടീഷ് ഭരണമായതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ ഒരു ക്ഷേത്രത്തിന്റെയും നിയന്ത്രണവും ഉടമസ്ഥതയും സര്‍ക്കാരിനായിരുന്നില്ല. നാട്ടുപ്രമാണിമാരുടെയും ചില കുടുംബങ്ങളുടെയും കൈകളിലായിരുന്നു ക്ഷേത്രങ്ങള്‍. അതിനാല്‍ തന്നെ മലബാറിലെ ക്ഷേത്രങ്ങള്‍ പലതും ജീര്‍ണിച്ച് നശിച്ചു. വിളക്ക് കൊളുത്താന്‍ പോലും നിവൃത്തിയില്ലാത്ത ആ ക്ഷേത്രങ്ങള്‍ നവീകരിക്കാനും അവിടങ്ങളില്‍ തിരി തെളിയിക്കാനുമാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നത്. ബോര്‍ഡ് നിലവില്‍ വന്ന് ക്ഷേത്രപരിപാലനം നടത്തിയില്ലായിരുന്നുവെങ്കില്‍ ഇന്ന് മലബാറിലെ ക്ഷേത്രങ്ങള്‍ നാമാവശേഷമായി പോയേനെ. ആ ചരിത്രവും രാജശേഖരന് നന്നായി അറിയാം. മലബാറില്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വരുന്നതിന് മുന്നുണ്ടായിരുന്ന ക്ഷേത്രപരിപാലന സ്ഥിതി ഇപ്പോള്‍ തിരികെ കൊണ്ടുവരണമെന്നാണ് രാജശേഖരന്‍ പറയുന്നത്. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തെ അങ്ങനെ വേണം കാണാന്‍.
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്കും ശബരിമല അടക്കമുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ വികസനത്തിനും സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടെ ഫണ്ട് അനുവദിക്കുന്നുണ്ട്. ഈ വസ്തുതകള്‍ കുമ്മനം സൗകര്യത്തിന് മറച്ചുവെക്കുന്നു. മുസ്ലീം-കൃസ്ത്യന്‍ ആരാധനാലയങ്ങളുടെ പേര് പറഞ്ഞ് നാട്ടില്‍ വര്‍ഗീയചേരിതിരിവ് ഉണ്ടാക്കാനുള്ള പരിശ്രമമാണ് ബി ജെ പി അധ്യക്ഷന്‍ നടത്തുന്നത്.
കണ്ണൂരില്‍ ചേര്‍ന്ന ആര്‍ എസ് എസ് ബൈഠകിലാണ് കുമ്മനം രാജശേഖരനെ ബി ജെ പി അധ്യക്ഷനാക്കണമെന്ന തീരുമാനം ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത് കൈക്കൊള്ളുന്നത്. കണ്ണൂര്‍ ബൈഠകില്‍ ആര്‍ എസ് എസ് കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സംഘപരിവാര്‍ പാര്‍ട്ടിയായ ബി ജെ പി യെ സന്നദ്ധമാക്കേണ്ടതുണ്ട്. അതിന് നിലവില്‍ കേരളത്തിലെ ബി ജെ പി നേതൃത്വത്തിലുള്ള വ്യക്തികള്‍ക്ക് സാധിക്കില്ല. ഫാസിസ്റ്റ് ആശയ ഗതികള്‍ നടപ്പിലാക്കാന്‍ നല്ല മെയ്‌വഴക്കമുള്ള ഒരു വ്യക്തിയാണ് ആവശ്യം. അങ്ങനെയാണ് മോഹന്‍ ഭഗവത്, കുമ്മനം രാജശേഖരനിലേക്ക് എത്തുന്നത്.
ഹിന്ദു ക്ഷേത്രപരിസരങ്ങളില്‍നിന്ന് െ്രെകസ്തവ –മുസ്‌ളിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ഹിന്ദുക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്ന ഹിന്ദു അമ്മമാര്‍ക്ക് രണ്ടുലക്ഷം രൂപ വീതം 'വീരപ്രസവിനി' അവാര്‍ഡ് നല്‍കുമെന്നും കണ്ണൂര്‍ ബൈഠക് തീരുമാനിച്ചു. 'അഹിന്ദു'ക്കളുടെ ജനസംഖ്യാവര്‍ധന ഇല്ലാതാക്കാന്‍ ഉത്തരേന്ത്യയില്‍ രൂപീകരിച്ച ഹിന്ദുരക്ഷാജാഗ്രതാ സമിതിയുടെ മാതൃകയില്‍ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങണമെന്നാണ് തീരുമാനം. സംഘ പ്രചാരകരും ജാതിസംഘടനാ പ്രതിനിധികളുമാണ് ഇതിന് നേതൃത്വം കൊടുക്കുക. ഗൈനക്കോളജി ഡോക്ടര്‍മാരെയും വിവിധ ആശുപത്രി മാനേജര്‍മാരെയും 'ബോധവാന്മാരാ'ക്കുന്നതിന് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ ബൈഠക്കില്‍ തീരുമാനിച്ചിട്ടുണ്ട്. ഗുരുവായൂര്‍, ശബരിമല, കാടാമ്പുഴ പോലുള്ള പ്രധാന ക്ഷേത്രപരിസരങ്ങളില്‍ ക്രൈസ്തവ, മുസ്‌ളിം വിഭാഗം നുഴഞ്ഞുകയറുന്നത് എന്ത് വിലകൊടുത്തും ചെറുക്കണമെന്നും ഈ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും അതിനായി ക്ഷേത്ര ഐശ്വര്യം നശിക്കുമെന്ന വികാരമുയര്‍ത്തി സമിതികള്‍ രൂപീകരിക്കണമെന്നും ബൈഠക്ക് നിര്‍ദേശിച്ചു. 'കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍' ഭാഗവതസത്രം, ഗീതാസത്രം, യജ്ഞം എന്നിങ്ങനെയുള്ള പരിപാടികള്‍ നടത്താനും നിര്‍ദ്ദേശമുണ്ട്. കേരളത്തിലെ എഴുത്തുകാരില്‍നിന്നും സാംസ്‌കാരിക നായകരില്‍നിന്നും ആര്‍ എസ് എസ് എതിര്‍പ്പ് നേരിടുന്നുണ്ട്. സിപിഐ എമ്മാണ് ഇതിനുപിന്നില്‍ എന്നു വിലയിരുത്തിയ ബൈഠക്ക് അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് പരിശോധിക്കാന്‍ പരിവാര്‍ സംഘടനകളോട് ആവശ്യപ്പെട്ടു. ശ്രീകൃഷ്ണജയന്തി, ഗണേശോത്സവം എന്നിവ സംഘം ഉദ്ദേശിച്ച നിലയില്‍ വിജയിക്കാത്തതിന് കാരണം സിപിഐ എം ആണെന്നും ബൈഠക് നിഗമിച്ചു.
കാവിയെ ജനകീയവല്‍ക്കരിക്കണം. അതിനായി തെയ്യക്കോലങ്ങളുടെ ചുവപ്പ് മാറ്റി കാവി ഉള്‍ക്കൊള്ളിക്കണം. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ആശയപ്രചാരണങ്ങളും 'പാര്‍ടി ഗ്രാമങ്ങളില്‍' നുഴഞ്ഞുകയറ്റവും നടത്തണം. അവിടെ അശാന്തി ഉണ്ടാക്കണം. അപ്പോള്‍ കുടുംബങ്ങളിലുണ്ടാകുന്ന ആശയക്കുഴപ്പം സംഘം പ്രയോജനപ്പെടുത്തണം. വിദ്യാനികേതന്‍ സ്‌കൂളുകളില്‍ ശക്തമായ ശാഖാ പ്രവര്‍ത്തനം ആരംഭിക്കണം. വനവാസി, കടലോര മേഖലകളില്‍ പ്രത്യേകമായി ഇടപെടണം. 'ധനശ്രീ' എന്ന പേരില്‍ ചെറുകിട സാമ്പത്തികപദ്ധതി നടപ്പാക്കാന്‍ 60 കോടി രൂപ കേരളത്തിന് ലഭ്യമാക്കും. ഐഎഎസ്, ഐപിഎസ് വിഭാഗത്തില്‍ സംഘബോധമുള്ള കേരളത്തിലെ ഉദ്യോഗസ്ഥരുടെ ബൈഠക് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കും തുടങ്ങിയ തീരുമാനങ്ങള്‍ കണ്ണൂര്‍ ബൈഠക്കില്‍ എടുക്കുകയുണ്ടായി. ആര്‍ എസ് എസ് വിചാരിച്ചാല്‍ മാത്രം കേരളത്തില്‍ ഈ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള മണ്ണൊരുക്കം നടത്താന്‍ സാധിക്കില്ല. രാഷ്ട്രീയ പാര്‍ട്ടി എന്നുള്ള നിലയില്‍ ബി ജെ പിക്ക് കൂടുതല്‍ വേദികള്‍ ലഭിക്കും ഇവിടങ്ങളില്‍ ഈ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാവണം. അതിന് കേരളത്തിലെ ബി ജെ പിയെ നയിക്കാന്‍ തികഞ്ഞൊരു വര്‍ഗീയവാദി വേണമെന്ന ആര്‍ എസ് എസ് ചിന്തയാണ് കുമ്മനം രാജശേഖരനെന്ന ആര്‍ എസ് എസ് പ്രചാരകന്റെ സ്ഥാനാരോഹണത്തിന് കാരണമായത്.
കുമ്മനം രാജശേഖരന്‍, സംഘപരിവാര്‍ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്തിലും ഹിന്ദു ഐക്യവേദിയിലും പ്രവര്‍ത്തിച്ച് വര്‍ഗീയത പ്രയോഗിക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ എക്കാലത്തെയും വലിയ വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്നതിന് കാരണമായ നിലയ്ക്കല്‍ സംഭവത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ആര്‍ എസ് എസ് നിര്‍ദേശ പ്രകാരം അയ്യപ്പ സേവാസംഘത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായിരിക്കെ നിലയ്ക്കല്‍ പ്രശ്‌നത്തിന് തീ കൊളുത്തിയതോടെയാണ് കുമ്മനം ഒരു വര്‍ഗീയവാദി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. മാറാട് കൂട്ടക്കൊലയെത്തുടര്‍ന്ന് വര്‍ഗീയ വിദ്വേഷം നിലനിര്‍ത്താനുള്ള ശക്തമായ ഇടപെടല്‍ നടത്തി. മാറാട് സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ത്തി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കുമ്മനമായിരുന്നു. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ നിലപാടുകളെ തള്ളിക്കളഞ്ഞ കുമ്മനം ചര്‍ച്ചകളില്‍ ബി ജെ പി നേതാക്കളെ പൂര്‍ണമായി നിസ്സഹായരാക്കി. ആര്‍ എസ് എസിന്റെ മനസും നാവുമായിരുന്നു അന്ന് കുമ്മനം രാജശേഖരന്‍. പത്തുലക്ഷം രൂപ സഹായധനം വാങ്ങിയശേഷം സിബിഐ അന്വേഷണ ആവശ്യത്തില്‍ നിന്ന് അദ്ദേഹം പിറകോട്ടുപോയി. അത് ഏറെ ദുരൂഹതയുണ്ടാക്കി. ആര്‍ എസ് എസിന് മാറാട് കലാപത്തിലുള്ള പങ്ക് പുറത്തുവരുമെന്നത് കൊണ്ടാണ് അന്ന് കുമ്മനം പിന്‍മാറ്റത്തിന് തയ്യാറായത്. മാരാമണ്‍ കല്‍ക്കെട്ട് പ്രശ്‌നത്തിന്റെ ചുമതലയും ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിനുള്ള ചുമതലയും ആര്‍ എസ് എസ് ഏല്‍പ്പിച്ചത് രാജശേഖരനെയാണ്. ക്ഷേത്രങ്ങളെ ആര്‍എസ്എസ് നിയന്ത്രണത്തിലാക്കാന്‍ ക്ഷേത്രസംരക്ഷണ സമിതിവഴി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും ലൗ ജിഹാദ് ഉള്‍പ്പെടെ അതിതീവ്ര ഹിന്ദുത്വസമീപനങ്ങളുടെയും പ്രചാരകനും സംഘാടകനുമായി കുമ്മനം വര്‍ഗീയവിഷം ചീറ്റി.
കേരളത്തില്‍ ബി ജെ പിയുടെ അധ്യക്ഷനായി ആദ്യമായാണ് ഒരു ആര്‍ എസ് എസ് പ്രചാരകന്‍ നിയോഗിതനാവുന്നത്. അത് ഒരു രസത്തിനുവേണ്ടിയുള്ള നിയോഗമല്ല. ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി ഗുജറാത്തിലും ഇപ്പോള്‍ പ്രധാനമന്ത്രി പദമേറ്റെടുത്ത് രാജ്യത്തൊട്ടാകെയും നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടകളുണ്ട്. അതിനെ പിന്‍പറ്റി കേരളത്തില്‍ വര്‍ഗീയത വിതയ്ക്കാനും കലാപങ്ങള്‍ കൊയ്യാനുമാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബി ജെ പി ഇനി യത്‌നിക്കുക. സംഘപരിവാര സംഘടനകളെ തിരിച്ചറിഞ്ഞ്, അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കേരളത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും പ്രബുദ്ധതയും കാത്തുസൂക്ഷിക്കാനുള്ള ഒരു വലിയ മുന്നേറ്റത്തിന്, ജനാധിപത്യ വാദികളും മനുഷ്യ സ്‌നേഹികളും തയ്യാറാവേണ്ട സമയമാണിത്.
20-Dec-2015
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്