നെല്‍വയലുകള്‍ ഞങ്ങള്‍ സംരക്ഷിക്കും

തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താന്‍ ഭൂമാഫിയക്ക് ഒത്താശചെയ്യാനുള്ള തീരുമാനം നേരത്തേ യു ഡി എഫ് മന്ത്രിസഭ എടുത്തിരുന്നു. ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം കര്‍ഷക തൊഴിലാളി യൂണിയനടക്കം ഉയര്‍ത്തിക്കൊണ്ടുവന്നു. 1967ലെ ഭൂവിനിയോഗ ഉത്തരവും 2008ല്‍ നിയമസഭ ഏകകണ്ഠമായി പാസാക്കിയ നെല്‍വയല്‍–തണ്ണീര്‍ത്തട സംരക്ഷണ നിയമവും അട്ടിമറിച്ചാണ് 2005ന് മുമ്പ് രൂപാന്തരം സംഭവിച്ച നെല്‍വയല്‍–തണ്ണീര്‍ത്തടങ്ങള്‍ കരഭൂമിയായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. നെല്‍വയല്‍–തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി ഇപ്പോള്‍ ചട്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് ഭൂമാഫിയയെ സഹായിക്കാനും ഭൂമി കച്ചവടത്തിലൂടെ കോടികള്‍ തട്ടിയെടുക്കാനുമാണ്. നിയമപരമായി നിലനില്‍പ്പില്ലാത്ത ഇങ്ങനെയൊരു ചട്ടം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത് അടിയന്തരമായി പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാവണം. അതല്ലാതെ മറ്റ് വഴികളോന്നും യു ഡി എഫ് സര്‍ക്കാരിന് മുന്നിലില്ല. കേരളത്തിന്റെ ജീവന്‍ ഇല്ലാതാക്കുന്ന ഈ ചട്ടം പിന്‍വലിച്ചില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷക തൊഴിലാളി യൂണിയന്‍ മുന്നോട്ട് വരും.

ഭൂമാഫിയക്കും റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍ക്കും വേണ്ടി കേരളത്തിന്റെ ജീവന്‍ ഇല്ലാതാക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍. അമ്പതിനായിരത്തോളം ഏക്കര്‍ തണ്ണീര്‍ത്തടം അനധികൃതമായി നികത്തിയത് നിയമവിധേയമാക്കാന്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ചട്ടത്തില്‍ തിരിമറി നടത്തിയത് ഇതിന്റെ ഭാഗമായാണ്. തണ്ണീര്‍ത്തടം നികത്തിയതിന് അംഗീകാരം നല്‍കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കാനായുള്ള ചട്ടം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന്റെ പരിസ്ഥിതിയുടെ കടക്കലാണ് കത്തിവെച്ചിരിക്കുന്നത്. നേരത്തെ മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിന് നിയമ ഭേദഗതി ആലോചിച്ചെങ്കിലും കര്‍ഷക തൊഴിലാളി യൂണിയനടക്കമുള്ള സംഘടനകളും പ്രതിപക്ഷവും വലിയ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ചട്ടത്തില്‍ തിരിമറിയെന്ന വളഞ്ഞ വഴി സ്വീകരിച്ചത്. നിയമ ഭേദഗതി നിയമസഭയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നതിനാലാണ് ചട്ടങ്ങളില്‍ നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ ചേര്‍ത്ത് ഭൂമാഫിയായെ സംരക്ഷിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. കോടികളാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ ഭൂമാഫിയയുടെയും റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരുടെയും പ്രതിനിധികള്‍ ഇതിനായി ചൊരിഞ്ഞത്. ഈ നീക്കത്തിലൂടെ സംസ്ഥാനത്ത്് വന്‍ പാരിസ്ഥിതികാഘാതമുണ്ടാവുമെന്നതില്‍ സംശയം വേണ്ട.

നിയമസഭയിലും മാധ്യമങ്ങളോടും മുഖ്യമന്ത്രിയും റവന്യുവകുപ്പ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നെല്‍വയല്‍ നികത്തല്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സായി കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഇത് വിവാദമായതോടെ, സര്‍ക്കാരിലോ യുഡിഎഫിലോ ചര്‍ച്ച നടന്നിട്ടില്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നുമായിരുന്നു റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രതികരണം. എന്നാല്‍ കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭ പരിഗണിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ പരിസ്ഥിതി വകുപ്പിന്റെ നിലപാടാണ് തടസ്സമായതെന്നും മന്ത്രിസഭായോഗത്തിനു നല്‍കിയ കുറിപ്പ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഈ നീക്കം. കുറിപ്പ് മുഖ്യമന്ത്രി കണ്ടിരുന്നു. സെപ്തംബര്‍ ഒമ്പതിനു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് പരിഗണിച്ചത്. സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ ചില പദ്ധതികള്‍ നടപ്പാക്കുന്നതിന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ വകുപ്പുകള്‍ തടസ്സമാണെന്ന് വാദിച്ചാണ് ഭേദഗതിക്ക് നീക്കം നടത്തിയത്.

നിയമത്തിന്റെ ഭാഗമായി രൂപീകരിച്ച ചട്ടങ്ങളില്‍ അവ്യക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ യു ഡി എഫ് സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നത്. 'നില'ത്തിന്റെ നിര്‍വചനം നിയമത്തിന് വിരുദ്ധമായാണ് ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത് വയല്‍നികത്തലിന് സഹായിക്കാനും നിയമം അട്ടിമറിക്കാനും വേണ്ടിയാണ്. ഇതോടെ നിലവിലുള്ള നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമംതന്നെ അപ്രസക്തമാകും. എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2008ലെ നിയമത്തില്‍ നിലം എന്നാല്‍ നെല്‍ക്കൃഷി ചെയ്യുന്നതോ കൃഷിക്ക് യോഗ്യമായിട്ടും തരിശിട്ടിരിക്കുന്നതോ ആയ സ്ഥലമാണെന്നാണ് പറയുന്നത്. അനുബന്ധ സ്ഥലങ്ങളും നിലത്തിന്റെ നിര്‍വചനത്തില്‍പ്പെടും. എന്നാല്‍, ഇപ്പോള്‍ യു ഡി എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങളുടെ നിര്‍വചനത്തില്‍ നിലമെന്നാല്‍ വില്ലേജ് രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ നിലമല്ലാത്തതുമായ സ്ഥലമെന്നാണ് കല്‍പ്പിച്ചിരിക്കുന്നത്. നിയമത്തിലും ചട്ടത്തിലും വയലിന്റെ നിര്‍വചനത്തെ മാറ്റിമറിച്ചതിലൂടെ 50,000 ഏക്കര്‍ വയല്‍നികത്തലിന് നിയമസാധുത ലഭിക്കും. ഭൂമാഫിയയും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയിലൂടെയാണ് ഈ ചട്ടം രൂപപ്പെടുത്തിയിട്ടുള്ളത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

2005 ജനുവരി ഒന്നിനുമുമ്പ് നികത്തിയതായി രേഖ സംഘടിപ്പിച്ച് വ്യാപകമായി നികത്തിയ നിലം ഭൂമാഫിയകള്‍ക്ക് ഇനി ഏതുരീതിയില്‍ വേണമെങ്കിലും ഉപയോഗിക്കാം. 2008ലെ നെല്‍വയല്‍ സംരക്ഷണനിയമത്തിന്റെ അന്തഃസത്ത തകര്‍ക്കുന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം. അന്താരാഷ്ട്രതലത്തില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് ഒപ്പുവച്ച റാംസര്‍ ഉടമ്പടിപ്രകാരമുള്ള പ്രദേശമായി സംരക്ഷിക്കേണ്ട നീര്‍ത്തടങ്ങള്‍പോലും നികത്തിയത് ഇതോടെ നിയമാനുസൃതമാകും. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകള്‍ സംരക്ഷിക്കാമെന്ന് ഉറപ്പുള്ളതിനാല്‍ നിലംനികത്തല്‍ ഇനിയും വ്യാപകമാകുമെന്നത് ഉറപ്പാണ്. അതിന് യു ഡി എഫ് സര്‍ക്കാരിന്റെ സംരക്ഷണവും ഉണ്ടാവും.

വീട് വയ്ക്കാനായി അഞ്ചു സെന്റുവരെ നികത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. സ്വന്തമായി വീടില്ലാത്തവര്‍ക്കും ഭവനനിര്‍മാണത്തിന് സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും മാത്രമേ ആ ഇളവ് ലഭിക്കുകയുള്ളു. ഇതിന്റെ മറവില്‍ റിയല്‍എസ്‌റ്റേറ്റ് ലോബി നികത്തിയ ഭൂമിക്കെല്ലാം നിയമസാധുത ഉറപ്പാക്കുകയാണ് ഉമ്മന്‍ചാണ്ടിയും സംഘവും.

29-Dec-2015