സുരേഷ്ഗോപി ഹിന്ദുവാകുമ്പോള്‍!

'ഷിറ്റെ'ന്ന പദത്തിന്റെ പിന്‍ബലത്തിലാണ് കേരളം സുരേഷ്‌ഗോപിയെ ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ ഒരു കഥാപാത്രം ആ പദം രോഷത്തോടെ ഉരുവിടുമ്പോള്‍ തിയറ്ററുകളിലെ നാനാമതസ്ഥര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. അവിടെ ഹിന്ദുകൈയ്യടി മാത്രമല്ല ഉണ്ടായത്. സുരേഷ് ഗോപി അഭിനയിച്ചതും ഹിന്ദു കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല. ഹിന്ദുക്കള്‍ ഉണരണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുവിനെ ഉണര്‍ത്താന്‍ സുരേഷ്‌ഗോപി പരിശ്രമിക്കുമ്പോള്‍ അദ്ദേഹം ആ പദമായി രൂപാന്തരം പ്രാപിക്കുന്നു. മൂക്കുപൊത്തി പിടിച്ച്, അറപ്പോടെ കേരളത്തിന്റെ മതനിരപേക്ഷ മനസ് ഷിറ്റ് ഗോപിയെ അവഗണിക്കുന്നു. സുരേഷ്‌ഗോപി ജീവിതത്തിലെ അഭിനയം നിര്‍ത്താന്‍ ഇനിയെങ്കിലും തയ്യാറാവണം.

നരേന്ദ്രമോഡി പ്രധാനമന്ത്രിയായുള്ള എന്‍ ഡി എ സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ട് കുറച്ച് കാലമേ ആയുള്ളു. പക്ഷെ, ജനവിരുദ്ധ നയങ്ങള്‍ കൈക്കൊണ്ടും കോര്‍പ്പറേറ്റ് പ്രീണനത്തില്‍ റിക്കാര്‍ഡിട്ടും ചരിത്രം സൃഷ്ടിച്ച് മുന്നോട്ട് പോവുകയാണ് ഈ സര്‍ക്കാര്‍. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്ത അമേരിക്കന്‍ പബ്ലിക്ക് റിലേഷന്‍ കമ്പനി ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെ മാതൃകയിലാണ് സംഘികള്‍ ഫേസ്ബുക്കടക്കമുള്ള നവമാധ്യമങ്ങളില്‍ ഫോട്ടോഷോപ്പിലൂടെ കള്ളം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രചരണങ്ങളില്‍ ചില കുഞ്ഞുമനസുകള്‍ വീണുപോവും. കേരളത്തിലും ചില ഉദാഹരണങ്ങള്‍ ഉണ്ട്. സിനിമാ നടന്‍ സുരേഷ് ഗോപി അത്തരത്തിലൊരു വ്യക്തിയാണ്. ഒരു കുഞ്ഞുമനസ്.

നരേന്ദ്രമോഡിയുടെ ആരാധകനാണെന്ന് പറയുന്ന സുരേഷ്‌ഗോപി തീര്‍ച്ചയായും ഉത്തരം തരേണ്ട ചില ചോദ്യങ്ങളുണ്ട്. മോഡിയുടെ എന്ത് കണ്ടാണ് സുരേഷ് അദ്ദേഹത്തെ പാടി പുകഴ്ത്തുന്നത്? പ്രധാനമന്ത്രി എന്നുള്ള നിലയില്‍ നരേന്ദ്രമോഡി എന്താണ് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടുള്ളത്. മോഡി രാജ്യത്തെ ജനജീവിതത്തെ മറന്നുപോയ മുഹൂര്‍ത്തങ്ങള്‍ ഏറെയുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കൂ. : മോഡി അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെയും കൂട്ടരുടെയും സ്‌പോണ്‍സര്‍മാരായ കുത്തക കമ്പനികള്‍ക്ക് വേണ്ടി ഇന്ത്യയിലെ ജീവന്‍രക്ഷാ മരുന്നുകളുടെ വിലനിലവാരം എടുത്തുകളഞ്ഞു. കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കായി ഇന്ത്യയിലെ തൊഴില്‍നിയമം അട്ടിമറിച്ചു. ആര്‍ക്കും ഏത് തൊഴിലാളിയെയും എപ്പോള്‍ വേണമെങ്കിലും പിരിച്ചു വിടാം. മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ വായ്ക്കരിയിട്ടു. പാവങ്ങള്‍ക്ക് സഹായകമാവുന്ന തൊഴിലുറപ്പ് പദ്ധതി വെട്ടിക്കുറച്ചു. ഇന്ത്യയിലെ പട്ടാളത്തെ, അതായത് പ്രതിരോധ രംഗത്തെ സ്വകാര്യവത്കരിച്ചു. ഇപ്പോള്‍, ക്രൂഡ് ഓയില്‍ വില നാല്‍പത് ഡോളറായി കുറഞ്ഞിട്ടും ലോകത്താമാനമുള്ള രാഷ്ട്രങ്ങളില്‍ എണ്ണവില കുറഞ്ഞിട്ടും മോഡിയുടെ ഇന്ത്യയില്‍ മാത്രം വില കുറഞ്ഞില്ല. നരേന്ദ്രമോഡി കുറച്ചില്ല. യു പി എ കാലത്ത് പ്രതിപക്ഷമായി നില്‍ക്കുമ്പോള്‍ മോഡി പറഞ്ഞ വീണ്‍വാക്കുകളുടെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പെട്രോള്‍ വില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുമെനന്് വരെ അന്ന് വീമ്പ് പറഞ്ഞിരുന്നു. പക്ഷെ, ഭരണം കിട്ടിയപ്പോള്‍ ഡീസല്‍, ഗ്യാസ് വിലകളുടെ നിയന്ത്രണാധികാരവും സര്‍ക്കാരില്‍ നിന്ന് എടുത്തുകളഞ്ഞു. സ്വിസ്ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുത്ത് സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞും മോഡി അക്കാലത്ത് കൈയടി നേടി. പക്ഷെ, ഭരണത്തിലെത്തിയപ്പോള്‍ നരേന്ദ്ര മോഡിയും സ്വിസ്ബാങ്കില്‍ നിക്ഷേപിക്കാനുള്ള കാര്യത്തെ പറ്റി ആലോചിക്കുകയാണെന്ന് തോന്നുന്നു. തീര്‍ത്തും പരാജിതനായ, കുറഞ്ഞകാലം കൊണ്ടുതന്നെ കഴിവുകെട്ടവനെന്ന് തെളിയിച്ച നരേന്ദ്രമോഡിയുടെ പ്രതിച്ഛായ കൂട്ടാന്‍, സുരേഷ്‌ഗോപിയെ പോലുള്ള സെലിബ്രിറ്റികളുടെ ഉളുപ്പുകെട്ട ഭജന കൊണ്ട് സാധിക്കുമോ?

സര്‍ക്കാരിന്റെ കഴിവ് കേട് മറച്ചുവെക്കാന്‍ ഉത്തരേന്ത്യയിലേയും മറ്റും വിവരംകെട്ട മതഭ്രാന്തന്‍മാര്‍ വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുകയാണ്. അവരുടെ നാവാട്ടത്തിലൂടെ മാധ്യമശ്രദ്ധ തിരിച്ചുവിടുക എന്ന തന്ത്രമാണ് മോഡിയും സംഘികളും പ്രയോഗിക്കുന്നത്. കേരളത്തിലും ചില അല്‍പ്പബുദ്ധികള്‍ ഇത്തരം നാവാട്ടം നടത്തുന്നുണ്ട്. ഘര്‍വാപ്പസി പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ 'ഹിന്ദുരാഷ്ട്രം' എന്ന ലക്ഷ്യത്തിലേക്ക് പോകാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസ് സംഘപരിവാരം മറ്റൊരുഭാഗത്ത് സുരേഷ്‌ഗോപിയെ പോലുള്ള സെലിബ്രിറ്റികളെ അണിനിരത്തി കേരളത്തിന്റെ മനസിനെ ഹൈന്ദവവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജന്‍മനാ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന് പറഞ്ഞതുപോലെ സുരേഷ്‌ഗോപിയുടെ ഇപ്പോഴത്തെ അഭിനയം മഹാ ബോറാവുന്നു. ഡയലോഗ് പ്രസന്റേഷന് ഒരു നല്ല തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കുറവുണ്ട്. എട്ടുനിലയില്‍ പൊട്ടിയ സുരേഷ്‌ഗോപി ചിത്രങ്ങളില്‍ പോലും ഇതിലും മികച്ച സംഭാഷണങ്ങളാണുള്ളത്.

ആര്‍ എസ് എസ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ജനസംഘത്തെ നിയോഗിച്ചപ്പോഴും പിന്നീട് ബി ജെ പിയെ നിയോഗിച്ചപ്പോഴുമൊന്നും സെലിബ്രിറ്റി പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ലായിരുന്നു. അന്ന് അവര്‍ക്ക് കെ ജി മാരാറെ പോലുള്ള നേതാക്കള്‍ ഉണ്ടായിരുന്നു. ഒരുപരിധി വരെ കേരളത്തിലെ പൊതുസമൂഹം അവരെയൊക്കെ കേള്‍ക്കാനും തയ്യാറായിരുന്നു. പക്ഷെ, ബി ജെ പിയുടെ ഫാസിസ്റ്റ് നിറം മനസിലാക്കിയ ജനങ്ങളുടെശ്രദ്ധ പിടിച്ചുപറ്റാന്‍ സിനിമാ നടനെ ഇറക്കി ഡയലോഗടിക്കേണ്ട ഗതികേടിലേക്ക് കേരളത്തിലെ ബി ജെ പിയും സംഘപരിവാരവും മൂക്കുകുത്തിപ്പോയിരിക്കുന്നു. കേരളത്തിന്റെ പ്രബുദ്ധ മനസ് മറ്റ് ബി ജെ പി നേതാക്കളെ പരിഗണിക്കാത്തതാവാം ഇതിന് കാരണം.

കേരളത്തിലെ മുിതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാലിന് കുണ്ഠിതത്തോടെ, സുരേഷ്‌ഗോപിയെ അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. ഒ രാജഗോപാലിന് പകരംവെക്കുന്ന ചരക്കാണ് സുരേഷ്‌ഗോപി എന്ന് പറയുവാന്‍ ആ മുതിര്‍ന്ന ബി ജെ പി പ്രവര്‍ത്തകനെ നിര്‍ബന്ധിതനാക്കിയത് സുരേഷിന്റെ ഒരൊറ്റ സംഭാഷണമാണ്. വിഴിഞ്ഞം തുറമുഖത്തിനായി ഹിന്ദുക്കള്‍ ഒന്നിക്കണം എന്നൊരു പ്രസ്താവന. രാജഗോപാലിനോട് മാറി നില്‍ക്കാനും തനിക്ക് പകരം സുരേഷ്‌ഗോപി ഉണ്ടെന്ന് പരസ്യമായി പ്രസ്താവിക്കാനും കല്‍പ്പിക്കാന്‍ ആര്‍ എസ് എസിന് ഹിന്ദുവിനെ ഉണര്‍ത്താനുള്ള സുരേഷ്‌ഗോപിയുടെ ഒരു പ്രസ്താവന മാത്രം മതിയായിരുന്നു. സുരേഷ് ഗോപി അഭിനയിച്ച സിനിമകളില്‍ വിവരമുള്ള തിരക്കഥാകൃത്തുക്കളും സംവിധായകരും ആര്‍ എസ് എസിനെതിരെ ഫാസിസ്റ്റുകള്‍ക്കെതിരെ ആള്‍ദൈവങ്ങള്‍ക്കെതിരെ സുരേഷ്‌ഗോപിയെ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങള്‍ ആര്‍ എസ് എസ് മറന്നുപോയിക്കാണും. സുരേഷ്‌ഗോപിയുടെ നാവിലൂടെ കാമ്പുള്ള സംഭാഷണങ്ങള്‍ വരണമെങ്കില്‍ വിവരമുള്ള തിരക്കഥാകൃത്ത് വേണം. പക്ഷെ, ഇത്തരത്തിലുള്ള വര്‍ഗീയ സംഭാഷണത്തിന് സുരേഷ് ഗോപിയുടെ മസ്തിഷ്‌കം ധാരാളമാണ്.

ഒരു കലാകാരന്‍ ഇത്ര തരം താഴാമോ? സുരേഷ്‌ഗോപിയെ ഒരു നടനെന്ന നിലയില്‍ അംഗീകരിച്ചത് ഹിന്ദുക്കള്‍ മാത്രമല്ല. അദ്ദേഹത്തിന്റെ സിനിമകള്‍ ഹിന്ദുക്കള്‍ മാത്രം കണ്ടാല്‍ മതി എന്ന് പ്രസ്താവിക്കാന്‍ ഇന്നേവരെ അദ്ദേഹം തയ്യാറായിട്ടുമില്ല. ഹിന്ദു സംവിധായകരും നിര്‍മാതാക്കളും മാത്രമല്ല അദ്ദേഹത്തിന്റെ സിനിമ സൃഷ്ടിച്ചിട്ടുള്ളത്. ഒരു പ്രബുദ്ധമായ സമൂഹത്തിന്റെ ഉത്പന്നമാണ് സുരേഷ്‌ഗോപി എന്ന നടന്‍. അല്ലാതെ ഹിന്ദുക്കളുടെ ഉത്പന്നമല്ല. ഇപ്പോള്‍ കാര്യ ലാഭത്തിന് വേണ്ടി, രാഷ്ട്രീയാധികാരമെന്നത് കോര്‍പ്പറേറ്റ് ബാന്ധവമാണെന്ന് വിളിച്ചു പറയുന്ന നരേന്ദ്രമോഡിയുടെ ശൈലിയില്‍ ആകൃഷ്ടനായ ഒരു കുറുക്കന്റെ ഓരിയിടല്‍ മാത്രമാണ് സുരേഷ്‌ഗോപിയുടെ വിടുവായത്വം. അതിന് കേരള സമൂഹത്തില്‍ മാര്‍ക്കറ്റില്ല. തനിക്ക് പകരം സുരേഷ്‌ഗോപി തിരുവനന്തപുരത്തുണ്ടാവും എന്ന് പ്രസ്താവിക്കുന്നതിലൂടെ ഒ രാജഗോപാല്‍ തിരുവനന്തപുരത്തെ ജനങ്ങളെയാണ് അപമാനിച്ചിരിക്കയാണ്. തിരുവനന്തപുരത്തിന് ചരിത്രപരമായ പാരമ്പര്യമുണ്ട്. പോരാട്ടത്തിന്റെ ചരിത്രം തിരുവനന്തപുരത്തിന് അവകാശപ്പെട്ടതാണ്. കള്ളനാണയങ്ങളുടെ പലതും ചെത്തിയെടുത്ത നാടാണ് തിരുവനന്തപുരം. അവിടെ കൂളിംഗ് ഗ്ലാസിട്ട് നടക്കുന്ന ഒരു കോമാളിയെ എല്ലാറ്റിനും മുകളില്‍ സ്ഥാപിക്കുന്നതിലൂടെ ബി ജെ പി നേതൃത്വം തങ്ങളുടെ ശവക്കല്ലറയ്ക്ക് അടപ്പുണ്ടാക്കുകയാണ്.

'ഷിറ്റെ'ന്ന പദത്തിന്റെ പിന്‍ബലത്തിലാണ് കേരളം സുരേഷ്‌ഗോപിയെ ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ ഒരു കഥാപാത്രം ആ പദം രോഷത്തോടെ ഉരുവിടുമ്പോള്‍ തിയറ്ററുകളിലെ നാനാമതസ്ഥര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. അവിടെ ഹിന്ദുകൈയ്യടി മാത്രമല്ല ഉണ്ടായത്. സുരേഷ് ഗോപി അഭിനയിച്ചതും ഹിന്ദു കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല. ഹിന്ദുക്കള്‍ ഉണരണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുവിനെ ഉണര്‍ത്താന്‍ സുരേഷ്‌ഗോപി പരിശ്രമിക്കുമ്പോള്‍ അദ്ദേഹം ആ പദമായി രൂപാന്തരം പ്രാപിക്കുന്നു. മൂക്കുപൊത്തി പിടിച്ച്, അറപ്പോടെ കേരളത്തിന്റെ മതനിരപേക്ഷ മനസ് 'ഷിറ്റ്'ഗോപിയെ അവഗണിക്കുന്നു. സുരേഷ്‌ഗോപി ജീവിതത്തിലെ അഭിനയം നിര്‍ത്താന്‍ ഇനിയെങ്കിലും തയ്യാറാവണം.

 

18-Jan-2015

ഭാരതീയം മുന്‍ലക്കങ്ങളില്‍

More