മുജ്ജന്‍മത്തിലെ ബന്ധുക്കള്‍

"അമ്മേ എന്റെ സോക്‌സ് കിട്ടീല്ല."
"അമ്മേ എന്റെ ഷിമ്മീസ് എവിടാമ്മേ?"
"ഡോ..എന്റെ ചുവന്ന വരയന്‍ ഷര്‍ട്ട് നീ കണ്ടാരുന്നോ?"

ഹാവൂ... മൂന്നും തികഞ്ഞു. മൂത്തവള് ഹോസ്റ്റലിലായതോണ്ട് അവളുടേതൊന്നും കാണാതെ പോയിട്ടില്ല.
എന്നാലും ഈ അച്ഛനും മക്കള്‍ക്കും ഇത്തിരിയെങ്കിലും സ്‌നേഹണ്ടോ എന്നോട്. ഇന്നലെ രാത്രി തലവേദനയാന്ന് പറഞ്ഞപ്പോ രണ്ടും ഇടവും വലവും വന്നിരുന്ന് തൊട്ടും തടവീം കണ്ണും നിറച്ചോണ്ടാ ഉറങ്ങാന്‍ പോയെന്നത് നേര്. അച്ഛനാണെങ്കില്‍ "ഡോ.. വയ്യായ്ക വല്ലാണ്ട്ണ്ടാ... ഡോക്ടറെ കാണണോ.. കൂടുതല്‍ പ്രയാസണ്ടെങ്കില്‍ പറയണേ.. രാത്രിയാണെന്നൊന്നും നോക്കണ്ട. ഇപ്പത്തന്നെ പോകാം" ഇതൊക്കെ കാണുകേം കേള്‍ക്കുകേം അനുഭവിയ്ക്കുകേം ചെയ്യുമ്പോ ഒരു സുഖമൊക്കെയുണ്ട്. പക്ഷേ, നേരം വെളുത്തപ്പോ എല്ലാം തീര്‍ന്നു! കാണാതെ പോയ സാധനങ്ങള്‍ തിരഞ്ഞു കണ്ടുപിടിക്കാന്‍ പോലും ആര്‍ക്കും വയ്യ. അമ്മയ്ക്ക് സുഖായോന്നൊരു ചോദ്യമില്ല. എല്ലാം കൈയ്യില്‍ കിട്ടണം.

വെറും ഒരാഴ്ച കൊണ്ട് ഒരു വീട് ഇങ്ങനെയാവ്വോ? കഴിഞ്ഞ ദിവസങ്ങളില്‍ ഓഫീസിലും ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. റിലീവിങ്ങും ജോയിനിങ്ങും വേക്കന്‍സി റിപ്പോര്‍ട്ടിങ്ങും എന്നു തുടങ്ങി തപാലുകളുടെ പെരുമഴയ്‌ക്കൊപ്പം ഓഡിറ്റിംഗിന്റെ ഇടിവെട്ടും!
അവിടത്തെ വെപ്രാളത്തിനിടയില്‍ വീട്ടിലേക്കുള്ള നോട്ടമൊന്നു പാളിയെന്നത് വാസ്തവം. അതാണല്ലോ ഇപ്പോ ഈ ലേലം വിളി കേട്ടത്.
"ഇതാ നിന്റെ സോക്‌സ്.. ഇത് നിന്റെ ഷിമ്മീസ്..നിങ്ങടെ ചോപ്പ് വരയന്‍ ഷര്‍ട്ടും പിടിച്ചോ..."

ഹോ... രാവിലത്തെ അങ്കം വെട്ട് കഴിഞ്ഞാ ശ്വാസം വിടാം.
ഞായറാഴ്ച ഒന്നായ്‌ക്കോട്ടെ. എല്ലാമൊന്നു അടുക്കി പെറുക്കി വയ്ക്കണം. തുണികള്‍ ഒതുക്കി വയ്ക്കല് തന്നെയാണോ ഏറ്റവും വല്യ പണി. അല്ല, സമയാസമയം പാത്രങ്ങള്‍ കഴുകി വയ്ക്കുന്നതോ? ശോ., ഇതിപ്പോ ആശയക്കുഴപ്പായീലോ..
ആ പോട്ടെ..അതാലോചിച്ചിനി തല പുണ്ണാക്കണ്ട.

ഞായറാഴ്ച രാവിലെ തന്നെ തുടങ്ങി ഒതുക്കലും പെറുക്കലും. അലമാര ഒതുക്കുന്നതിനിടയില്‍ കൈ ഏതോ കട്ടിയുള്ള സാധനത്തില്‍ തട്ടി. പഴയൊരു ആല്‍ബം. അത് മറിച്ചുനോക്കാതിരിക്കാന്‍ മനസനുവദിച്ചില്ല. എപ്പോള്‍ അത് തുറന്നു നോക്കിയാലും മനസ്സിലൊരു കടലിരമ്പും. അതിലെ ഓരോ മുഖങ്ങള്‍ക്കും ഇപ്പോ പതിനഞ്ച് വര്‍ഷം പ്രായം കൂടീട്ടുണ്ടാവും. പക്ഷെ, എന്റെ മനസില്‍ അവര്‍ക്കൊക്കെ അന്നത്തെ അതേ പ്രായം തന്നെ!
പെട്ടെന്ന് ഉപബോധമനസ്സ് മന്ത്രിച്ചു. ഇത് നിന്റെ മുജ്ജന്‍മത്തിലെ ബന്ധുജനങ്ങള്‍. ഈ ജന്മത്തില്‍ നിനക്കവരുമായി യാതൊരു ബന്ധവുമില്ല. ബോധമനസ്സ് ഇത് കേട്ടു നിര്‍ത്താതെ ചിരിച്ചു.

അല്ലാ..അതിനും ഒരു യോഗോം ഭാഗ്യോം വേണ്ടേ... ഈ ജന്മത്തില്‍ മുജ്ജന്‍മത്തിലെ ബന്ധുക്കളുടെ ഫോട്ടോ കാണാനും അവരെ ഓര്‍ക്കാനുമൊക്കെ.

കടന്നുപോയ പതിനഞ്ച് വര്‍ഷങ്ങള്‍. ശരിയാണ്. ഇതെനിക്ക് പുനര്‍ജന്‍മം തന്നെ. കഴിഞ്ഞ ജന്മത്തിലെ ഓര്‍മ്മകള്‍ ഇരമ്പിയെത്താന്‍ ഒരു സുഹൃത്താണ് കാരണമായത്‌.

'ക്ലാസ്‌മേറ്റ്‌സ്' സിനിമ ഇറങ്ങി കൊല്ലം എട്ട് കഴിഞ്ഞല്ലൊ. പക്ഷേ, ഒരു കാലത്ത് കോളജിന്റെ പടി കയറിയിട്ടുള്ള എല്ലാവരുടെയും അസ്ഥിക്ക് പിടിച്ച സിനിമയായിരുന്നു അത്. അത് സമ്മാനിച്ച 'ഗെറ്റ് ടുഗതര്‍' തരംഗം ഇപ്പൊഴും തുടരുവല്ലേ! അങ്ങനൊരു 'ഗെറ്റ് ടുഗതര്‍' പരിപാടീല് 'ഞാന്‍' സംസാരവിഷയമായ കഥ ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. എന്റെ ഒരു ബന്ധുവും ഈ സുഹൃത്തിന്റെ സഹപാഠിയുമായ ഒരുവളാണ് സുഹൃത്തിനോട് അത് പങ്കുവെച്ചത്.

"നീ ഗൌരീനെ കാണാറുണ്ടോടീ? ന്നാലും അവള്‍ക്കിതെങ്ങനെ കഴിയുന്നു?ഇനി ഏതായാലും ഒരു തിരിച്ചുവരവിനെക്കുറിച്ച് അവള്‍ കിനാവ് കാണുകേ വേണ്ട. മരിച്ചതിന് തുല്യമാ അവള്‍ക്കവിടുത്തെ സ്ഥാനം. ന്നാലും അവളെ സമ്മതിക്കണം."
അപ്പൊ നമ്മുടെ സുഹൃത്ത്: "ഓ..മരിച്ചു കഴിഞ്ഞാ പിന്നെ എന്നതാന്നെ.. അവള്‍ക്കിപ്പം പുനര്‍ജന്‍മമല്ലിയോ... ഈ ജന്മം അവള്‍ക്ക് പരമ സുഖം! കെട്ട്യോനും കുട്ട്യോളുമൊക്കെയായി ജോളിയായി കഴിയുന്നു."

ഹയ്യൊ, മുജ്ജന്‍മോം ചിന്തിച്ചിരുന്നാ പണി പാളും. അച്ഛനും മക്കളും ഉച്ചയ്ക്ക് ഉണ്ണാനെത്തുന്നേന് മുന്നേ സ്‌പെഷല്‍ വല്ലോം ഉണ്ടാക്കണം. നല്ലോരു ഞായറാഴ്ചയായിട്ട്.....!

 

08-Jan-2015

കഥകൾ മുന്‍ലക്കങ്ങളില്‍

More