കാത്തിരിക്കുന്നത് പതിനാറടിയന്തരത്തിനോ?
പ്രീജിത്ത് രാജ്
നാസി ഭീകരതയുടെ പഴയമണം തന്നെയാണ് നരേന്ദ്രമോഡി പ്രതിനിധീകരിക്കുന്ന ആര്‍ എസ് എസിനുള്ളത്. അവര്‍ സംഘപരിവാരത്തിലുള്ള ബി ജെ പിയിലൂടെ അധികാരത്തിലെത്തിയ വേളയിലാണ് തമിഴകത്ത് ഒരു സാഹിത്യകാരന്‍ ഞാന്‍ മരിച്ചു എന്ന് വിളിച്ചറിയിക്കുന്നത്. മോഡിയും കൂട്ടാളികളും ആ വിളമ്പരത്തില്‍ സന്തുഷ്ടരാണ്. ഇനിയും അനേകം മരണങ്ങള്‍ ഈ രാജ്യത്തുണ്ടാവാം. ഗുജറാത്തില്‍ നടന്ന ന്യൂനപക്ഷ വംശഹത്യപോലെ, സംസ്‌കാരങ്ങളുടെ വംശഹത്യയാണ് നാമിനി പ്രതീക്ഷിക്കേണ്ടത്. അപ്പോഴും നിശബ്ദതയാണ്. രാജ്യത്തെ സാഹിത്യകാരന്‍മാരും സാംസ്‌കാരിക നായകന്‍മാരും പെരുമാള്‍ മുരുഗനെന്ന സാഹിത്യകാരന്റെ പതിനാറടിയന്തിരത്തിന്റെ ചോറുവീഴ്ത്തിനായി കൊതിയോടെ കാത്തിരിക്കുകയാവും അതാണീ കുറ്റകരമായ നിശബ്ദത. |
“ലാഭം നേടാനായി നമ്മുടെ കാലഘട്ടത്തില്‍ ധാന്യങ്ങളും കന്നുകാലികളും നശിപ്പിക്കപ്പെടാറുണ്ട്. സംസ്‌കാരത്തിന്റെ നശീകരണത്തിന്റെ ലക്ഷ്യ ലക്ഷ്യവും മറ്റൊന്നല്ല”. 1935ല്‍ ബര്‍തോള്‍ഡ് ബ്രഹ്ത് എഴുതിയതാണ് ഈ വരികള്‍. ഫാസിസ്റ്റ് വാഴ്ചയ്‌ക്കെതിരെ എഴുതിയ 'കാടത്തത്തിനെതിരായ പോരാട്ടത്തെ കുറിച്ചുള്ള ഒരു സുപ്രധാന നിരീക്ഷണം' എന്ന പ്രബന്ധം ബ്രഹ്ത് എഴുതി തുടങ്ങുന്നത് ഈ വാചകത്തില്‍ നിന്നാണ്.
പെരുമാള്‍ മുരുഗനെന്ന എഴുത്തുകാരന്‍ മരണപ്പെട്ടു എന്ന് അദ്ദേഹം സ്വയം വിളിച്ചറിയിക്കുമ്പോള്‍ നടക്കുന്നത് സംസ്‌കാരത്തിന്റെ നശീകരണം തന്നെയാണ്. ഹിറ്റ്‌ലറുടെ കാലത്ത് സംഭവിച്ചതു തന്നെയാണ് മോഡിയുടെ കാലത്തും നടക്കുന്നത് എന്ന് ചുരുക്കം. ഫാസിസം പ്രയോഗിക്കുന്നവരുടെ പേരുകള്‍ മാറി വരുന്നു എന്നേയുള്ളു. ഫാസിസ്റ്റുകളുടെ ആക്രമണശൈലി അന്നും ഇന്നും ഒരേപോലെ തന്നെയാണ്.
“പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു. ദൈവമല്ലാത്തതിനാല്‍ പുനര്‍ജന്മം ഉണ്ടാകില്ല. വിശ്വാസിയല്ലാത്തതിനാല്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നുമില്ല. സാദാ സ്‌കൂള്‍ ടീച്ചര്‍ പി മുരുഗനായി ജീവിക്കും. ജീവിക്കാന്‍ അനുവദിക്കുക”. മുരുഗന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികളിതാണ്. പെരുമാളില്‍ നിന്ന് പി യിലേക്ക് ചുരുങ്ങുമ്പോള്‍ 2000 വര്‍ഷത്തോളം പാരമ്പര്യമുള്ള അപൂര്‍വ്വ പൗരാണികഭാഷയെന്നവകാശപ്പെടുന്ന തമിഴിന്റെ മധുരമല്ല കയ്ക്കുന്നത്. ഫാസിസത്തിന്റെ കറുത്ത ഗുഹയില്‍ നിന്നാണ് ഇനി നീ എഴുതരുത് എന്ന തിട്ടൂരം ഉണ്ടാവുന്നത്.
മഥോരുഭാഗന്‍ പെരുമാള്‍ മുരുഗന്റെ അഞ്ചാമത്തെ നോവലാണ്. 2010ലാണ് അദ്ദേഹം അത് പ്രസിദ്ധീകരിച്ചത്. മഥോരുഭാഗന്‍ എന്നാല്‍ അര്‍ധനാരീശ്വരന്‍ എന്നാണ് അര്‍ത്ഥം. തിരുച്ചങ്കോട് അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ 100 വര്‍ഷം മുമ്പ് നടന്ന ഒരു വാര്‍ഷിക ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണു നോവല്‍ എഴുതിയിട്ടുള്ളത്. കുടുംബാംഗങ്ങളുടെയും മറ്റും അനുമതിയോടെ നിലനിന്നിരുന്ന ലൈംഗിക ബന്ധങ്ങളുടെ വിവരണം ക്ഷേത്രത്തെയും ശിവനേയും ശിവ ഭക്തകളെയും അപമാനിക്കുന്നതായി തമിഴ്‌സാഹിത്യം രുചിച്ചവര്‍ക്ക് തോന്നിയില്ല. തമിഴകം ഒരു സാഹിത്യസൃഷ്ടിയായി മാത്രമാണ് ആ നോവലിനെ വായിച്ചത്. ആസ്വദിച്ചത്. നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴാണ് മതത്തിന്റെ മദംപൊട്ടിച്ചത്. നോവലിന്റെ, വണ്‍ പാര്‍ട്ട് വുമണ്‍ എന്ന പേരിലുള്ള ഇംഗ്ലീഷ് തര്‍ജ്ജമ ആര്‍ എസ് എസ് നേതൃത്വം വായിച്ചു. ഫാസിസത്തിന്റെ മസ്തിഷ്‌കത്തില്‍ സാഹിത്യത്തിനെന്ത് സ്ഥാനം! തമിഴ്‌നാട്ടിലേക്ക് ഫാസിസ്റ്റ് രാഷ്ട്രീയക്കാര്‍ കാടത്തത്തിനായി ആഹ്വാനം ചെയ്തു. പെരുമാള്‍ മുരുഗന്റെ പുസ്തകങ്ങളെ ആര്‍ എസ് എസുകാര്‍ അഗ്നിക്കിരയാക്കി. പോരാഞ്ഞ് വഴിതടയല്‍ പോലുള്ള സമരമുറകളും ആരംഭിച്ചു. സംസ്‌കാരം പരുക്കന്‍ കല്ലുകളായി എറിയപ്പെട്ടു. അതുകൊണ്ടിടങ്ങളില്‍ പോറലുകളുണ്ടായി. അവസാനം പിറന്ന നാട്ടില്‍ നിന്ന് പെരുമാള്‍ മുരുഗന്‍ പാലായനം ചെയ്തു. എഴുതാനിരിക്കുന്ന ഏതോ കഥാപാത്രത്തെ പോലെ.
ഞാനിതാ മരിച്ചു എന്നുപറഞ്ഞ് പെരുമാള്‍ മുരുഗന്‍ തന്റെ പേനയുടെ മുനകുത്തിയൊടിച്ചപ്പോള്‍, അകനാനൂറും പുറനാനൂറും ചിലപ്പതികാരവും മണിമേഖലയും പതിറ്റുപത്തും തിറുക്കുറലുമൊക്കെ ലജ്ജിച്ചു പോയ്ക്കാണും. തിരുവള്ളുവരെയും സുബ്രഹ്മണ്യഭാരതിയെയും ഭാരതീദാസനെയും കുറിച്ചൊക്കെ നാക്കെടുത്താല്‍ വീമ്പടിക്കുന്ന കരുണാനിധിയുടെ ഡി എം കെയോ, എ ഐ ഡി എം കെയെയോ ഒരക്ഷരം മിണ്ടിയില്ല. ഫാസിസം തമിഴകത്ത് കറുപ്പ് പടര്‍ത്തുമ്പോള്‍, ഒരു മിന്നാമിന്ന് പോലുമാവാന്‍ അവര്‍ക്കായില്ല. ആര്‍ എസ് എസിന്റെ മുന്നില്‍, അവരുടെ ഫാസിസ്റ്റ് ആജ്ഞകളുടെ മുന്നില്‍ ഒരു സാഹിത്യ പ്രസ്ഥാനവും ചിലമ്പൂരിയെറിഞ്ഞില്ല. ചില സാംസ്‌കാരിക സംഘടനകളും സിപിഐ എം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും മാത്രമാണ് ശക്തമായ പ്രതികരണവുമായി മുന്നോട്ടുവന്നത്.
ആര്‍ എസ് എസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു സമാധാന യോഗം നാമക്കലില്‍ സംഘടിപ്പിച്ചിരുന്നു. അവിടെവെച്ച് ചിലര്‍ നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങളാണ് എഴുത്ത് മതിയാക്കുക എന്ന തീരുമാനത്തിലേക്കെത്താന്‍ പെരുമാള്‍ മുരുഗനെ നിര്‍ബന്ധിതനാക്കിയത്. സ്ഥലവുമായി ബന്ധപ്പെട്ടും മറ്റും നിലനില്‍ക്കുന്ന ആക്ഷേപങ്ങള്‍ നോവലില്‍നിന്ന് പിന്‍വലിക്കാമെന്ന് പറഞ്ഞിട്ടും ഹിന്ദുമുന്നണി അടക്കമുളള സംഘടനകള്‍ അധിക്ഷേപവും വിമര്‍ശനവും തുടരുകയായിരുന്നു. വര്‍ഗീയവാദികളുടെ കൂടെ ചില വിദ്യാഭ്യാസ കച്ചവടക്കാരും ഈ വിവാദം വളര്‍ത്തുന്നതിന് പിന്നിലുണ്ടായിരുന്നു എന്ന് തെളിയുകയാണ്. തൃച്ചങ്കോട്, നാമക്കല്‍ ഭാഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പെരുമാള്‍ മുരുഗനെടുത്ത നിലപാടുകളാണ് അതിന് കാരണമായത്. ജാതി-മത ജാതി സംഘടനകളാണ് ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെയും നടത്തുന്നത്. ഇവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തന രീതികള്‍ അശാസ്ത്രീയമായിരുന്നു. ഇതിന് പുറമെ പെരുമാള്‍ മുരുഗന്റെ അവസാന നോവല്‍ 'പൂക്കുളി' സമര്‍പ്പിച്ചിരിക്കുന്നത് ജാതിവിദ്വേഷം മൂലം കൊല്ലപ്പെട്ട ധര്‍മപുരി ഇളവരശന്റെ പേരിലാണ്. ഇതും ആര്‍ എസ് എസ് നിയന്ത്രിത ഹിന്ദുസംഘടനകളുടെ എതിര്‍പ്പിനിടായാക്കി.
ഞാന്‍ മരിച്ചുപോയി എന്ന പെരുമാള്‍ മുരുഗന്റെ രോദനം തോറ്റോടുന്ന കപ്പിത്താന്റേതല്ല, തന്റെ നാട്ടിലെ ജീവിതങ്ങള്‍ പരസ്പരം കുത്തിക്കീറി മരിക്കരുത് എന്നാഗ്രഹിച്ച മനുഷ്യസ്‌നേഹിയുടേതാണ്. താന്‍ ഇല്ലാതായാല്‍ നിങ്ങളുടെ കൊലവെറി അവസാനിക്കുമെങ്കില്‍ അങ്ങനെയാവട്ടെ എന്ന് കരുതിയാവണം ഫാസിസ്റ്റുകളുടെ മുഖത്ത് നോക്കി ഞാനിതാ മരിച്ചു എന്ന് പെരുമാള്‍ മുരുഗന്‍ പറഞ്ഞിട്ടുണ്ടാവുക. പ്രസാധകരായ കാലചുവട്, നാട്രിനയ്, അടയാളം, മാലൈഗള്‍, കായല്‍കവിന്‍ എന്നിവരോട് തന്റെ ചെറുകഥാസമാഹാരങ്ങളോ നോവലുകളോ കവിതകളോ മറ്റു പുസ്തകങ്ങളോ വില്‍ക്കരുതെന്നും പെരുമാള്‍ മുരുഗന്‍ ആവശ്യപ്പെട്ടു. പ്രസിദ്ധീകരിക്കാന്‍ ചെലവായ തുകയും വിറ്റുപോകാത്ത പുസ്തകങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. സാഹിത്യോത്സവങ്ങള്‍ക്കോ പൊതുപരിപാടികള്‍ക്കോ എഴുത്തുകാരനെന്ന നിലയില്‍ ആരും ക്ഷണിക്കരുത്. താന്‍ എഴുത്ത് മതിയാക്കിയ സാഹചര്യത്തില്‍ മത, ജാതിസംഘടനകള്‍ ദയവുചെയ്ത് പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുരുഗന്‍ ആവശ്യപ്പെട്ടു. ഒരു സാഹിത്യകാരനെന്ന നിലയില്‍ താന്‍ ഇല്ലാതായാലെങ്കിലും സംഘര്‍ഷം അവസാനിക്കുമല്ലൊ എന്ന് ചിന്തിക്കാന്‍ പെരുമാള്‍ മുരുഗനെ നിര്‍ബന്ധിതനാക്കിയത്, തമിഴകം അദ്ദേഹത്തിന്റെ കൂടെ ഇല്ലാതിരുന്നത് കൊണ്ടാണ്. തമിഴന്റെ ഉശിരിന് മുന്നില്‍ മടക്കാത്ത മുട്ടൊന്നും ഫാസിസത്തിനില്ല. പക്ഷെ, കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി എന്ന ഫാസിസ്റ്റ് രാഷ്ട്രീയക്കാരനെ ദ്രാവിഡ രാഷ്ട്രീയക്കാര്‍ ഭയക്കുന്നു. മോഡിക്ക് മുന്നില്‍ വിധേയത്വം കാണിക്കുവാന്‍ എളുപ്പം ചവിട്ടിതള്ളാവുന്ന ഒന്ന് മാത്രമായി അവരുടെ മുന്നില്‍ പെരുമാള്‍ മുരുഗന്‍ ചെറുതാവുന്നു. തമിഴ് സാഹിത്യം ചെറുതാവുന്നു.
നാസി ഭീകരതയുടെ പഴയമണം തന്നെയാണ് നരേന്ദ്രമോഡി പ്രതിനിധീകരിക്കുന്ന ആര്‍ എസ് എസിനുള്ളത്. അവര്‍ സംഘപരിവാരത്തിലുള്ള ബി ജെ പിയിലൂടെ അധികാരത്തിലെത്തിയ വേളയിലാണ് തമിഴകത്ത് ഒരു സാഹിത്യകാരന്‍ ഞാന്‍ മരിച്ചു എന്ന് വിളിച്ചറിയിക്കുന്നത്. മോഡിയും കൂട്ടാളികളും ആ വിളമ്പരത്തില്‍ സന്തുഷ്ടരാണ്. ഇനിയും അനേകം മരണങ്ങള്‍ ഈ രാജ്യത്തുണ്ടാവാം. ഗുജറാത്തില്‍ നടന്ന ന്യൂനപക്ഷ വംശഹത്യപോലെ, സംസ്‌കാരങ്ങളുടെ വംശഹത്യയാണ് നാമിനി പ്രതീക്ഷിക്കേണ്ടത്. അപ്പോഴും നിശബ്ദതയാണ്. രാജ്യത്തെ സാഹിത്യകാരന്‍മാരും സാംസ്‌കാരിക നായകന്‍മാരും പെരുമാള്‍ മുരുഗനെന്ന സാഹിത്യകാരന്റെ പതിനാറടിയന്തിരത്തിന്റെ ചോറുവീഴ്ത്തിനായി കൊതിയോടെ കാത്തിരിക്കുകയാവും അതാണീ കുറ്റകരമായ നിശബ്ദത.
തങ്ങളുടെ സംസ്‌കാരത്തെ ചോരയിലും ചെളിയിലും മുക്കി ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ബ്രഹ്ത് എഴുതുന്നു : “സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു; ഞങ്ങളുടെ സുഹൃത്തുക്കള്‍ കൊല്ലപ്പെടുകയാണെന്ന്. ഞങ്ങളാദ്യം അത് വിളിച്ചുപറഞ്ഞപ്പോള്‍ ഭീതിതമായ നിലവിളികളുയരുകയും ഒട്ടേറെപ്പേര്‍ ഞങ്ങളുടെ സഹായത്തിനെത്തുകയും ചെയ്തു. ഒരു നൂറുപേര്‍ കൊലചെയ്യപ്പെട്ടപ്പോഴായിരുന്നു അത്. പക്ഷെ, ആയിരം പേര്‍ കൊലചെയ്യപ്പെടുകയും കൊലയ്‌ക്കൊരു ശമനമില്ലാതാവുകയും ചെയ്തപ്പോള്‍ നിശബ്ദത വ്യാപിച്ചു; അപ്പോള്‍ കുറച്ചുപേര്‍ മാത്രമേ സഹായത്തിനെത്തിയുള്ളു. അതാണതിന്റെ രീതി. കുറ്റകൃത്യങ്ങള്‍ കുന്നുകൂടുമ്പോള്‍, രോഷം അദൃശ്യമാകുന്നു. സഹനം അസഹ്യമായി തീരുമ്പോള്‍, നിലവിളികള്‍ ഒരിക്കലും കേള്‍ക്കാതാവുന്നു; ഒരു മനുഷ്യജീവി തല്ലിച്ചതയ്ക്കപ്പെടുമ്പോള്‍, അതുകാണുന്നവന് തലകറങ്ങുന്നു. അത് സ്വാഭാവികമാണ്. പാതകങ്ങള്‍ ആകാശത്തുനിന്നും മഴപോലെ പെയ്തിറങ്ങുമ്പോള്‍, ഒരാളും ഒരിക്കലും വിളിച്ചുപറയുന്നില്ല “നിര്‍ത്തൂ” എന്ന്.
16-Jan-2015
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്
പ്രീജിത്ത് രാജ്